ഭര്‍ത്താവ് ഉപേക്ഷിച്ച 50 വയസ് കഴിഞ്ഞ സ്ത്രീകള്‍ക്കും ഇനി വിധവാ പെന്‍ഷന്‍
കൊണ്ടോട്ടി: ഭര്‍ത്താവ് ഉപേക്ഷിച്ച 50 വയസ് കഴിഞ്ഞ സ്ത്രീകള്‍ക്ക് വിധവാ പെന്‍ഷന്‍ നല്‍കാന്‍ ധനകാര്യ വകുപ്പിന്റെ അനുമതി.സാമൂഹ്യ സുരക്ഷാ പെന്‍ഷനില്‍ ഏറ്റവും കൂടുതല്‍ പരാതികള്‍ ഉയര്‍ന്ന വധവാ പെന്‍ഷന്‍ മാനദണ്ഡത്തിലാണ് ഭേദഗതി വരുത്തിയത്. ഭര്‍ത്താവ് ഉപേക്ഷിച്ച് ഏഴ് വര്‍ഷം കഴിഞ്ഞ, പുനര്‍ വിവാഹം ചെയ്യാത്ത 50 വയസ് കഴിഞ്ഞ സ്ത്രീകള്‍ വില്ലേജ് ഓഫിസര്‍ നല്‍കുന്ന രേഖ ഹാജരാക്കിയാല്‍ വിധവാ പെന്‍ഷന്‍ അനുവദിക്കാമെന്നാണ് ധനകാര്യ വകുപ്പിന്റെ നിര്‍ദേശം. വിവാഹ മോചിതരും പുനര്‍ വിവാഹക്കാരും വിധവാ പെന്‍ഷന്‍ ആനുകൂല്യം കൈപ്പറ്റുന്നത് കണ്ടെത്തിയതോടെ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് കര്‍ക്കശമാക്കിയിരുന്നു.
സംസ്ഥാനത്ത് വിധവാ പെന്‍ഷന്‍ വാങ്ങിയിരുന്ന 13,45,028 പേരില്‍ 81,631 പേരെ മസ്റ്ററിങ് നടത്താത്തതിനെ തുടര്‍ന്ന് പുറത്താക്കിയിരുന്നു. ഇവരില്‍ ഭര്‍ത്താവ് ഉപേക്ഷിച്ചവരും ഉള്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ക്കും,പുതിയ അപേക്ഷകര്‍ക്കും വിധവാ പെന്‍ഷന്‍ ലഭിക്കാന്‍ ഇനി ഭര്‍ത്താവ് ഉപേക്ഷിച്ചിട്ട് ഏഴ് വര്‍ഷം കഴിഞ്ഞുവെന്നതിന് വില്ലേജ് ഓഫിസറുടെ സാക്ഷ്യപത്രം നല്‍കിയാല്‍ മതി.
സംസ്ഥാനത്ത് 47,40,921 പേരാണ് സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റിയിരുന്നത്. ഇവരില്‍ 43,43,598 പേരാണ് മസ്റ്ററിങ് നടത്തിയത്. ശേഷിക്കുന്ന 3,97,323 പേരെ അനര്‍ഹരായി കണക്കാക്കി പുറത്താക്കി. വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡ് പെന്‍ഷന്‍ ഗുണഭോക്താക്കളായ 10,47,705 പേരില്‍ 8,71,551 പേരാണ് മസ്റ്ററിങ് നടത്തിയത്.1,76,154 പേര്‍ പുറത്തായി. ഫെബ്രുവരിയില്‍ മസ്റ്ററിങ് നടത്തിയതിന് ശേഷമുള്ള പെന്‍ഷന്‍ വിതരണമാണ് നിലവില്‍ നടന്നുവരുന്നത്. ക്ഷേമപെന്‍ഷന്‍ വാങ്ങുന്നവരിലെ അനര്‍ഹരെ നീക്കം ചെയ്തത് വഴി സര്‍ക്കാറിന് പ്രതിമാസം 70 കോടിയോളം രൂപയാണ് ലാഭം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."