നൈഹ ഫാത്തിമ നോവായി മറഞ്ഞു: പ്രായം കുറഞ്ഞ കൊവിഡ് ബാധിതക്കു രോഗം വന്ന വഴി അജ്ഞാതം, സമ്പര്‍ക്കം ഉണ്ടായി എന്നത് നിഗമനം: നേരത്തെ രണ്ട് സ്വകാര്യ ആശുപത്രികളില്‍ കുട്ടി ചികിത്സ തേടി
കോഴിക്കോട്: കൊവിഡ് ബാധിച്ച് മരിച്ച നാല് മാസം പ്രായമായ നൈഹ ഫാത്തിമക്കു കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് ഇന്ന് ഹൃദയാഘാതം മൂലം കുഞ്ഞ് മരിച്ചത്. മഞ്ചേരി സ്വദേശികളുടെ ഈ കുഞ്ഞിനെ കോഴിക്കോട് കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമാണ് കബറടക്കിയത്.
കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കൊവിഡ് ബാധിതയായ ഈ കുഞ്ഞിന് എങ്ങനെ രോഗം പകര്‍ന്നു എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. കുഞ്ഞിന് കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു എന്നാണ് ആരോഗ്യ മന്ത്രി കെ.കെ ശൈലജ അറിയിച്ചത്. ജന്‍മനാ തന്നെ ശ്വാസകോശ, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കുഞ്ഞിനുണ്ടായിരുന്നു. ആരോഗ്യ നില തീര്‍ത്തും വഷളായ നിലയിലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജീവന്‍ രക്ഷിക്കാന്‍ പരിശ്രമിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഒറ്റ പ്രവശ്യമാണ് പരിശോധന നടത്തിയിട്ടുള്ളതെന്നും മന്ത്രി വിശദീകരിച്ചു.
എവിടെ നിന്നാണ് കുട്ടിക്ക് കൊവിഡ് ബാധ ഉണ്ടായത് എന്നത് കണ്ടെത്തണം. സമ്പര്‍ക്കം ഉണ്ടായി എന്നത് തന്നെയാണ് ആദ്യ നിഗമനം. അതെവിടെനിന്നാണെന്നാണെന്ന് കണ്ടെത്തണം. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തും മുന്‍പ് രണ്ട് സ്വകാര്യ ആശുപത്രികളില്‍ കുട്ടി ചികിത്സ തേടിയിട്ടിണ്ട്. സമ്പര്‍ക്കം എവിടെ നിന്ന് എങ്ങനെ ഉണ്ടായി എന്നത് സംബന്ധിച്ച് കൂടുതല്‍ പരിശോധനകളും ജാഗ്രതയും ഉണ്ടാകും. വളരെ എളുപ്പം കുട്ടികള്‍ക്ക് വൈറസ് പിടിപെടാം. പ്രമായമവരും അസുഖ സാധ്യത ഉള്ളവരും അതീവ ശ്രദ്ധ പുലര്‍ത്തണം. കുട്ടിയുടെ മാതാവിന്റേയും പിതാവിന്റെയും പരിശോധന ഫലം ഇന്ന് കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."