തൂത്തുക്കുടി വെടിവയ്പ്: ഹൈക്കോടതി വിശദീകരണം തേടി
തൂത്തുക്കുടി: തൂത്തുക്കുടി വെടിവയ്പുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതി തമിഴ്‌നാട് സര്‍ക്കാരില്‍നിന്ന് വിശദീകരണം തേടി. സ്റ്റെര്‍ലെറ്റ് പ്ലാന്റിനെതിരേ പ്രതിഷേധം നടത്തിയവര്‍ക്ക് നേരെ പൊലിസ് വെടി വച്ചത് ഏത് സാഹചര്യത്തിലാണെന്ന് വ്യക്തമാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ജൂണ്‍ ആറിനു മുന്‍പ് വിശദീകരണം നല്‍കണം. മൂന്നുമാസം മുന്‍പാണ് വേദാന്ത ഗ്രൂപ്പിന്റെ സ്റ്റെര്‍ലെറ്റ് പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ആരംഭിക്കുന്നത്. അന്തരീക്ഷ മലിനീകരണം, ജല മലിനീകരണം എന്നിവ തടയാന്‍ പ്ലാന്റ് അടച്ചുപൂട്ടണമന്നാവശ്യപ്പെട്ടായിരുന്നു പരിസ്ഥിതിവാദികളുള്‍പ്പെടെ നേതൃത്വം നല്‍കിയ പ്രക്ഷോഭം. ഇതുമായി ബന്ധപ്പെട്ട് മെയ് 22നുണ്ടായ വെടിവയ്പില്‍ 13 പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
പ്ലാന്റിലേക്ക് സമരക്കാര്‍ നടത്തിയ ലോങ് മാര്‍ച്ച് പൊലിസ് തടഞ്ഞതോടെ സംഘര്‍ഷമുണ്ടാകുകയായിരുന്നു. സമരക്കാര്‍ പൊലിസിനു നേരെ തിരിഞ്ഞപ്പോഴാണ് വെടിവയ്‌ക്കേണ്ടി വന്നതെന്ന് പൊലിസ് വിശദീകരണം നടത്തിയിരുന്നെങ്കിലും പൊലിസ് ആളുകളെ തിരഞ്ഞുപിടിച്ച് വെടിവയ്ക്കുന്നതിന്റെ വീഡിയോകളും ഫോട്ടോകളും പിന്നീട് പുറത്തുവന്നിരുന്നു. പൊലിസ് നടത്തിയ വെടിവയ്പില്‍ 10 പേര്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു. പ്രതിഷേധങ്ങള്‍ ശക്തമാകുകയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരികയും ചെയ്തതോടെ പ്ലാന്റ് അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു. പൊലിസ് വെടിവയ്പിനെക്കുറിച്ച് അന്വേഷിക്കാന്‍ നാലംഗ സമിതിയെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ സംസ്ഥാന പൊലിസ് മേധാവിക്ക് നോട്ടിസയച്ചിരുന്നു. ക്രൈം ബ്രാഞ്ച്- ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."