ശോഭ ടീച്ചറുടെ വ്രതശുദ്ധിക്ക് രണ്ടുപതിറ്റാണ്ട്
പട്ടിക്കാട്: സഹപ്രവര്‍ത്തകരും അയല്‍വാസികളും പകലന്തിയോളം അന്നപാനീയം ഉപേക്ഷിച്ച് നോമ്പനുഷ്ഠിക്കുമ്പോള്‍ താന്‍ മാത്രമെന്തിന് മാറി നില്‍ക്കണം. ചോദിക്കുന്നത് പെരിന്തല്‍മണ്ണ ഓസ്ലോവ കോപ്പറേറ്റീവ് കോളജിലെ പ്രധാനാധ്യാപിക കെ.ശോഭന എന്ന ശോഭ ടീച്ചര്‍.
21 വര്‍ഷമായി റമദാനില്‍ ഇവര്‍ നോമ്പനുഷ്ഠിക്കുന്നുണ്ട്. ക്രൈസ്തവര്‍ക്കൊപ്പം സെപ്റ്റംബറിലെ എട്ട് നോമ്പ് കൂടി എടുക്കുന്നതോടെ സഹമതാചാരങ്ങളോടുള്ള ബഹുമാനത്തിന്റെ നല്ലപാഠം പകരുകയാണ് ടീച്ചര്‍. 1995 മുതലാണ് നോമ്പെടുക്കാന്‍ തുടങ്ങിയത്. മങ്കട സ്വദേശിനിയായ ഇവര്‍ ഇപ്പോള്‍ താമസിക്കുന്നത് ഒലിങ്കരയിലാണ്.
അയല്‍വാസികളില്‍ കൂടുതലും മുസ്‌ലിംകളാണ്. അവര്‍ റമദാനില്‍ നോമ്പെടുക്കുന്നത് കണ്ടിട്ട് തനിക്കും നോമ്പെടുക്കണമെന്ന് ടീച്ചര്‍ ആഗ്രഹം പ്രകടിപ്പിച്ചു. ഇപ്പോള്‍ ജീവിതത്തിന്റെ ഭാഗമായി മാറ്റിയിരിക്കുകയാണ് റമദാനിലെ നോമ്പ്. യോഗയും ധ്യാനവും ടീച്ചറുടെ പതിവില്‍പെട്ടതാണ്. ഒരുമാസം ഉപവാസം കൂടിയാകുമ്പോള്‍ മാനസികവും ശാരീരികവുമായ ശുദ്ധത കൂടി ആര്‍ജിക്കാനും കഴിയുന്നു. 50പിന്നിട്ട ടീച്ചര്‍ തനിക്ക് നോമ്പെടുക്കാന്‍ കഴിയുന്നത്രയും കാലം നോമ്പ് പിടിക്കുമെന്നും പറയുന്നു.
നോമ്പെടുക്കുന്നതിന് ടീച്ചറുടെ കുടുംബത്തിലുള്ളവര്‍ പൂര്‍ണ പിന്തുണയാണ് നല്‍കുന്നത്. എല്ലാ ദിവസവും രാവിലെ നാലിന് എഴുന്നേറ്റ് ഇടയത്താഴം കഴിച്ചു കൊണ്ടാണ് നോമ്പെടുക്കല്‍ ആരംഭിക്കുന്നത്. അത്താഴത്തിന് ഓട്ട്‌സ് ആണ് ഭക്ഷണം. സന്ധ്യയാകുമ്പോള്‍ ഒരു ക്ലാസ് ചായയോടെ നോമ്പ് തുറക്കും. ശേഷം രാമായണ പാരായണം. എട്ട് മണിയോടെ അല്‍പം കഞ്ഞി. ഇതാണ് ടീച്ചറുടെ നോമ്പ് കാലത്തെ പതിവ്. റമദാനിനിടെ ഓണമടക്കമുള്ള ഉല്‍സവങ്ങള്‍ വന്നപ്പോഴല്ലാതെ നോമ്പ് മുടങ്ങിയിട്ടില്ല.
1986ല്‍ പെരിന്തല്‍മണ്ണയില്‍ കോപ്പറേറ്റീവ് കോളേജ് പ്രവര്‍ത്തനം ആരംഭിച്ചതു മുതല്‍ഇവിടത്തെ കൊമേഴ്‌സ് അധ്യാപികയാണ് ശോഭ ടീച്ചര്‍. പ്രധാനാധ്യാപികയായിട്ട് രണ്ടു വര്‍ഷമേ ആയിട്ടുള്ളൂ. കണ്ണൂര്‍ പാനൂരിലെ എല്‍.ഐ.സി ബ്രാഞ്ച് മാനേജറായ യദുകുമാരനാണ് ഭര്‍ത്താവ്. ഏകമകന്‍ യദീന്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലെ എം.ബി.ബി.എസ് വിദ്യാര്‍ഥിയാണ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."