കർശന നിയന്ത്രണങ്ങൾക്കിടയിലും ഭക്തിസാന്ദ്രമായി റമദാനിലെ ആദ്യ ജുമുഅ
ജിദ്ദ: കൊവിഡ് പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങൾക്കിടയിലും വളരെ കുറച്ച് ആളുകളെ പങ്കെടുപ്പിച്ച് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ റമദാനിലെ ആദ്യ ജുമുഅ നമസ്കാരം മക്കയിൽ നടന്നു. പുറത്തു നിന്നുള്ള ആളുകളെ പങ്കെടുപ്പിച്ചില്ല. ഹറം കാര്യാലയ ഉദ്യോഗസ്ഥരും തൊഴിലാളികളും മാത്രമാണ് ജുമുഅ നമസ്കാരത്തിൽ പങ്കെടുത്തത്. ഇതേ രീതിയിൽ മദീന പള്ളിയിലും ജമുഅ നമസ്കാരം നടന്നു.
മക്ക ഹറമിൽ ജുമുഅ ഖുത്തുബക്കും നമസ്കാരത്തിനും ഡോ. സഊദ് ബിൻ ഇബ്രാഹീം അൽശുറൈമും മദീനയിൽ ഡോ. സ്വലാഹ് അൽബദീറും നേതൃത്വം നൽകി. റമദാൻ അതിഥിയായി മുമ്പിലെത്തിയിരിക്കുന്നെങ്കിലും സന്ദർഭം മുമ്പത്തെ പോലെയല്ലെന്നും മഹാമാരിയുടെ ഭീതിക്കിടയിലാണെന്നും മക്ക ഇമാം ഡോ. സഊദ് ബിൻ ഇബ്രാഹീം അൽശുറൈം പറഞ്ഞു. ദുഃഖവും ഉത്കണ്ഠയും നിറഞ്ഞതാണ് അന്തരീക്ഷം. ദൈവസ്മരണയും ആരാധനകളും ദാനധർമങ്ങളും ഖുർആൻ പാരായണവും പാപമോചന പ്രാര്‍ത്ഥനകളും വർധിപ്പിച്ച്, വന്നു ഭവിച്ച പ്രയാസങ്ങളിൽ നിന്ന് രക്ഷതേടി അകമഴിഞ്ഞു പ്രാർഥനയിൽ കഴിയേണ്ട മാസമാണിതെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം മുന്‍കരുതലുകളും അവഗണിച്ച് വിശുദ്ധ ഹറമിനു സമീപം റോഡില്‍ വിദേശികള്‍ കൂട്ടത്തോടെ ജുമുഅ നമസ്കാരം നിര്‍വഹിച്ചു. റോഡില്‍ നമസ്കാര പടങ്ങള്‍ വിരിച്ച് വിവിധ രാജ്യക്കാരായ തൊഴിലാളികള്‍ ജുമുഅ നമസ്കാരത്തില്‍ പങ്കെടുക്കുകയായിരുന്നു. ഹറമിലെ ജുമുഅ നമസ്കാരം പിന്തുടര്ന്നാണ് ഇവര്‍ റോഡില്‍ നമസ്കാരം നിര്‍വഹിച്ചത്.
ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കര്‍ഫ്യൂവും നിയന്ത്രണങ്ങളും ലംഘിച്ച് മക്കയില്‍ വിദേശികള്‍ ജുമുഅയില്‍ പങ്കെടുക്കുന്ന ആദ്യ സംഭവമാണിത്. ഇതുവരെ ഇത്തരമൊരു സംഭവം മക്കയില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."