ഇഖ്ബാലിനെ പാടുമ്പോള്‍
'ഭാരതീയ നവോത്ഥാനത്തിന്റെ ആധികാരിക ശബ്ദമായിരുന്നു ഇഖ്ബാലിന്റെ നാദം 'എന്ന ഉമാശങ്കര്‍ ജോഷിയുടെ അഭിപ്രായം എത്ര അര്‍ത്ഥവത്താണ്. വിശ്വമഹാകവി അല്ലാമാ മുഹമ്മദ് ഇഖ്ബാലിനെ അറിയാത്തവരായി രാജ്യത്ത് ആരുമുണ്ടാകില്ല. 'സാരേ ജഹാം സേ അച്ഛാ, ഹിന്ദോസ്താം ഹമാരാ.
ഹം ബുല്‍ബുലേം ഹേം ഇസ്‌കീ, യഹ് ഗുല്‍സിതാം ഹമാരാ'. ജന്മനാടിനോടുള്ള പ്രണയത്തിന്റെ അനശ്വരമായ കാവ്യശകലങ്ങള്‍. ഇഖ്ബാലെന്ന് പറയുമ്പോള്‍ തന്നെ മനസ്സിലേക്ക് ഓര്‍മ വരുന്നത് 'തരാനാ ഹിന്ദിന്റെ' ഈരടികളാണ്. ഇഖ്ബാലന്ന കവിയെ അനശ്വരമാക്കാന്‍ ഇത് മാത്രം മതി. 'ഉര്‍ദു', 'മുസ്ലിം ലീഗ്' എന്നെല്ലാം കേള്‍ക്കുമ്പോഴും ഇഖ്ബാലിന്റെ ഓര്‍്മ്മകള്‍ തികട്ടിയെത്തും.
ഒരു ജനതയുടെ സ്വാതന്ത്ര്യ സ്വപ്‌നങ്ങള്‍ക്ക് തന്റേതായ വിപ്ലവ വീര്യം ഇഖ്ബാലെന്ന കവി പകര്‍ന്നേകി. സാര്‍വലൗകികതയും ന്യൂനപക്ഷ മുസ്ലിം പ്രശ്‌നങ്ങളും ഇഖ്ബാലിന്റെ സ്ഥിരം പ്രമേയങ്ങളായിരുന്നു.
1877 നവംബര്‍ 9ന് ശൈഖ് നൂര്‍മുഹമ്മദിന്റെയും ഇമാം ബീവിയുടേയും മകനായി ഇന്നത്തെ പാകിസ്താനിലെ സിയാല്‍കോട്ടിലായിരുന്നു ഇഖ്ബാലിന്റെ ജനനം. ഏതാനും തലമുറകള്‍ക്ക് മുന്നേ ഇസ്ലാം മതം സ്വീകരിച്ച ഒരു കാശ്മീരി ബ്രാഹ്മണ കുടുംബമായിരുന്നു അവരുടേത്. കര്‍ശനമായ മത നിഷ്ഠയില്‍ ജീവിച്ചു പോന്നിരുന്ന മാതാപിതാക്കളുടെ സ്വഭാവ ഗുണങ്ങള്‍ ഇഖ്ബാലില്‍ ചിട്ടയായ വ്യക്തിത്വവും വീക്ഷണങ്ങളും രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ചു.
സൂഫി ഗൃഹാന്തരീക്ഷം നല്‍കിയ ചുറ്റുപാടിന് പുറമേ മൗലാന ഗുലാം ഹസന്റെ കീഴിലായിരുന്നു പ്രാഥമിക വിദ്യാഭാസം. അവിടെ വെച്ച് തന്നെ ഇഖ്ബാലിന്റെ കാവ്യാഭിരുചിയും ഭാഷാനൈപുണ്യവും ചിന്താ രീതിയും വികസിക്കപ്പെട്ടു എന്ന് പറയാം. പുതിയ ചക്രവാളങ്ങള്‍ക്കായി വിദ്യാര്‍ത്ഥിയായിരുന്ന ഇഖ്ബാല്‍ മനഃക്കോട്ട കെട്ടിയ കാലം.
