തസ്തികകള്‍ വെട്ടിക്കുറക്കുന്നത് ന്യൂനപക്ഷ സ്ഥാപനങ്ങളെ ബാധിക്കും: ഫെഡറേഷന്‍ ഓഫ് മുസ്‌ലിം കോളജസ്
കോഴിക്കോട്: വന്‍തോതില്‍ കോളജ് ആധ്യാപക തസ്തികള്‍ വെട്ടിക്കുറക്കുന്ന ഏപ്രില്‍ ഒന്നിലെ സര്‍ക്കാര്‍ ഉത്തരവ് പുനപ്പരിശോധിക്കണമെന്ന് ഫെഡറേഷന്‍ ഓഫ് മുസ്‌ലിം കോളജസ് സംസ്ഥാന പ്രസിഡന്റ് അഡ്വ.എം.മുഹമ്മദ്, ജനറല്‍ സെക്രട്ടറി ഡോ.എം.ഉസ്മാന്‍, ട്രഷറര്‍ കെ.വി കുഞ്ഞഹമ്മദ് കോയ, വൈസ് പ്രസിഡന്റ് പി.എച്ച് മുഹമ്മദ് എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഈ ഉത്തരവ് മൂലം പി.ജി കോഴ്‌സുകളിലെ അധ്യാപക തസ്തികകള്‍ നഷ്ടപ്പെടുന്നത് കോളജുകളെ പ്രതിസന്ധിയിലാക്കും.
2018-ലെ യു.ജി.സി റഗുലേഷന്‍സ് നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന സംസ്ഥാനത്ത് 2010 - ലെ യു.ജി.സി റഗുലേഷന്റെ പേരില്‍ ഇപ്പോള്‍ ഇത്തരമൊരു ഉത്തരവിന് ന്യായീകരണമില്ല. 2013-ല്‍ അനുവദിച്ച കോഴ്‌സുകള്‍ക്ക് പോലും സ്ഥിരം അധ്യാപക തസ്തികകള്‍ അനുവദിക്കാതെ നിലവിലുള്ളത് പോലും റദ്ദാക്കുന്ന ഉത്തരവ് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വന്‍ നിലവാരത്തകര്‍ച്ചക്കും നിയമനം കാത്തു കഴിയുന്ന ആയിരക്കണക്കിന് യുവാക്കളുടെ പ്രതീക്ഷ തല്ലിക്കെടുത്തുന്നതിനും ഇടയാക്കും.കോളജുകളിലെയും സര്‍വകലാശാലാ പഠന വകുപ്പുകളിലെയും അധ്യാപകരുടെ ജോലി ഭാരം നിര്‍ണയിക്കാന്‍ നിലവിലുള്ള മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തുന്ന ഇപ്പോഴത്തെ സര്‍ക്കാര്‍ ഉത്തരവ് സര്‍വകലാശാലകളുടെ സ്വയംഭരണത്തിലുള്ള കടന്നുകയറ്റം കൂടിയാണ്.
ന്യൂനപക്ഷ വിഭാഗങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ തസ്തികകള്‍ കുറയുന്നത് ഇത്തരം വിഭാഗങ്ങള്‍ക്ക് സംവരണം വഴി ലഭിക്കേണ്ട തസ്തികകളുടെ എണ്ണത്തെയും സാരമായി ബാധിക്കും. സംസ്ഥാനം പ്രയാസകരമായ സാഹചര്യങ്ങളിലൂടെ കടന്ന് പോകുന്ന ഈ സമയത്ത് യാതൊരു തരത്തിലുള്ള ചര്‍ച്ചകളും കൂടാതെ ഉന്നത വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പുനപ്പരിശോധിക്കാന്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് ഫെഡറേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."