മുസ്‌ലിമായതിനാല്‍ ഡോക്ടര്‍ പരിശോധിക്കാന്‍ തയ്യാറായില്ല, യുവതി ആംബുലന്‍സില്‍ പ്രസവിച്ചു, കുഞ്ഞ് മരിച്ചു
ജയ്പൂര്‍: ലോകമെങ്ങും ജാതിമതവ്യത്യാമില്ലാതെ കൊവിഡ് പിടിമുറുക്കുമ്പോഴും
മുസ്‌ലിങ്ങളെ പരിശോധിക്കാന്‍ തയ്യാറാവാത്ത ഇന്ത്യന്‍ ഡോക്ടര്‍. അതും രാജസ്ഥാനിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറാണ് മതം നോക്കി ചികിത്സ നടത്തുന്നത്. പ്രസവ വേദനയുമായെത്തിയ യുവതിയെ ഡോക്ടര്‍ പരിശോധിക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് അവര്‍ ആംബുലന്‍സില്‍ തന്നെ പ്രസവിച്ചു. എന്നാല്‍ സമയത്ത് പരിചരണം ലഭിക്കാത്തതിന്റെ പേരില്‍ അവര്‍ക്ക് കുഞ്ഞിനെ നഷ്ടമായി. കുഞ്ഞ് മരിക്കുകയായിരുന്നു.
'' എന്റെ ഭാര്യ കുഞ്ഞിന് ജന്മം നല്‍കി. സിക്രിയില്‍ നിന്ന് ജനാനയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിച്ചതാണ്. എന്നാല്‍ ഞങ്ങളോട് ജയ്പൂരിലേക്ക് പോകാനാണ് ഇവിടെ നിന്ന് പറഞ്ഞത്. ഞങ്ങള്‍ മുസ് ലിങ്ങളായതാണ് കാരണം. ഇവിടെ നിന്ന് ആംബുലന്‍സില്‍ പോകുംവഴി അവള്‍ പ്രസവിച്ചു. പക്ഷേ കുട്ടി മരിച്ചു. എന്റെ കുഞ്ഞിന്റെ മരണത്തിന് കാരണം അധികാരികളാണ്'' - യുവതിയുടെ ഭര്‍ത്താവ് ഇര്‍ഫാന്‍ ഖാന്‍ പറഞ്ഞു.
അതേസമയം ആരോപണം നിഷേധിച്ച് സര്‍ക്കാര്‍ ആശുപത്രിയിലെ പ്രിന്‍സിപ്പല്‍ രൂപേന്ദ്ര ഝാ രംഗത്തെത്തി. അതീവ ഗുരുതരാവസ്ഥയില്‍ ഒരു ഗര്‍ഭിണി ആശുപത്രിയിലെത്തി. അവരെ ജയ്പൂര്‍ ആശുപത്രിയിലേക്ക് നിര്‍ദ്ദേശിച്ചു. മറ്റെന്താണ് ഇതില്‍ സംഭവിച്ചതെന്ന് അന്വേഷിക്കും'' - അദ്ദേഹം വ്യക്തമാക്കി.
സംഭവത്തെ നിശിതമായി വിമര്‍ശിച്ച് സംസ്ഥാനത്തെ ആരോഗ്യമന്ത്രി വിവേന്ദ്ര സിംഗ് രംഗത്തെത്തി. ഇതിലും നാണക്കെട്ട മറ്റൊന്നില്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്. അസദുദ്ദീന്‍ ഉവൈസിയും സംഭവത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."