ഉര്‍ദു, അറബി, പേര്‍ഷ്യന്‍, ഇംഗ്ലീഷ്, തുടങ്ങി വിവിധ ഭാഷകളില്‍ ഇഖ്ബാല്‍ അഗ്രഗണ്യനായിരുന്നു. ലാഹോര്‍ ഗവണ്മെന്റ് കോളേജില്‍ നിന്ന് പ്രൊഫ. അര്‍ണോള്‍ഡിന്റെ കീഴില്‍ എം.എ ഫിലോസഫി ബിരുദം പുര്‍ത്തിയാക്കി. ഉര്‍ദു ഭാഷയില്‍ പ്രത്യേക താല്പര്യമുണ്ടായിരുന്ന പ്രൊഫ.അര്‍ണോള്‍ഡാണ് ഇഖ്ബാലിനെ യൂറോപ്പിലേക്ക് ഉന്നത വിദ്യാഭാസ്യത്തിന് അയക്കുന്നത്. ശേഷം ലണ്ടനില്‍ നിന്നും മ്യൂനിച്ചില്‍ നിന്നും ഫിലോസഫിയില്‍ ഇഖ്ബാല്‍ ഡോക്ടറേറ്റ് നേടുന്നു. കൂടാതെ ഇഖ്ബാല്‍ നിയമ പഠനവും നടത്തുകയും നിയമജ്ഞനായി ജോലിനോക്കുകയും ചെയ്തു. കിഴക്കിന് കാലഗതിയില്‍ എപ്പഴോ കൈമോശം വന്ന തത്ത്വചിന്തയുടെ വാതായനങ്ങള്‍ ഒരിക്കല്‍ കൂടി ഇഖ്ബാലിലൂടെ ലോകത്തിന് മുന്‍പാകെ മലര്‍ക്കെ തുറക്കപ്പെട്ടു. സിതാരോന്‍ സെ ആഗെ (നക്ഷത്രങ്ങള്‍ക്കുമപ്പുറം) മറ്റൊരു ലോകമുണ്ടന്നു കവിപാടി. വാക്കുകള്‍കൊണ്ട് അനുവാചകരുടെ അന്തരാളങ്ങളില്‍ കൊടുങ്കാറ്റുതീര്‍ത്ത കവി, ഉലയുന്ന മനസ്സുകള്‍ക്ക് തെളിനീരായി. ഇഖ്ബാല്‍ കിഴക്കിന്റെ കവിയായി വാഴ്ത്തപ്പെട്ടു.
ഉര്‍ദു എന്ന ഭാഷ തന്നെ അതിലെ സാഹിത്യ കൃതികള്‍ കൊണ്ടും കലാ സമ്പത്തുകൊണ്ടും ലോകത്തിന്റെ നെറുകയില്‍ ഇന്ത്യാ ഉപഭൂഗണ്ഡത്തിന്റെ മാഹാത്മ്യം വിളിച്ചോതുന്ന ഒന്നാണ് . അവിടെയാണ് ഇഖ്ബാലാന്ന വിശ്വമഹാകവി ചരിത്രം രചിക്കുന്നതും. ജീവിത വിനോദങ്ങളുടെ സാരള്യവും, പ്രേമ വിരഹ ഭാവനകളും നിഴലിച്ചു നിന്ന പ്രഗല്‍ഭ കവിത്രയങ്ങളായ ഗാലിബും മീറും മോമിനും സൃഷ്ടിച്ച വാര്‍പ്പ് മാതൃകകള്‍ പൊളിച്ചെഴുതി ജീവിതയാഥാര്‍ഥ്യങ്ങളെ പ്രമേയമാകുന്നതിലേക്കുള്ള പരിവര്‍ത്തനം ഉറുദു ഭാഷയില്‍ നടത്തുന്നത് ഇഖ്ബാലാണ്്. പാശ്ച്യാത്യ സംസ്‌കൃതിയുടെ നല്ല വശങ്ങള്‍ ഉള്‍ക്കൊണ്ടപ്പോഴും അവരുടെ ധാര്‍മ്മിക പാപ്പരത്തെ ചോദ്യം ചെയ്യാന്‍ ഇഖ്ബാല്‍ മറന്നില്ല. കിഴക്കിന്റെ പ്രൗഢപാരമ്പര്യങ്ങളെ ഇഖ്ബാലിന്റെ കവിതകള്‍ ആഘോഷമാക്കിമാറ്റി.
