റിയാദിൽ തോക്ക് ചൂണ്ടി മലയാളിയെ കൊള്ളയടിക്കാൻ ശ്രമം
റിയാദ്: ഷിഫാ സനയ്യയിൽ മലയാളി സാമൂഹ്യ പ്രവർത്തകനെ തോക്ക് ചൂണ്ടി കൊള്ളയടിക്കാൻ ശ്രമം. ഷിഫാ മലയാളി സമാജം ജോയിന്റ് സെക്രട്ടറി സന്തോഷ് തിരുവല്ലയെയാണ് കാറിലെത്തിയ അക്രമി തോക്ക് ചൂണ്ടി പണം തട്ടാൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 8 മണിക്കാണ് സംഭവം. ഭക്ഷണം വാങ്ങാൻ പുറത്തു പോയി തിരിച്ച് വന്ന സന്തോഷ് വാഹനം റൂമിന് മുമ്പിൽ പാർക്ക് ചെയ്തു പുറത്തിറങ്ങിയതായിരുന്നു. മറ്റൊരു കാറിൽ പിന്തുടർന്നെത്തിയ അക്രമി പെട്ടെന്ന് കാറിൽ നിന്നിറങ്ങി സന്തോഷിന്റെ അടുത്തെത്തി തോക്ക് ചൂണ്ടി പേഴ്സ് എടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. അതെ സമയം തൊട്ടടുത്ത് ഒരു കമ്പനിയിൽ നിന്നും ഡോർ തുറന്ന് ഒരാൾ പുറത്തിറങ്ങിയത് ശ്രദ്ധയിൽ പ്പെട്ട സന്തോഷ് ശബ്ദമുയർത്തിയതിനെ തുടർന്ന് അക്രമി ശ്രമം ഉപേക്ഷിച്ച് തിരിച്ച് കാറിൽ കയറി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് സന്തോഷിന്റെ സ്പോൺസർ സ്ഥലത്തെത്തി പോലീസിൽ പരാതി നൽകി. പൊതുവെ റോഡുകൾ വിജനമായതിനാൽ സമാനമായ സംഭവങ്ങൾ ഷിഫാ ഭാഗത്ത് നടക്കുന്നതായി ഷിഫാ മലയാളി സമാജം പ്രസിഡണ്ട് ഇല്ല്യാസ് സാബു പറഞ്ഞു. ആവശ്യമില്ലാതെ പുറത്ത് ഒറ്റക്കിറങ്ങുന്നതും ഡോറുകൾ തുറന്നിട്ട് സംസാരിച്ചിരിക്കുന്നതും ഇത്തരം അക്രമികൾക്ക് സഹായമായി മാറുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."