മാളച്ചാലിലേക്ക് സ്ഥാപനങ്ങളില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ ഒഴുക്കുന്നതായി പരാതി
മാള: ഗ്രാമപഞ്ചായത്തിന്റെ ഉത്തരവ് ലംഘിച്ച് കൊണ്ടു മാള ടൗണിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ മാളച്ചാലിലേക്കു ഒഴുക്കുന്നു.
പൊതുമരാമത്ത് വകുപ്പ് റോഡിനരികിലൂടെയുള്ള കാന വഴിയാണ് വിവിധ തരം മാലിന്യങ്ങള്‍ ഒഴുക്കി കൊണ്ടിരിക്കുന്നത്.
മാള പഞ്ചായത്ത് ബസ് സ്റ്റാന്റിനും തപാലാപ്പീസിനും ഇടയിലുള്ള ഹോട്ടലുകളില്‍ നിന്നും ബേക്കറി, മദ്യശാല, ശീതളപാനീയ വില്‍പ്പനശാല തുടങ്ങിയേടങ്ങളില്‍ നിന്നുമുള്ള മാലിന്യങ്ങളാണു രാത്രികാലങ്ങളില്‍ രഹസ്യമായി കാനയിലൂടെ ഒഴുക്കുന്നത്.
ബക്കറ്റുകളില്‍ ശേഖരിക്കുന്ന മാലിന്യം രാത്രിയില്‍ ആള്‍സഞ്ചാരം കുറയുന്ന സമയത്താണ് മാളച്ചാലിലേക്കു ഒഴുക്കുന്നത്.
കാനയിലേക്കു ചില സ്ഥാപനങ്ങളില്‍ നിന്നും നേരിട്ടു പൈപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന പരാതിയുണ്ട്. ശുചിമുറിയില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ പോലും ഇത്തരത്തില്‍ മാളച്ചാലില്‍ എത്തുന്നുണ്ടെന്നാണു ജനങ്ങളില്‍ നിന്നുമുള്ള ആരോപണവുമുണ്ട്.
പലതരം രാസവസ്തുക്കളടങ്ങിയ മാലിന്യങ്ങള്‍ അടക്കമാണു ചാലിലേക്കൊഴുക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ മാളച്ചാലില്‍ വിവിധതരം മത്സ്യങ്ങള്‍ ചത്തു പൊന്തിയിരുന്നു.
ഇത്തരത്തിലുള്ള മാലിന്യങ്ങളാലാണോ മത്സ്യങ്ങള്‍ ചത്തു പൊന്തിയതെന്ന സംശയമുണ്ട്. വര്‍ഷങ്ങളായി തുടരുന്ന മാലിന്യമൊഴുക്ക് മൂലം കാനകള്‍ നിറഞ്ഞിരുന്നു.
ഇതേതുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രിയില്‍ ഇതര സംസ്ഥാന് തെഴിലാളികളെ വച്ചു കാനയുടെ മേലേയുള്ള സ്ലാബുകള്‍ ഇളക്കിമാറ്റി അടിഞ്ഞു കൂടിയ മാലിന്യങ്ങള്‍ ഒഴിവാക്കിയിരുന്നു.
ഹോട്ടലുകള്‍, ബേക്കറികള്‍, സ്വര്‍ണാഭരണ വില്‍പ്പനശാല, മദ്യശാല തുടങ്ങിയവയുടെ സഹകരണത്തോടെയാണു ക്ലീനിങ് പ്രവൃത്തി നടത്തിയത്.
മാളച്ചാലിലേക്കു മാലിന്യമൊഴുക്കുന്നതിരെ ആലങ്ങാട്ടുകാരന്‍ നാസര്‍ മാള പൊലിസില്‍ പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."