'മഞ്ഞളിപ്പിക്കാനായി ല്ലെന്‍ മിഴികളെ.
പാശ്ച്യാത്യ പ്രതിഭ തന്‍ പ്രഭാപൂരത്തിന്
മദീനയിലെയും നജഫിലെയും മണ്‍ ധൂളിയാകുന്നു
എന്‍ കണ്കളിലെഴുതിയ സുറുമ'
ദാര്‍ശനികമായ അദ്ദേഹത്തിന്റെ ചിന്താ രീതിയെ യൂറോപ്യന്‍ ജീവിതം സ്വാധീനം ചെലുത്തിയിട്ടുണ്ട്. ധൈഷണികമായി മാനവികതയും ദേശീയതയെക്കാള്‍ സര്‍വ്വ ലൗകികതക്കുമാണ് ഇഖ്ബാല്‍ തന്റെ രചനകളില്‍ പ്രധാന്യം നല്‍കിയത്. ഇത് അക്കാലത്ത് ഒരു പുതിയ ചിന്താധാരക്ക് തന്നെ ജന്മമേകി. ഇഖ്ബാലിന്റെ കവിതകളിലെ ആഴത്തിലുള്ള ഈ സന്ദേശങ്ങള്‍ അദ്ദേഹത്തിന് 'പ്രവാചക കവി' എന്ന നാമം നല്‍കി.
പ്രധാനമായും ഉര്‍ദു, പേര്‍ഷ്യന്‍ ഭാഷകളിലാണ് ഇഖ്ബാല്‍ തന്റെ ഒട്ടുമിക്ക രചനകളും നടത്തിയത്.
ബാങ്കെദരാ, ബാലെ ജിബ്രീല്‍, സറബെ കലിം, അറമുഖനെ ഹിജാസ്, അസ്‌റാറെ ഖുദി, ശിക്‌വാ, ജവാബ് എ ശിക്്‌വാ, ജാവേദ് നാമ എന്നിവയാണ് പ്രധാന ഗ്രന്ഥങ്ങള്‍.
'തരാനെ ഹിന്ദ് 'പോലുള്ള ആദ്യ കാല രചനകള്‍ എല്ലാം 'ബാങ്കെ ദറയില്‍' പെടുന്നു.
കൂട്ടിലടക്കപ്പെട്ട പക്ഷി മുതല്‍ രാജ്യ സ്‌നേഹവും, ഭാരതീയ സംസ്‌കാരവും, മാനവിക മൂല്യങ്ങളും പ്രവാചക പ്രണയവും എല്ലാം ഇഖ്ബാലിന്റെ രചന വിഷയമാകുന്നു. ദൈവത്തോട്, താനൊരു പാട്ടുകാരനാണ് എന്ന് ജനങ്ങള്‍ തെറ്റിദ്ധരിക്കുന്നു, എന്ന് പോലുള്ള ചെറു പരാതികളടക്കം ഇഖ്ബാല്‍ എഴുതിയ ശിക്്‌വായും അതിന് ദൈവ മറുപടിയെന്നോണം എഴുതിയ ജവാബ് എ ശികവായും ഇക്കൂട്ടത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.
