മോട്ടോര്‍ വാഹന പണിമുടക്ക് ജില്ലയില്‍ പൂര്‍ണം
തൊടുപുഴ: തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം കുത്തനെ വര്‍ധിപ്പിച്ചതിലും റോഡ് ഗതാഗതമേഖല പൂര്‍ണമായും കുത്തകവല്‍ക്കരിക്കുന്ന മോട്ടോര്‍ വാഹന നിയമഭേദഗതി നടപ്പാക്കാനൊരുങ്ങുന്നതിലും പ്രതിഷേധിച്ച് സംയുക്ത മോട്ടോര്‍ തൊഴിലാളി യൂനിയന്റെ നേതൃത്വത്തില്‍ നടത്തിയ 24 മണിക്കൂര്‍ പണിമുടക്ക് ജില്ലയില്‍ പൂര്‍ണം. ടാക്‌സി വാഹനങ്ങള്‍ ഒന്നും ഓടിയില്ല. സ്വകാര്യവാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. സ്വകാര്യബസുകളും ഓട്ടോ-ടാക്‌സികളും പണിമുടക്കില്‍ പൂര്‍ണമായി പങ്കെടുത്തു. ബി.എം.എസ് പണിമുടക്കില്‍ അണിചേര്‍ന്നിരുന്നില്ലെങ്കിലും അവരും വാഹനങ്ങള്‍ നിരത്തിലിറക്കിയില്ല. കെ.എസ്.ആര്‍.ടി.സി സര്‍വിസ് നടത്തി.
ജില്ലയില്‍ പണിമുടക്കിയ തൊഴിലാളികള്‍ വിവിധയിടങ്ങളില്‍ പ്രകടനം നടത്തി. തൊടുപുഴയില്‍ മുനിസിപ്പല്‍ മെതാനത്തിന് സമീപത്തു നിന്നാരംഭിച്ച പ്രകടനം ടൗണ്‍ ചുറ്റി ഇവിടെത്തന്നെ സമാപിച്ചു.
നിരവധി തൊഴിലാളികള്‍ അണിനിരന്നു. കെ.എം ബാബു, പി.പി ജോയി, ഇ.വി സന്തോഷ്, കെ.പി റോയി, എ.എസ് ജയന്‍ നേതൃത്വം നല്‍കി.തൊടുപുഴയിലെ വ്യാപാര കേന്ദ്രങ്ങളടക്കം നിശ്ചലമായി.
ചരക്കുനീക്കം നടക്കാത്തതിനാല്‍ മാര്‍ക്കറ്റ് അടഞ്ഞുകിടന്നു. പലയിടങ്ങളിലും ഹോട്ടലുകളും തുറന്നു പ്രവര്‍ത്തിച്ചില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."