അമീറിനെതിരേ വലമുറുക്കി അന്വേഷണസംഘം; കണ്ടെടുത്ത കത്തി കോടതിയില്‍ സമര്‍പ്പിച്ചു
കൊച്ചി: ജിഷ വധക്കേസ് പ്രതി അമീറിനെതിരേ ശക്തമായ തെളിവുകളില്ലാത്ത സാഹചര്യത്തില്‍ കിട്ടിയ തെളിവുകള്‍ തലനാരിഴ കീറി പരിശോധിക്കുകയാണ് അന്വേഷണസംഘം. ഇതിനായി വിദഗ്ധ സംഘത്തിന്റെ സഹായമാണ് അന്വേഷണസംഘം തേടുന്നത്. അതിനിടെ ജിഷയുടെ വീടിന്റെ പരിസരത്തുനിന്നു കണ്ടെത്തിയ കത്തി തന്നെയാണ് കൊലയ്ക്ക് ഉപയോഗിച്ചതെന്ന് തെളിയിക്കാന്‍ ഫോറന്‍സിക് പരിശോധന പൂര്‍ത്തിയാക്കി കഴിഞ്ഞദിവസം കത്തി പെരുമ്പാവൂര്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ചു.
ജിഷയുടെ വീടിന്റെ പരിസരത്തുനിന്ന് ആദ്യ അന്വേഷണസംഘം ഈ കത്തി കണ്ടെടുത്തെങ്കിലും കൂടുതല്‍ പരിശോധന നടത്തിയിരുന്നില്ല. മാത്രവുമല്ല പുതിയ അന്വേഷണസംഘം ഈ കത്തിയല്ല കൊലയ്ക്കുപയോഗിച്ചതെന്ന നിഗമനത്തിലും എത്തിയിരുന്നു. കത്തിയില്‍ രക്തം കണ്ടെത്താത്തതിനെ തുടര്‍ന്നായിരുന്നു ഇത്. തുടര്‍ന്ന് കൊലയ്ക്കുപയോഗിച്ച കത്തിക്കായി വിപുലമായ അന്വേഷണം നടത്തിയ സംഘം പ്രതി അമീറിന്റെ താമസസ്ഥലത്തിനടുത്ത് നിന്ന് മറ്റൊരുകത്തി കണ്ടെത്തുകയായിരുന്നു. എന്നാല്‍ പരിശോധനയില്‍ ഈ കത്തിയല്ല കൊലനടത്താന്‍ ഉപയോഗിച്ചതെന്നത് അന്വേഷണസംഘത്തിന് വ്യക്തമായതിനെ തുടര്‍ന്നാണ് ആദ്യം കണ്ടെത്തിയ കത്തിയില്‍ കേന്ദ്രീകരിച്ച് തിരുവനന്തപുരത്തെ ലാബില്‍ ഫോറന്‍സിക് പരിശോധന നടത്തിയത്.
കത്തിയുടെ മരപ്പിടിയില്‍ പറ്റിപ്പിടിച്ചിരുന്ന രക്തമാണ് അന്വേഷണസംഘത്തിന് തുണയായത്.പിടിവലിയില്‍ കത്തികൊണ്ട്് അമീറിന്റെ കൈയ്ക്ക് മുറിവേറ്റിരുന്നു. ഇതും ഫോറന്‍സിക് പരിശോധനയില്‍ യോജിച്ചതായാണ് സൂചന. അമീറിന്റെ പല്ലിന്റെ അടയാളങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ ദന്തവിഭാഗം ഡോക്ടര്‍മാര്‍ എടുത്തിരുന്നു. ജിഷയുടെ ശരീരത്തില്‍ കണ്ട കടിയേറ്റ പാടുകള്‍ക്ക് കൂടുതല്‍ വ്യക്തതവരുത്താനാണിത്. ജിഷയുടെ വീടിന്റെ പരിസരത്തുനിന്നും കണ്ടെത്തിയ പ്രതിയുടേതെന്ന് സംശയിക്കുന്ന ചെരുപ്പുകളുടെ കാര്യത്തില്‍ കൃത്യത വരുത്താന്‍ അമീറിന്റെ പാദങ്ങളുടെ അടയാളങ്ങളും വിദഗ്ധ സംഘം ശേഖരിച്ചിരുന്നു.അന്വേഷണസംഘത്തെ വലയ്ക്കുന്ന രീതിയില്‍ അമീര്‍ മൊഴികള്‍ മാറ്റി മാറ്റി പറഞ്ഞത് ഇയാള്‍ക്ക് മാനസികരോഗമുണ്ടെന്ന വാര്‍ത്ത പരത്തിയിരുന്നു.എന്നാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മാനസികരോഗവിഭാഗം ഡോക്ടര്‍മാരെത്തി അമീറിനെ പരിശോധിച്ച് മാനസികരോഗമില്ലെന്ന് റിപ്പോര്‍ട്ട് നല്‍കി.
ജിഷയുടെ വീടിനുസമീപമുള്ള വീടിന്റെ നിര്‍മാണപ്രവര്‍ത്തനത്തിനായി അമീര്‍ എത്തിയിരുന്നതായും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. ഈ അവസരത്തില്‍ ഇവര്‍ തമ്മില്‍ പരിചയപ്പെട്ടിരിക്കാമെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. കൊലയ്ക്ക് ശേഷം അമീര്‍ യാത്രചെയ്ത ഓട്ടോയുടെ ഡ്രൈവറെയും ചോദ്യം ചെയ്തതായാണ് സൂചന. ഹിന്ദിയും അസമീസ് ഭാഷയും അറിയുന്ന അമീറിന് മലയാളം കേട്ടാല്‍ മനസ്സിലാകുമെന്നും അന്വേഷണസംഘത്തിന് ബോധ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."