HOME
DETAILS
MAL
വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയത് ഷൂ നശിപ്പിച്ചതിലുള്ള വൈരാഗ്യം
backup
April 23 2020 | 02:04 AM
സ്വന്തം ലേഖകന്‍
തിരുവല്ല: പത്തനംതിട്ട കൊടുമണ്‍ അങ്ങാടിക്കല്‍ വടക്ക് സുധീഷ് ഭവനത്തില്‍ സുധീഷിന്റെയും മിനിയുടേയും മകന് അഖിലി (16)ന്റെ കൊലപാതകം പ്രതികളില്‍ ഒരാളുടെ ഷൂസ് അഖില്‍ നശിപ്പിച്ചതു മൂലമുള്ള വൈരാഗ്യത്തെ തുടര്‍ന്നെന്ന് പൊലിസ്. പ്രതികളായ സമപ്രായക്കാര്‍ വീട്ടില്‍നിന്ന് വിളിച്ചുകൊണ്ടുപോയത് കൊല്ലാന്‍ വേണ്ടിത്തന്നെ ആയിരുന്നെന്നും പൊലിസ് കണ്ടെത്തി.
പ്രതികളില്‍ ഒരാളുടെ ഷൂസ് അഖില്‍ ഉപയോഗിച്ച് നശിപ്പിച്ചുവെന്നു പറഞ്ഞുള്ള തര്‍ക്കമാണ് കൊലയില്‍ കലാശിച്ചത്. ഷൂസിന് പകരം മൊബൈല്‍ ഫോണ്‍ കൊടുക്കാമെന്ന അഖലിന്റെ വാഗ്ദാനം നടക്കാത്തതിന്റെ പേരില്‍ ഇതിനു മുന്‍പും അടിപിടി നടന്നിരുന്നു.
ചൊവ്വാഴ്ച പകല്‍ 12 മണിയോടുകൂടിയാണ് അഖിലിനെ കൂട്ടുകാര്‍ രണ്ടുപേരും ചേര്‍ന്ന് വീട്ടില്‍നിന്നു വിളിച്ചുകൊണ്ടു പോയത്. സൈക്കിളില്‍ മൂവരും അങ്ങാടിക്കല്‍ എസ്.എന്‍.വി സ്കൂളിനടുത്ത് ആരുടേയും ശ്രദ്ധയില്പെടാത്ത റബര്‍ തോട്ടത്തില്‍ വന്നു. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനൊടുവിലാണ് കൊലപാതകം നടന്നത്.
സി.ഐ ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. സംഭവസ്ഥലത്തുനിന്ന് അഖിലിനെ കൊല്ലാന്‍ വേണ്ടി ഉപയോഗിച്ച പാറക്കല്ല്, കോടാലി, കത്തി, ചോരപുരണ്ട മണ്ണ് എന്നിവയും പ്രതികള്‍ സഞ്ചരിച്ച സൈക്കിളും കണ്ടെടുത്തു. പത്തനംതിട്ടയില്‍ നിന്ന് പൊലിസ് ഫോറന്‍സിക് വിദഗ്ധര്‍ സംഭവസ്ഥലത്ത് വിശദപരിശോധന നടത്തി. പ്രതികള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ സംഭവസ്ഥലത്തു കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തിയില്ല. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതികളെ പത്തനംതിട്ട ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.
അഖിലിന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലെ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."