HOME
DETAILS
MAL
വിമാനക്കമ്പനികള്‍ക്ക് ഇരുട്ടടിയായി പാര്‍ക്കിങ് ഫീസ്
backup
April 11 2020 | 09:04 AM
സ്വന്തം ലേഖകന്‍
കൊണ്ടോട്ടി: കൊവിഡ് 19നെ തുടര്‍ന്ന് ഇന്ത്യയില്‍ വ്യോമഗതാഗതം പൂര്‍ണമായും അടച്ചതോടെ സര്‍വിസ് നിര്‍ത്തിയ വിമാനക്കമ്പനികള്‍ക്ക് ഇരുട്ടടിയായി പാര്‍ക്കിങ് ഫീസ്.
അന്താരാഷ്ട്ര, ആഭ്യന്തര സെക്ടറുകളില്‍ സര്‍വിസ് നടത്തുന്ന ഏഴ് വിമാനക്കമ്പനികളുടെ 638 വിമാനങ്ങളാണ് പാര്‍ക്കിങ് നിരക്ക് ബാധ്യതയിലുള്ളത്. രാജ്യത്ത് 33 വിമാനക്കമ്പനികളുടെ വിമാനങ്ങള്‍ സര്‍വിസ് നടത്തുന്നുണ്ടെങ്കിലും 26 എണ്ണത്തിനും ഒന്നോ രണ്ടോ വിമാനങ്ങളാണുള്ളത്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിമാനങ്ങളുള്ളത് ഇന്‍ഡിഗോ എയറിനാണ്. ഇന്‍ഡിഗോക്ക് മാത്രമായി 260 വിമാനങ്ങളാണുള്ളത്. രാജ്യാന്തര വിമാനക്കമ്പനിയായ എയര്‍ ഇന്ത്യക്ക് 124 വിമാനങ്ങളും എയര്‍ഇന്ത്യ എക്സ്പ്രസിന് 23 വിമാനങ്ങളും സ്വന്തമായുണ്ട്. സ്പെയ്സ് ജെറ്റിന് 117, ഗോ എയര്‍ 58, എയര്‍ ഏഷ്യ 30, വിസ്താര 26 എന്നിങ്ങനെയാണ് മറ്റ് വിമാനക്കമ്പനികള്‍ക്ക് സ്വന്തമായുള്ള വിമാനങ്ങള്‍.
സര്‍വിസുകള്‍ നിര്‍ത്തിയതോടെ വിമാനങ്ങളില്‍ കൂടുതലും വിമാനത്താവളങ്ങളില്‍ തന്നെയാണ് പാര്‍ക്ക് ചെയ്തിരിക്കുന്നത്. മണിക്കൂറിനാണ് വിമാനങ്ങളുടെ പാര്‍ക്കിങ് ഫീസ് നിശ്ചയിക്കുന്നത്. വലിയ വിമാനങ്ങള്‍ക്കും ചെറിയ വിമാനങ്ങള്‍ക്കും വ്യത്യസ്ത നിരക്കുകളാണുള്ളത്. ദിവസങ്ങളായി സര്‍വിസ് നടത്താത്തതിനാല്‍ പാര്‍ക്കിങ് ഫീസ് ഇനത്തില്‍ വന്‍ തുകയാണ് വിമാനത്താവളങ്ങള്‍ക്ക് നല്‍കേണ്ടിവരിക. വിമാനങ്ങളുടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി സ്ഥാപിച്ച ഹാങ്കറിലേക്ക് മാറ്റിയ വിമാനങ്ങളുമുണ്ട്. വിദേശരാജ്യങ്ങളിലെ വിമാനങ്ങള്‍ പൂര്‍ണമായും ഇന്ത്യയില്‍ നിന്ന് അതത് രാജ്യങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
പാര്‍ക്കിങ് നിരക്കില്‍ ഇളവുതേടി വിമാനക്കമ്പനികള്‍ വ്യോമയാന മന്ത്രാലയത്തെയും എയര്‍പോര്‍ട്ട് അതോറിറ്റിയെയും സമീപിച്ചിട്ടുണ്ട്. രാജ്യത്ത് വിമാനങ്ങള്‍ ഇത്ര യധികം ദിവസം നിര്‍ത്തിയിടുന്നത് ഇതാദ്യമായാണ്. അതിനാല്‍ അനുകൂല നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിമാനക്കമ്പനികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."