അവസാന വെള്ളിയാഴ്ച പള്ളികള്‍ ജനസാഗരമായി
ആലപ്പുഴ: സുകൃതത്തിന്റെയും സഹനത്തിന്റെയും സന്ദേശങ്ങള്‍ പകര്‍ന്നു നല്‍കിയ വിശുദ്ധ റമദാനിന്റെ അവസാന വെള്ളിയാഴ്ചയായ ഇന്നലെ പള്ളികളില്‍ ഇമാമുമാര്‍ വിട ചൊല്ലി.അസ്സലാമു അലൈക്ക യാ ശഹ്‌റ റമസാന്‍ എന്നു തുടങ്ങുന്ന വിടചൊല്ലലിന്റെ വാക്കുകള്‍ ഖത്തീബുമാര്‍ പറഞ്ഞതോടെ പള്ളികള്‍ വികാര നിര്‍ഭരമായ രംഗങ്ങള്‍ക്ക് വേദിയായി.
വ്രതമാസത്തിന്റെ വേര്‍പിരിയലില്‍ ദുഖം അണപൊട്ടുന്ന വാക്കുകളോടെയാണ് ഇമാമുമാര്‍ റമദാനിന് വിട ചൊല്ലിയത്.ഇമാമുമാരുടെ കണ്ഠമിടറിയതോടെ വിശ്വാസികളുടെയും കണ്ണുകള്‍ സജലമായി.ഇരുപത്തിയേഴാം രാവിന്റെ പുണ്യം കൂടി കണക്കിലെടുത്ത് വളരെ നേരത്തെ തന്നെ വിശ്വാസികള്‍ അവസാന വെള്ളിയാഴ്ച പള്ളികളിലെത്തിച്ചേര്‍ന്നു.മിക്ക പള്ളികളിലും വിശ്വാസികളെ ഉള്‍ക്കൊള്ളാനാകാതെ പുറത്തും മറ്റും സൗകര്യമൊരുക്കുകയായിരുന്നു.
റമസാനിലൂടെ നേടിയെടുത്ത ആത്മവിശുദ്ധി വരും കാലങ്ങളില്‍ കാത്തു സൂക്ഷിക്കാനും ജീവിത വിശുദ്ധി നിലനിര്‍ത്താനും ഖത്തീബുമാര്‍ വിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു.
വ്രതാനുഷ്ഠാനത്തിലൂടെ സ്വായത്തമായ ക്ഷമയും സഹാനുഭൂതിയും ജീവിതത്തിലുടനീളം നിലനിര്‍ത്തണമെന്നും സഹജീവികളുടെ ദുഖങ്ങള്‍ക്ക് പരിഹാരം കാണുന്നതില്‍ പ്രാമുഖ്യം നല്‍കണമെന്നും ഇമാമുമാര്‍ ആഹ്വാനം ചെയ്തു.ആയിരം മാസത്തേക്കാള്‍ പുണ്യം നിറഞ്ഞ ലൈലത്തുല്‍ ഖദ്ര്‍ പ്രതീക്ഷയില്‍ ഇരുപത്തിയേഴാം രാവ് കൂടിയായിരുന്ന ഇന്നലെ പള്ളികളിലും വീടുകളിലും ഉറക്കമൊഴിവാക്കി വിശ്വാസികള്‍ പ്രാര്‍ഥനകളിലേര്‍പ്പെട്ടു.
പുരുഷന്മാര്‍ പള്ളികളില്‍ തന്നെ പുലര്‍ച്ചെ വരെ ആരാധനകളില്‍ കഴിഞ്ഞുകൂടിയപ്പോള്‍ സ്ത്രീകള്‍ ഭവനങ്ങളില്‍ ഉറക്കമൊഴിവാക്കി പ്രാര്‍ഥനകളിലേര്‍പ്പെട്ടു.തസ്ബീഹ് നിസ്‌കാരം, ദിക്ര്‍, സ്വലാത്ത്, തസ്ബീഹ്, ബുര്‍ദ മജ്‌ലിസ്, ഖുര്‍ആന്‍ പാരായണം, ഇസ്തിഗ്ഫാര്‍, തൗബ, ഖബര്‍ സിയാറത്ത് തുടങ്ങി വിവിധങ്ങളായ ആരാധനകളും പ്രാര്‍ഥനകളുമായി വിശ്വാസികള്‍ നേരം പുലരുവോളം പള്ളികളില്‍ കഴിഞ്ഞുകൂടി.ഇന്നത്തെ നോമ്പ് ഉറപ്പിക്കുന്നതിനുള്ള ഇടയത്താഴം കഴിച്ച് സുബ്ഹി നിസ്‌കാരവും നിര്‍വഹിച്ച ശേഷം മാത്രമാണ് വിശ്വാസികള്‍ വീടുകളിലേക്ക് മടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."