യൂറോപ്പില്‍ നിന്നുള്ള മടങ്ങി വരവിനു ശേഷം ഇഖ്ബാല്‍ ലാഹോറില്‍ അഭിഭാഷകനായി ജോലി നോക്കി. അഭിഭാഷകനായി തിളങ്ങാന്‍ കഴിഞ്ഞെങ്കിലും തന്റെ മാര്‍ഗം അതല്ലെന്നും കവിയും തത്വചിന്തകനും ആയ തനിക്ക് സമുദായത്തോട് ഒരുപാട് സന്ദേശങ്ങള്‍ കൈമാറാനുണ്ടെന്ന ചിന്ത അദ്ദേഹത്തെ വക്കീല്‍ ജോലി ഉപേക്ഷിക്കാന്‍ പ്രേരിപ്പിച്ചു. 1910ല്‍ നടന്ന ആള്‍ ഇന്ത്യ മുഹമ്മദന്‍ എഡ്യൂക്കേഷന്‍ കോണ്‍ഫെറെന്‍സില്‍ അധ്യക്ഷനായാണ് ആദ്യമായി ഇഖ്ബാല്‍ രാഷ്ട്രീയ രംഗത്തേക്കിറങ്ങുന്നത്. ഇടക്ക് സാമൂഹ്യ സേവനത്തിനായി തന്റെ എഴുത്തിനെ പോലും ഉപേക്ഷിക്കുന്നതിനെ പറ്റി അദ്ദേഹം ആലോചിട്ടുണ്ട്.
1920ല്‍ ഇഖ്ബാലിന്റെ കവിതകളെ നിരൂപണം ചെയ്യുമ്പോള്‍ ഇം.എം ഫ്രോസ്റ്റര്‍ എഴുതുകയുണ്ടായി 'ഇന്ത്യന്‍ കവികള്‍ക്ക് രാഷ്ട്രീയത്തില്‍ നിന്ന് വിട്ട് നില്‍ക്കാനാവില്ല' എന്ന്.
അതിനെ ശരിവെക്കുന്നതായിരുന്നു 1918 മുതല്‍ 1925 വരെയുള്ള ഇന്ത്യന്‍ സ്വതന്ത്ര സമര ചരിത്രം. ഇഖ്ബാലും ഈയൊരവസരത്തില്‍ ധൈഷണികമായി അസ്വസ്ഥനായിരുന്നു. അത് അദ്ദേഹത്തിന്റെ ചിന്തയിലും അനുരണനങ്ങള്‍ സൃഷ്ടിച്ചു. സാമ്രാജ്യത്വം, കോളനിവല്‍ക്കരണം, അധിനിവേശം, എന്നിവയെ ശക്തമായി എതിര്‍ത്തിരുന്ന ഇഖ്ബാലും രാഷ്ട്രീയ മുന്നേറ്റങ്ങളുടെ സജീവ ഭാഗമായി. രാജ്യസ്‌നേഹ നിര്‍ഭരമായ രചനകള്‍ നടത്തി യുവജങ്ങളുടെ മനസ്സിലദ്ദേഹം വിപ്ലവം സൃഷ്ടിച്ചു.
എന്നാല്‍ ഇതിനിടയിലും അദ്ദേഹത്തിന് സ്വന്തമായ കാഴ്ച്ചപ്പാടുകളുണ്ടായിരുന്നു. ഒരു തത്ത്വചിന്തകന്‍ എന്ന നിലയില്‍ അദ്ദേഹം 'ദേശീയതയ്ക്ക് 'എതിരായിരുന്നു. ആത്യന്തികമായ വിശകലനത്തില്‍ ദേശീയത സിദ്ധാന്തം സാര്‍വലൗകിക മാനവ സാഹോദര്യത്തിനും യഥാര്‍ത്ഥമായ മനുഷ്യ വികാസത്തിനും വിഘാതമാണെന്ന് അദ്ദേഹം വാദിച്ചു. അതിന് അദ്ദേഹം ലോക മഹായുദ്ധങ്ങളെ ഉദാഹരണമാകുകയും ചെയ്തു.
