മാവോവാദികള്‍ക്കായി വനമേഖലയില്‍ തിരച്ചില്‍
കോടഞ്ചേരി: തുടരെത്തുടരെ മാവോയിസ്റ്റ് സാന്നിധ്യമുണ്ടായ വനമേഖലകളില്‍ തിരച്ചില്‍ നടത്തി. കോടഞ്ചേരി എസ്.ഐ കെ.ടി ശ്രീനിവാസന്റെ നേതൃത്വത്തില്‍ 15 അംഗ തണ്ടര്‍ബോള്‍ട്ടും പൊലിസും സംയുക്തമായാണ് കാട്ടില്‍ അന്വേഷണം നടത്തിയത്.
ജീരകപ്പാറ, നീലിമല, 160 ഏക്കര്‍, 78, കൂരോട്ടുപാറ എന്നിവിടങ്ങളില്‍ മൂന്നുമണിക്കൂര്‍ തിരച്ചില്‍ നീണ്ടു. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ജീരകപ്പാറയിലെ മണ്ഡപത്തില്‍ ജോസിന്റെ വീട്ടില്‍ മാത്രം രണ്ടു തവണയാണ് മാവോവാദികള്‍ വന്നത്. ഇതോടെ ഭീതിയിലാണ്ട ജോസും കുടുംബവും അവിടെനിന്ന് താമസംമാറ്റി. ഞയറാഴ്ച വൈകിട്ട് എത്തിയ മൂന്നംഗ സംഘത്തിലെ മൊയ്തീന് വളര്‍ത്തുനായയുടെ കടിയേറ്റിരുന്നു. ക്ഷുഭിതനായ മൊയ്തീന്‍ ജോസിന്റെ മകന്‍ റോബിന് നേരെ തോക്കുചൂണ്ടി. വീട്ടുകാര്‍ ബഹളം വച്ചതോടെ അയല്‍വാസികള്‍ ഓടിക്കൂടി. മാവോവാദി സംഘം ഉടന്‍ കാട്ടില്‍ മറഞ്ഞു. രാത്രി വീണ്ടും വരുമോ എന്ന ഭീതിയെത്തുടര്‍ന്നാണ് ജോസും കുടുംബവും താമസം മാറ്റിയത്.
ചൊവ്വാഴ്ച എം.ഐ ഷാനവാസ് എം.പി ജീരകപ്പാറ സന്ദര്‍ശിച്ചിരുന്നു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കുകയും ചെയ്തിരുന്നു.
ഇതിന്റ ഞെട്ടലില്‍ മലയോരം കഴിയുമ്പോഴാണ് തൊട്ടടുത്ത തിരുവമ്പാടി പഞ്ചായത്തിലെ മുത്തപ്പന്‍പുഴ അംബേദ്കര്‍ കോളനിയിലും മാവോയിസ്റ്റുകള്‍ എത്തിയതായി വാര്‍ത്ത പരന്നത്. മാവോയിസ്റ്റുകളെന്ന് സംശയിക്കുന്ന രണ്ടുപേര്‍ മുത്തപ്പന്‍പുഴ അംബേദ്കര്‍ കോളനിയില്‍ എത്തിയതായി പറയപ്പെടുന്നു. ലുങ്കിയും ഷര്‍ട്ടും ധരിച്ച തമിഴ് ഭാഷ സംസാരിക്കുന്ന രണ്ടുപേര്‍ രാത്രി ഏഴോടെ കോളനിയിലെ ഒരു വീട്ടില്‍ എത്തിയത്രെ.
കോളനിയിലെ ഒരംഗം മുത്തപ്പന്‍ പുഴയിലെ ഒരു കടയില്‍നിന്ന് ഇവര്‍ക്ക് 2200 രൂപയുടെ സാധനങ്ങള്‍ വാങ്ങി നല്‍കി. സാധാരണ വേഷത്തില്‍ ആയുധങ്ങളോ മറ്റൊന്നും ഇല്ലാതെ എത്തിയ ഇവര്‍ രാത്രി ഒന്‍പതിന് പുഴ കടന്ന് വനത്തിന്റെ ഭാഗത്തേക്കാണ് പോയത്. തിരുവമ്പാടി പൊലിസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."