അരയും തലയും മുറുക്കി വനംവകുപ്പ്; അതിര്‍ത്തി കടക്കാതെ വടക്കനാട് കൊമ്പന്‍
സുല്‍ത്താന്‍ ബത്തേരി: അരയും തലയും മുറുക്കി വനം വകുപ്പ് കാത്തിരിപ്പ് തുടങ്ങിയിട്ട് അഞ്ചു ദിനങ്ങള്‍ പിന്നിട്ടിട്ടും പിടികൊടുക്കാതെ വടക്കനാട് കൊമ്പന്‍.
കൊമ്പനെ പിടികൂടി പന്തിയിലാക്കാന്‍ കൂടൊരുക്കിയെങ്കിലും അതിര്‍ത്തി കടന്ന കൊമ്പന്‍ കര്‍ണാടകയിലെ ബന്ദിപ്പൂര് വനമേഖലയില്‍ തന്നെ തുടരുകയാണ്.
ആനയുടെ കഴുത്തില്‍ ഘടിപ്പിച്ചിട്ടുള്ള റേഡിയോകോളറില്‍ നിന്നും ലഭിക്കുന്ന സിഗ്നല്‍ പ്രകാരം ഇന്നലെ ഉച്ചയോടെ ബന്ദിപ്പൂര് കടുവാസങ്കേതത്തിലെ ബേരമ്പാടി വനമേഖലയിലാണ് ആനയുള്ളതെന്നാണ് വിവരം. കൂട്ടത്തില്‍ വേറെ ആനകളും ഉണ്ടന്നുമാണ് അറിയുന്നത്. വടക്കനാട് മേഖലയില്‍ കര്‍ഷക ജനതയുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയ കൊമ്പന്‍ മുത്തങ്ങ പൊന്‍കുഴിയില്‍ ഇക്കഴിഞ്ഞ 30ന് ഗോത്രവര്‍ഗവിദ്യാര്‍ഥിയെയും കൊന്നിരുന്നു. ഇതോടെ ആനയെ പിടികൂടണമെന്നാവശ്യം ശക്തമായതിന്റെ അടിസ്ഥാനത്തിലാണ് കൊമ്പനെ മയ്ക്കുവെടിവെച്ചു പിടികൂടാന്‍ ചീഫ് വൈല്‍്ഡ്‌ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടത്. തുടര്‍ന്ന് യുദ്ധകാലടിസ്ഥാനത്തില്‍ മുത്തങ്ങയില്‍ ആനയെ പിടികൂടി പാര്‍പ്പിക്കുന്നതിനായി താല്‍ക്കാലിക കൂടും വനം വകുപ്പ് തീര്‍ത്തു. എന്നാല്‍ അന്നുമുതല്‍ കൊമ്പന്‍ വയനാട് വന്യജീവിസങ്കേതത്തിലേക്ക് എത്തിയിട്ടില്ല. ഒരുതവണ എത്തിയെങ്കിലും വീണ്ടും ബന്ദിപ്പൂര് വനമേഖലയിലേക്ക് കടക്കുകയായിരുന്നു. കൊമ്പന്‍ കേരള വനത്തിലേക്ക് പ്രവേശിക്കുമ്പോള്‍ പിടികൂടാന്‍ സര്‍വസന്നാഹങ്ങളുമായാണ് വനം വകുപ്പ് കാത്തിരിക്കുന്നത്. അതേ സമയം കൊമ്പന്റെ കൂടെ മറ്റ്് ആനകള്‍ കൂടിയുള്ളതിനാല്‍ ഇവിടേക്ക് വരാതെ മറ്റെവിടേക്കെങ്കിലും മാറിപോവാനും സാധ്യതയുണ്ടന്നും വനം വകുപ്പ് അധികൃതര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."