ജില്ലാ ആശുപത്രി പനിബാധിതര്‍ ഏറുമ്പോഴും പനിക്ലിനിക്ക് തുടങ്ങിയില്ല
ചെമ്മട്ടംവയല്‍: ജില്ലാ ആശുപത്രിയില്‍ ഇത്തവണ പനി ക്ലിനിക്ക് പ്രവര്‍ത്തനം തുടങ്ങിയില്ല. പനി ബാധിച്ച് നൂറുകണക്കിനാളുകള്‍ ഇവിടെ എത്തിക്കൊണ്ടിരിക്കുമ്പോഴാണ് പ്രത്യേക പനി ക്ലിനിക്ക് പ്രവര്‍ത്തന സജ്ജമാകാതിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം പനി ക്ലിനിക്ക് തുറന്നതിനാല്‍ ഇവിടെയെത്തിയിരുന്ന രോഗികള്‍ക്ക് കാര്യമായ ചികിത്സ ലഭിച്ചിരുന്നു. ഇത്തവണ ആയിരത്തിലധികം പേര്‍ പനി ബാധിച്ച് ഒ.പി യിലെത്തിയിട്ടും ക്ലിനിക്ക് തുടങ്ങാത്തത് കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം 47 പേരാണ് ഇവിടെ പ്രവേശിപ്പിക്കപ്പെട്ടത്.
ഉച്ചകഴിഞ്ഞാല്‍ ഇവിടെ ഡോക്ടര്‍മാരുടെ സേവനം ലഭിക്കാത്തതാണ് പ്രധാന പ്രശ്‌നം. അത്യാഹിത വിഭാഗത്തിലുള്ള ഏക ഡോക്ടറാണ് ഉച്ചയ്ക്കു ശേഷം ഉണ്ടാകുന്നത്. ഈ ഡോക്ടര്‍ക്ക് അത്യാഹിത വിഭാഗത്തില്‍ തന്നെ ഏറെ ജോലിത്തിരക്കുള്ളതിനാല്‍ പനി ബാധിതരെയും പരിശോധിക്കാന്‍ പ്രയാസപ്പെടുകയാണ്. അപകടം ഉള്‍പ്പെടെ അത്യാഹിത കേസുകള്‍ ഇവിടെയ്ക്കാണ് എത്തുന്നത്. ഇക്കാരണത്താല്‍ ഉച്ചയ്ക്ക് ശേഷം പനിയുമായെത്തുന്നവര്‍ തിരിച്ചു പോകുകയാണ് പതിവ്. യഥാര്‍ഥത്തില്‍ ഉച്ചവരെ മാത്രമാണ് ഇപ്പോള്‍ ജില്ലാ ആശുപതിയില്‍ ഡോക്ടര്‍മാരുടെ സേവനം ലഭിക്കുന്നത്.
പനി ബാധിതര്‍ ധാരാളമെത്തുമ്പോഴും രാത്രി എട്ടിനു ശേഷം ജില്ലാ ആശുപത്രിയില്‍ മരുന്ന് ലഭ്യമല്ല. ഇക്കാരണത്താല്‍ അത്യാഹിത വിഭാഗത്തില്‍ നിന്നു ചികിത്സ ലഭിച്ചാല്‍ തന്നെ മരുന്നു കുറിപ്പുമായി രോഗികള്‍ക്ക് നെട്ടോട്ടമോടേണ്ട അവസ്ഥയാണ്.
രാത്രികാലങ്ങളില്‍ പലപ്പോഴും മരുന്നുകിട്ടാതെ മടങ്ങേണ്ട സാഹചര്യവും ഉണ്ടാകുന്നു. ജില്ലാ ആശുപത്രിയിലെ ഫാര്‍മസി രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. പനി പടരുന്ന സാഹചര്യത്തില്‍ 24 മണിക്കൂറും ഫാര്‍മസി പ്രവര്‍ത്തിക്കണമെന്ന ആവശ്യം വ്യാപകമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."