ലഹരിവസ്തു വില്‍പന: ജില്ലയില്‍ പരക്കെ റെയ്ഡ്
കാസര്‍കോട്: വേനലവധി കഴിഞ്ഞ് സ്‌കൂളുകള്‍ തുറന്നതോടെ ജില്ലയില്‍ ലഹരിവസ്തുക്കള്‍ കണ്ടെത്താനുള്ള പരിശോധന കര്‍ശനമാക്കി. സ്‌കൂള്‍ പരിസരങ്ങളിലെ കടകളിലാണ് ഇന്നലെ പൊലിസ് പരിശോധന നടത്തിയത്. കടകളില്‍ പാന്‍ ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കളും മറ്റും വ്യാപകമായി വില്‍പനക്ക് വെക്കുന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് പൊലിസ് ഇന്നലെ വിദ്യാലയ പരിസരങ്ങളിലെ കടകളില്‍ ഉള്‍പ്പെടെ വ്യാപകമായ പരിശാധന നടത്തിയത്. ഇതു സംബന്ധമായി 'സുപ്രഭാതം' ഇന്നലെ വാര്‍ത്ത നല്‍കിയിരുന്നു.
ഇന്നും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടക്കും. ജില്ലാ പൊലിസ് മേധാവി ഡോ. എ. ശ്രീനിവാസന്റെ നിര്‍ദേശത്തെ തുടര്‍ന്ന് കാസര്‍കോട് നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തി. അരലക്ഷം രൂപയുടെ പാന്‍ ഉല്‍പന്നങ്ങള്‍ കണ്ടെത്തി. നാലുപേരെ അറസ്റ്റ് ചെയ്തു. കസബയിലെ ഗോപാലകൃഷ്ണ(47), പെര്‍ളടുക്കയിലെ സുരേഷ് (40), ബീരന്ത്‌വയല്‍ സുനാമി കോളനിയിലെ രമാനന്ദ ചൗധരി (27), മധൂരിലെ മുഹമ്മദ് കുഞ്ഞി (59) എന്നിവരാണ് അറസ്റ്റിലായത്.
അതേ സമയം പാന്‍ ഉല്‍പന്നങ്ങള്‍ക്കു പുറമെ വിദ്യാര്‍ഥികളെ ലക്ഷ്യം വച്ച് വ്യാപകമായി കഞ്ചാവ് ഇറക്കിയതായും സൂചനയുണ്ട്. കുറച്ചു ദിവസങ്ങള്‍ക്കിടെ സ്‌കൂള്‍ വിദ്യാര്‍ഥികളെ ലക്ഷ്യം വച്ച് കടത്തുകയായിരുന്ന കഞ്ചാവ് പിടിച്ചെടുത്തിരുന്നു. ഇതിനു പുറമെ മംഗളൂരുവില്‍ നിന്നു ചെന്നൈയിലേക്കു പോവുകയായിരുന്ന ചെന്നൈ മെയിലില്‍ നിന്നു രണ്ടു കിലോ കഞ്ചാവും പാന്‍ ഉല്‍പന്നങ്ങളും കഴിഞ്ഞ ദിവസം അധികൃതര്‍ കണ്ടെടുത്തിരുന്നു. മംഗളൂരുവില്‍ നിന്നു പുറപ്പെട്ട ട്രെയിനില്‍ പരിശോധന നടത്തുന്നതിനിടയിലാണ് ബാഗിനകത്തുവച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."