ഗ്യാസ് സിലിണ്ടറിലേക്ക് തീ പടര്‍ന്നു; വീട്ടമ്മയും പിഞ്ചുകുഞ്ഞും അത്ഭുതകരമായി രക്ഷപെട്ടു
കോതമംഗലം: പിണ്ടിമനയില്‍ ഗ്യാസ് സിലിണ്ടര്‍ മാറ്റുന്നതിനിടെ തീ പടര്‍ന്നു വീടിന്റെ മേല്‍ക്കൂര ഭാഗീകമായി കത്തിനശിച്ചു. വീട്ടമ്മയും പിഞ്ചു കുഞ്ഞും അത്ഭുതകരമായി രക്ഷപെട്ടു. പിണ്ടിമന വൃന്ദഭവനില്‍ ശാന്താ രാധാകൃഷ്ണന്റെ വീട്ടിലായിരുന്നു ഏറെ നേരം നാട്ടുകാരെ ഭീതിയുടെ മുള്‍മുനയിലെത്തിച്ച സംഭവം. ഇന്നലെ രാവിലെ പാചകവാതക സിലിണ്ടര്‍ മാറ്റി സ്ഥാപിയ്ക്കുന്നതിനിടെ നിറ സിലിണ്ടറില്‍ തീ പടരുകയായിരുന്നുവെന്നാണ് വീട്ടമ്മ നല്‍കുന്ന വിവരം.
തീര്‍പടര്‍ന്നതോടെ സമീപത്തു നിന്നിരുന്ന മൂന്ന് വയസുകാരനായ മകന്റെ മകനേയും എടുത്ത് ശാന്ത പുറത്തേയ്ക്ക് ഓടുകയായിരുന്നു. ഇവര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ ഉടന്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങുകയും ഫയര്‍ഫോഴ്‌സനെ അറിയിക്കുകയും ചെയ്തു.
സംഭവ സമയത്ത് ശാന്തയും മൂന്ന് വയസുകാരന്‍ പേരക്കിടാവും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ശാന്തയ്ക്ക് സാരമായി പൊള്ളലേറ്റിട്ടുണ്ട്. കുട്ടിക്ക് പരുക്കില്ല. നാട്ടുകാരുടെ അവസരോചിതമായ ഇടപെടല്‍ തീ ആളിപ്പടരാതിരിക്കാന്‍ കാരണമായി. തുണി നനച്ച് തീ പടര്‍ന്ന സിലിണ്ടറിന്റെ മുകളില്‍ ഇടുകയും വെള്ളം ഒഴിച്ചു കൊണ്ടിരിക്കുകയും ചെയ്ത് തീ ആളിപ്പടരാതിരിക്കാന്‍ സഹായിച്ചു. കോതമംഗലത്തു നിന്നും ഫയര്‍ഫോഴ്‌സ് എത്തിയപ്പോഴേയ്ക്കും വീടിന്റെ മേല്‍ക്കൂരയിലേക്കും തീ പടര്‍ന്നിരുന്നു. അര മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് ഫയര്‍ഫോഴ്‌സ് സംഘം തീയണച്ചത്. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫിസര്‍ ബിനു സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ ലീഡിംഗ് ഫയര്‍മാന്‍മാരായ ടി.വി രാജന്‍, എം. അനില്‍കുമാര്‍ ഫയര്‍മാന്‍മാരായ സി.എം നൗഷാദ്, ജോയിസ് ജോയി, ഡി. ബിബിന്‍, നിഷാദ് അനില്‍കുമാര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
കഴിഞ്ഞ ദിവസം പൂയംകൂട്ടിയില്‍ സമാനമായി ഗ്യാസ് സിലണ്ടറിന് തീപിടിച്ചത് പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. കുട്ടമ്പുഴ മണികണ്ഠന്‍ചാല്‍ വടക്കേക്കുടി ജോ ജോയുടെ അടുക്കളയില്‍ പാചകം ചെയ്ത് കൊണ്ടിരുന്ന ഗ്യാസ് സിലിണ്ടറിനാണ് തീപിടിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."