രാജ്യ സ്‌നേഹവും ദേശീയതയും രണ്ടാണെന്ന് ഇഖ്ബാല്‍ വാദിച്ചു. അത് അദ്ദേഹത്തിന്റെ കവിതകളില്‍ നിന്ന് തന്നെ വ്യക്തമാണ്. കാരണം ഗംഗയെയും ഹിമാലയത്തെയും ഭാരത്തിലെ മണ്ണിനെയും ഇത്രമേല്‍ സ്‌നേഹിച്ച മറ്റൊരു കവി ഉണ്ടാകില്ല. പക്ഷെ മാനവിക ന്യുനപക്ഷ മൂല്യങ്ങള്‍ക്ക് ദേശീയത വിനാശകരമാണെന്ന അപകടം അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. അദ്ദേഹം തന്റെ രാഷ്ട്രീയത്തെ മതസൗഹാര്‍ദത്തിന്റെയും മാനവികതയുടെയും മൂല്യങ്ങള്‍ക്ക് മേലാണ് പ്രതിഷ്ഠിച്ചിരുന്നത്.
1919 ല്‍ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഭാഗമായ ഇഖ്ബാല്‍ പിന്നീട് അതില്‍ നിന്നും പിന്മാറി. മൗലാന മുഹമ്മദലിയോടുള്ള വിയോജിപ്പ് കാരണം നിസ്സഹകര പ്രസ്ഥാനത്തില്‍ നിന്നും അദ്ദേഹം വിട്ട് നിന്നിരുന്നു. എന്നാല്‍ അവര്‍ തമ്മിലുള്ള സൗഹൃദത്തില്‍ കോട്ടമൊന്നും വന്നില്ല. ഇഖ്ബാലിന്റെ ഈ നടപടികള്‍ കൂടാതെ 1922ലെ നൈറ്റ്ഹുഡ് ബഹുമതി സ്വീകരിച്ചതും അദ്ദേഹത്തിന് നേരെ വിമര്‍ശന ശരങ്ങള്‍ വരുന്നതിന് കാരണമായി. അദ്ദേഹം ബ്രിട്ടീഷ്‌കാരന്റെ മുന്നില്‍ തൊപ്പിയൂരി സമര്‍പ്പിച്ചെന്നൊക്കയായിരുന്നു പ്രധാന വിമര്‍ശനം.
പക്ഷെ ഇഖ്ബാല്‍ തന്റെ എഴുത്തുകളിലൊന്നും തന്നെ ഒരു വിട്ടുവീഴ്ചയും ചെയ്തില്ല. പതിവുപോലെ ബ്രിട്ടീഷ് രാജിനെ നിശിതമായി വിമര്‍ശിച്ചു കൊണ്ടേയിരുന്നു. 1926ഓടെ സര്‍വ്വേന്ത്യാ മുസ്ലിം ലീഗ് സജീവമായതോടെ ഇഖ്ബാല്‍ പഞ്ചാബ് പ്രവിശ്യയില്‍ നിന്ന് മത്സരിച്ച് ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ എത്തി. അതോടെ ശാന്തമായ രാഷ്ട്രീയത്തില്‍ നിന്ന് പ്രക്ഷുബ്ധമായ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയായിരുന്നു അദ്ദേഹം.
1927ല്‍ ഗാന്ധിയോടും ജിന്നയോടുമുള്ള വിയോജിപ്പ് കൊണ്ട് സൈമണ്‍ കമ്മീഷനെ ഇഖ്ബാല്‍ അംഗീകരിച്ചു. ഇത് ലീഗിനകത്ത് ഉരുത്തിരിഞ്ഞ ഭിന്നിപ്പില്‍ ഇഖ്ബാലും സര്‍ മുഹമ്മദ് ഷാഫിയും ജിന്നയുടെ മറു ചേരിയിലായി. ജിന്ന സാഹിബ് പഞ്ചാബ് ലീഗ് പിരിച്ചു വിട്ടപ്പോള്‍ ഇരുവരും മറ്റൊരു ലീഗിന് രൂപം നല്‍കി. ഒടുവില്‍ നെഹ്‌റു റിപ്പോര്‍ട്ടിനെതിരെ മുസ്ലിം ഐക്യം സ്വരൂപിക്കാനായി 1928 ല്‍ ലഖ്‌നൗവില്‍ നടത്തപ്പെട്ട മുസ്ലിം കോണ്ഫറന്‌സിന്റെ മുഖ്യ സംഘടകനായിരുന്നു ഇഖ്ബാല്‍. അവിടെ വെച്ച് ലീഗിലെ ഭിന്നത അവസാനിക്കുകയും 1930 ലെ ലീഗ് വാര്‍ഷിക സമ്മേളനത്തിന്റെ അധ്യക്ഷനായി ഇഖ്ബാലിനെ അവരോധിക്കുകയും ചെയ്തു. അലഹബാദില്‍ നടന്ന ഈ സമ്മേളനത്തിലാണ് സ്വാതന്ത്രാനന്തരം ഉണ്ടായേക്കാവുന്ന സംസ്‌കാര പുനര്‍വിഭജനത്തെ കുറിച്ച അദ്ദേഹം പരാമര്‍ശിക്കുന്നത്.
