സഊദിയിൽ സംഗീത പരിപാടിക്കിടെ കത്തിയാക്രമണം നടത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കി
റിയാദ്: സഊദിയിലെ റിയാദിൽ സംഗീത പരിപാടിക്കിടെ കത്തിയാക്രമണം നടത്തിയ പ്രതിയുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്ത്രര മന്ത്രാലയം അറിയിച്ചു. റിയാദ് സീസണ്‍ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച സംഗീതനിശയില്‍ പങ്കെടുത്തവരെ ആക്രമിച്ച യെമനി യുവാവിന്റെ വധശിക്ഷയാണ് നടപ്പാക്കിയത്. പരിപാടി നടന്നു കൊണ്ടിരിക്കുന്നതിനിടെ സ്‌റ്റേജിൽ കയറിയ യുവാവ് കത്തിയെടുത്ത് വീശുകയായിരുന്നു. സ്റ്റേജിൽ വനിതകളുടെ നൃത്ത പരിപാടികൾ നടന്നു കൊണ്ടിരിക്കെ കത്തിയുമായി സ്റ്റേജിൽ കയറിയ പ്രതി കത്തി വീശി ആക്രമണം നടത്തുകയായിരുന്നു.
സംഭവത്തിൽ ഒരു യുവതിക്കും മറ്റു മൂന്ന് പേർക്കും പരിക്കേറ്റിരുന്നു. യമനി പൗരനായ ഇമാദ് അബ്ദുല്‍ഖവി അല്‍മന്‍സൂരിക്ക് റിയാദിലാണ് വധശിക്ഷ നടപ്പാക്കിയത്. ഇക്കഴിഞ്ഞ നവംബറിൽ പതിനൊന്നിന് കിംഗ് അബ്‌ദുല്ല പാർക്കിൽ നടന്ന ലൈവ് പരിപാടിക്കിടെയുണ്ടായ ആക്രമണത്തിൽ സ്‌പാനിഷ് തീയേറ്റർ ഗ്രൂപ്പാണ് ആക്രമണത്തിനിരയായത്. യമനിലെ അൽഖാഇദയാണ് ഇതിന് വേണ്ട സഹായങ്ങൾ നൽകിയതെന്ന് നേരത്തെ തന്നെ അധികൃതർ കണ്ടെത്തിയിരുന്നു. പരിപാടി ശ്രവിക്കാനും വീക്ഷിക്കാനും എത്തിയ ആസ്വാദകരെ ഭീതിയിലാക്കിയും അരാജകത്വം സൃഷ്ടിച്ചും ആക്രമണം നടത്തുന്നതിന് യെമനിലെ അല്‍ഖാഇദ നേതാവാണ് ഭീകരനെ ചുമതലപ്പെടുത്തിയത്.
യെമനിലെ അല്‍ഖാഇദ അംഗമായ ഇദ്ദേഹം പോരാട്ടങ്ങളില്‍ പങ്കെടുത്തതായും അന്വേഷണങ്ങളില്‍ കണ്ടെത്തിയിരുന്നു. അറസ്റ്റിലായ പ്രതിക്ക് വിചാരണ കോടതി വധശിക്ഷ വിധിക്കുകയും ഇത് അപ്പീല്‍ കോടതിയും സുപ്രീം കോടതിയും ശരിവെക്കുകയും ശിക്ഷ നടപ്പാക്കുന്നതിന് ഭരണാധികാരി സല്‍മാന്‍ ബിൻ അബ്ദുൽ അസീസ് രാജാവ് അനുമതി നൽകുകയും ചെയ്‌തതോടെയാണ് വദാസ് ശിക്ഷ നടപ്പാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."