പേരക്കയുണ്ട് തിന്നാന്‍; അരുവിയുണ്ട് ദാഹമകറ്റാന്‍: അതു തീര്‍ന്നാല്‍ മരണം
കെ. മുഹമ്മദ് റാഫി
നെടുമങ്ങാട്: ആകെയുള്ള കെ.എസ്.ആര്.ടി.സി ബസ് യാത്ര അവസാനിപ്പിച്ചു. ഈ ബസ് ഇവിടുത്തുകാര്‍ യാത്രയ്ക്കു മാത്രമായിരുന്നില്ല ഉപയോഗിച്ചിരുന്നത്. നാട്ടിലേക്ക് ആവശ്യ സാധനങ്ങളും മറ്റു ചരക്കുകളും ഈ ബസിലായിരുന്നു കൊണ്ടുപോയിരുന്നത്. തിരുവനന്തപുരം ജില്ലയില്‍ ഭരണ സിരാകേന്ദ്രത്തിനു കുറച്ചകലെ വര്‍ഷങ്ങള്‍ മുന്‍പ് തൊഴിലില്ലാതെ പട്ടിണി മരണം നടന്ന ബോണക്കാട് എസ്റ്റേറ്റിലാണ് വീണ്ടും പട്ടിണി ഭീതി നിഴലിക്കുന്നത്.
ലോക്ക് ഡൗണിനെ തുടര്‍ന്ന് ബസ് യാത്ര അവസാനിപ്പിക്കുകയും തങ്ങളുടെ കൈയിലുള്ള ഭക്ഷണ സാധനങ്ങള്‍ തീരുകയും ചെയ്തതോടെ വീണ്ടും ഒരു പട്ടിണി ഭീതിയിലാണ് ഇവിടുത്തെ തൊഴിലാളി ലയങ്ങള്‍. വിതുര ഗ്രാമ പഞ്ചായത്തില്‍ കാട്ടാന അടക്കമുള്ള മൃഗങ്ങളുള്ള ഉള്‍ക്കാട് താണ്ടി വേണം ബോണക്കാട് എത്തുവാന്‍. ഇരുന്നൂറോളം തൊഴിലാളികളാണ് ഇവിടുള്ളത്. ലോക്ക് ഡൗണ്‍ അവരറിഞ്ഞത് സ്ഥിരം വരാറുള്ള ബസ് സര്‍വിസ് നടത്താതിരുന്നപ്പോള്‍ മാത്രമാണ്.
ആവശ്യ സാധനങ്ങള്‍ വാങ്ങണമെങ്കില്‍ പതിനഞ്ചു കിലോമീറ്ററോളം വനപാതയില്‍ കൂടി സഞ്ചരിച്ചു വിതുരയിലെത്തണം. പേരക്കയും കുരുമുളകും തേയില കൊളുന്തും കിട്ടിയാല്‍ ഇത് വിതുരയില്‍ എത്തിച്ചു വില്‍പ്പന നടത്തിക്കിട്ടുന്ന പൈസക്ക് അന്നന്നുള്ള ആവശ്യ സാധനങ്ങള്‍ വാങ്ങി വീട്ടിലെത്തലാണ് ഇവരുടെ രീതി.
സര്‍ക്കാര്‍ സംവിധാനവും സന്നദ്ധ സംഘടനാ പ്രവര്‍ത്തകരും സമൂഹ അടുക്കള സംവിധാനവും ഒന്നും ഇവിടില്ല. ഇവിടെ ആരും ഒന്നും കൊടുക്കാറുമില്ല. നിലവില്‍ പേരക്കയും കാട്ടരുവിയിലെ വെള്ളവുമാണ് ഇവരുടെ ഭക്ഷണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."