ഇന്ത്യക്കകത്ത് മുസ്ലിം സമുദായം സ്വന്തം സാംസ്‌കാരികമായ പ്രത്യേകതകളോടെ നിലകൊള്ളുന്ന ഒരു പ്രവിശ്യയെയോ സംസ്ഥാനത്തെയോ സംബന്ധിച്ചു ഉള്ള ആശയങ്ങള്‍ മാത്രമാണ് അന്ന് അദ്ദേഹം പ്രതിപാദിച്ചത്. വിഭജനത്തെ കുറിച്ചോ ദ്വിരാഷ്ട്ര വാദത്തെ കുറിച്ചോ അദ്ദേഹം എഴുതുകയോ സ്വപ്നം കാണുകയോ പോലും ചെയ്തിരുന്നില്ല.
അതിന്റെ ഏറ്റവും വല്ല്യ തെളിവാണ് മൂന്നാം വട്ട മേശ സമ്മേളനത്തില്‍ 'പാകിസ്ഥാന്‍ 'എന്ന പ്രത്യേക പ്രവിശ്യയെ കുറിച് സംസാരിക്കാതത് കാരണം അദ്ദേഹത്തെ നിശിതമായി എതിര്‍ത്തത് റഹ്മത്ത് അലിയാണ്. (പില്‍കാലത്ത് പാകിസ്ഥാന്‍ എന്ന പേര് നിര്‍ദേശിച്ച വ്യക്തി)
1938 ല്‍ അദ്ദേഹം വഫാത്തായതിന് ശേഷമാണ് രണ്ട് വര്‍ഷം കഴിഞ്ഞ് പാകിസ്ഥാന്‍ പ്രമേയം കൊണ്ടുവരുന്നത് തന്നെ. എന്തിനെക്കുറിച്ചും വ്യക്തമായ അഭിപ്രായമുള്ള ഇഖ്ബാല്‍ കമ്മ്യൂണിസത്തെയും ലെനിനെയും എതിര്‍ത്തിരുന്നു. മത നിഷേധവും വ്യക്തി സ്വാതന്ത്രത്തിന്റെ അപചയവും ഇതിന് കാരണമായി ഇഖ്ബാല്‍ ചൂണ്ടിക്കാട്ടി. മാനവികതക്കും മാനുഷിക മൂല്യങ്ങള്‍ക്കും പരിഗണന നല്‍കിയിരുന്ന ഇഖ്ബാല്‍ തന്റെ കവിതയില്‍ ഇപ്രകാരം പറയുന്നു.
'ഉന്നത പഥമേറട്ടെ നിന്‍ സ്വത്വം !
ഓരോ വിധി നിര്‍ണയത്തിന് മുമ്പും
തന്‍ ദാസനോട് ചോദിക്കട്ടെ ദൈവം
നിന്‍ അഭീഷ്ടമെന്തന്ന് ചൊല്ലിയാലും.'
മനുഷ്യന്‍ സ്വന്തം മാര്‍ഗത്തിന്റെ സൃഷ്ടാവും സംവിധയകനുമാണ് എന്നാണ് ഇഖ്ബാല്‍ പ്രഖ്യാപിക്കുന്നത്.ഇന്ത്യന്‍ ചരിത്രത്തില്‍ കിഴക്കിന്റെ സൂര്യന്‍ ടാഗോര്‍ ആണെങ്കില്‍ പടിഞ്ഞാറിന്റെ ചന്ദ്രന്‍ ഇഖ്ബാല്‍ ആണെന്ന് നിസ്സംശയം പറയാം.
