ഓസ്ട്രിയയില്‍ തുര്‍ക്കി സഹായമുള്ള പള്ളികള്‍ അടച്ചുപൂട്ടുന്നു 60ഓളം ഇമാമുമാരെ പുറത്താക്കും
വിയന്ന: രാജ്യത്തെ പ്രധാനപ്പെട്ട ഏഴ് മുസ്‌ലിം പള്ളികള്‍ അടച്ചുപൂട്ടാന്‍ നീക്കവുമായി ഓസ്ട്രിയന്‍ ഭരണകൂടം. 60ഓളം പള്ളി ഇമാമുമാരെയും പുറത്താക്കാനും തീരുമാനമായിട്ടുണ്ട്. വെള്ളിയാഴ്ച ഓസ്ട്രിയന്‍ ചാന്‍സലര്‍ സെബാസ്റ്റ്യന്‍ കഴ്‌സ് ആണ് വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. തുര്‍ക്കി സര്‍ക്കാര്‍ സാമ്പത്തികമായി സഹായിക്കുന്ന പള്ളികളാണ് അടച്ചുപൂട്ടുന്നത്. രാജ്യത്തെ ഒരു തുര്‍ക്കി പള്ളി അടച്ചുപൂട്ടുകയും ആറ് പള്ളികള്‍ നടത്തുന്ന അറബ് റിലിജ്യസ് കമ്മ്യൂണിറ്റി എന്ന സംഘടന പിരിച്ചുവിടുകയും ചെയ്യാന്‍ ഭരണകൂടം തീരുമാനിച്ചതായി കഴ്‌സ് അറിയിച്ചു. ഭീകരവാദ പ്രവര്‍ത്തനം ആരോപിച്ചാണു നടപടി. എന്നാല്‍, ഓസ്ട്രിയന്‍ ഭരണകൂടത്തിന്റെ നടപടിക്കെതിരേ രാജ്യത്തിനകത്തും പുറത്തും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഇസ്‌ലാമോഫോബിയയെ സാമാന്യവല്‍ക്കരിക്കാനുള്ള നീക്കമാണ് ഇതെന്നും മുസ്‌ലിം വംശീയത നിറഞ്ഞതാണ് സര്‍ക്കാരിന്റെ നടപടിയെന്നും തുര്‍ക്കി പ്രതികരിച്ചു.
മതസംഘടനകള്‍ വിദേശ സഹായം സ്വീകരിക്കുന്നതു വിലക്കിയുള്ള 2015ലെ നിയമം എടുത്തുകാട്ടിയാണ് ഓസ്ട്രിയന്‍ സര്‍ക്കാര്‍ പള്ളികള്‍ അടച്ചുപൂട്ടാന്‍ നീക്കം നടത്തുന്നത്. സമാന്തര സമൂഹങ്ങള്‍ക്കും രാഷ്ട്രീയ ഇസ്‌ലാമിനും ഭീകരവാദ പ്രവണതകള്‍ക്കും രാജ്യത്ത് ഇടമില്ലെന്ന് സെബാസ്റ്റ്യന്‍ കഴ്‌സ് പറഞ്ഞു. ഡിസംബറിലാണ് 31കാരനായ കഴ്‌സിന്റെ നേതൃത്വത്തിലുള്ള കുടിയേറ്റ വിരുദ്ധ പാര്‍ട്ടി തീവ്ര വലതുപക്ഷ കക്ഷിയുമായി സര്‍ക്കാര്‍ രൂപീകരിച്ച് അധികാരത്തിലെത്തിയത്.
ആറു ലക്ഷത്തോളം മുസ്‌ലിം ജനസംഖ്യയുള്ള രാജ്യമാണ് ഓസ്ട്രിയ. ഇതില്‍ ഭൂരിഭാഗവും തുര്‍ക്കി വംശജരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."