വൈറസ് ഭീഷണി തുടരുമെന്ന് ലോകാരോഗ്യ സംഘടന
ജനീവ: കൊറോണ വൈറസ് അടുത്തൊന്നും ഒഴിഞ്ഞുപോകില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. വിവിധ രാജ്യങ്ങള്‍ നിലവില്‍ വൈറസ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിലാണുള്ളതെന്നു വ്യക്തമാക്കിയ സംഘടനാ തലവന്‍ ടെഡ്രസ് അദാനം, ലോകത്തെ ആരോഗ്യ രംഗത്തെ മാത്രമല്ല, സാമ്പത്തിക മേഖലയടക്കമുള്ളവയെയും വൈറസ് കാര്യമായി ബാധിക്കുമെന്നും വ്യക്തമാക്കി.
കഴിഞ്ഞ ദിവസം വൈകി നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു ലോകാരോഗ്യ സംഘടന ഈ മുന്നറിയിപ്പ് നല്‍കിയത്. സംഘടനയ്ക്കുള്ള ഫണ്ട് നിര്‍ത്തിവച്ച നടപടി അമേരിക്ക പുനരാലോചിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം, നിലവില്‍ ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്നും പറഞ്ഞു. യൂറോപ്പിലും അമേരിക്കയിലും ഏഷ്യയിലും പ്രതിസന്ധിയുണ്ടാക്കിയ വൈറസ്, നിലവില്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ആദ്യഘട്ട വ്യാപനത്തിലാണെന്നാണ് സംഘടന വ്യക്തമാക്കുന്നത്. അതിനാല്‍തന്നെ ഇനിയും ഒരുപാട് കാലം വൈറസ് നമുക്കൊപ്പമുണ്ടാകുമെന്നും ടെഡ്രസ് അദാനം വ്യക്തമാക്കി. വൈറസ് റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ അതിന്റെ രണ്ടാം വരവ് നടക്കുന്നുണ്ടെന്നും അതിനാല്‍തന്നെ, രാജ്യങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. പല രാജ്യങ്ങളിലും ധൃതിപ്പെട്ട് ഇളവുകള്‍ അനുവദിക്കുന്നത് നല്ലതല്ലെന്ന് സംഘടന വ്യക്തമാക്കിയിരുന്നു.അതേസമയം, അമേരിക്കയുടെ തീരുമാനം പുനരാലോചിക്കണമെന്ന പ്രസ്താവനയ്ക്കു രാഷ്ട്രീയ പ്രാധാന്യവുമുണ്ട്. ലോകാരോഗ്യ സംഘടനയ്ക്കു ബദലുണ്ടാക്കാനുള്ള ശ്രമത്തിലാണ് അമേരിക്കയെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിറകേയാണ് ഈ അഭ്യര്‍ഥന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."