ഉത്തരകൊറിയന്‍ പ്രതിനിധി ട്രംപുമായി കൂടിക്കാഴ്ച നടത്തി
വാഷിങ്ടണ്‍: ഉത്തരകൊറിയന്‍ പ്രതിനിധി കിം യോങ് ചോല് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി. വൈറ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഉ.കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ കത്ത് കിം ചോല് ട്രംപിന് കൈമാറി.
ഇരുവരുമായുള്ള കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടുനിന്നു. കിമ്മുമായുള്ള കൂടിക്കാഴ്ചയെ പിന്തുണച്ച ട്രംപ് ഉ.കൊറിയയുമായുള്ള നീക്കം വിജയകരമായി അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പറഞ്ഞു. കിമ്മുമായുള്ള കത്ത് ലഭിച്ചുവെന്നും വളരെ താല്പര്യത്തോടെ അത് സ്വീകരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ കൈമാറാന്‍ അദ്ദേഹം തയാറായില്ല.
അതിനിടെ ജനറല്‍ കിം ചോലും യു.എസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോയുമായി നടത്തിയ കൂടിക്കാഴ്ച വിജയകരമായിരുന്നുവെന്ന് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ആണവ നിരായുധീകരണത്തിലെത്തിച്ചേരാന് കൂടുതല്‍ ചര്‍ച്ച വേണ്ടിവരും. ഈ മാസം 12ന് സിംഗപ്പൂരില്‍ കിമ്മുമായി കൂടിക്കാഴ്ച നടത്താനാവുമെന്നാണ് പ്രതീക്ഷ. എന്നാല്‍ അര്‍ഥ പൂര്‍ണമായ കൂടിക്കാഴ്ചയാണ് ആവശ്യം. ഒരു ചര്‍ച്ചയിലൂടെ എല്ലാ കാര്യങ്ങളും തീരുമാനമാവുമെന്ന് കരുതുന്നില്ല. വീണ്ടും ചര്‍ച്ച നടത്തേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഈ മാസം നടക്കുന്ന ട്രംപ്-കിം യോങ് കൂടിക്കാഴ്ച നടക്കുമോയെന്ന കാര്യ അറിയില്ലെന്ന് മൈക് പോംപിയോ പറഞ്ഞു. കിം ചോലുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."