'Godi mein khelthi hein iski hazaron nadiyan'enn paranj gangayeyum 'vah santhari hamara''vah pasban hamara'
അതായത് ഹിമാലയത്തെ പോലും ഇത്രമേല്‍ വര്‍ണ്ണിച്ച മറ്റൊരു രാജ്യ സ്‌നേഹിയും ഇന്ത്യയില്‍ ഉദയം കൊണ്ടിട്ടില്ല, അപ്പോഴാണ് വിഭജനത്തിന്റെ പേരില്‍ ഇന്ത്യന്‍ മനസ്സുകളില്‍ നിന്ന് ഇഖ്ബാലിന്റെ സ്ഥാനം അപചയിക്കുന്നതോര്‍ത് സങ്കടപ്പെടേണ്ടി വരുന്നത്. അവസാന നാളുകളില്‍ ഇഖ്ബാല്‍ രോഗശയ്യയില്‍ കിടക്കുമ്പോഴും തന്റെ സമുദായത്തിന്റെ ആവശ്യങ്ങള്‍ക്കായി ഇഖ്ബാല്‍ ശബ്ദമുയര്‍ത്തിയിരുന്നു.
ഇഖ്ബാല്‍ നെഹ്‌റുവിനോട് മുഖാമുഖം ചോദിച്ച ചോദ്യം ഇന്നും പ്രസക്തമാണ് '80 മില്യണ്‍ ആളുകള്‍ അടങ്ങുന്ന ന്യൂനപക്ഷ ജനതയുടെ ഏറ്റവും കുറഞ്ഞ സുരക്ഷ വ്യവസ്ഥകള്‍ പോലും അനുവദിക്കാനോ ഒരു മൂന്നാം കക്ഷിയുടെ മധ്യസ്ഥം അംഗീകരിക്കാനോ കൂട്ടാക്കാത്ത ഭൂരിപക്ഷ സമുദായം തങ്ങള്‍ക്ക് മാത്രം ഗുണം കിട്ടുന്ന ദേശീയതയെ കുറിച്ച നിരന്തരം സംസാരിച്ചു കൊണ്ടിരുന്നാല്‍ എങ്ങനെയാണ് ഇന്ത്യയുടെ പ്രശ്‌നം പരിഹരിക്കപ്പെടുക?'.
ഈ ചോദ്യം ഇന്നും ഓരോ ഇന്ത്യന്‍ മുസല്‍മാന്റെയും ചോദ്യമാണ്. ഇവിടെ തന്നെയാണ് ഇന്നും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ പ്രസക്തി വാനോളം ഉയരുന്നതും.
അദ്ദേഹത്തിന്റെ ദക്ഷിണേന്ത്യ പ്രഭാഷണങ്ങ
'Re-contsrction of religious thought in islam' എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ദേഹത്തെ പാകിസ്ഥാന്‍ ഗവണ്മെന്റ് ദേശീയ കവിയായി പ്രഖ്യാപിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ജന്മ ദിവസം (നവംബര്‍ 9) ലോക ഉര്‍ദു ദിനമായി ഇന്നും ആചരിക്കുന്നു.
ഒടുവില്‍ 1938 ഏപ്രില്‍ 21ന് 'അല്ലാഹ്' എന്നുച്ചരിച്ച് മരണം പ്രാപിക്കുന്നതിന് മുമ്പ് സങ്കടപ്പെട്ട് നില്‍ക്കുന്നവരോടായി അല്ലാമാ മൊഴിഞ്ഞു :
'വിവരിപ്പൂ ഞാന്‍,
സത്യവിശ്വാസി തന്‍ ലക്ഷണം
മൃത്യുവിന് വേളയില്‍ അധരങ്ങളില്‍
പൂത്തുല്ലസിക്കും മന്ദസ്മിതം.'
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."