സംഘ്പരിവാറിനെ തിരിച്ചറിയുന്ന മുസ്‌ലിം രാഷ്ട്രങ്ങള്‍
ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന മുസ്‌ലിം വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരേ മുസ്‌ലിം രാഷ്ട്രങ്ങള്‍ പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുകയാണ്. സംഘ്പരിവാര്‍ സംഘടനകള്‍ ഇന്ത്യയിലും ഇന്ത്യയ്ക്കു പുറത്തുമായി മുസ്‌ലിംകള്‍ക്കെതിരേ വ്യാപകമായി നടത്തിക്കൊണ്ടിരിക്കുന്ന വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരേയാണ് യു.എ.ഇയും ഇതര അറബ് രാഷ്ട്രങ്ങളും വളരെ ശക്തമായി പ്രതികരിച്ചിരിക്കുന്നത്.
ഇന്ത്യയുമായി വളരെ അടുത്ത ബന്ധമാണ് അറബ് രാഷ്ട്രങ്ങള്‍ അടുത്തകാലം വരെ വച്ചുപുലര്‍ത്തിയിരുന്നത്. അതിനാല്‍ തന്നെ ഇന്ത്യയില്‍ നടക്കുന്ന രാഷ്ട്രീയ സംഭവങ്ങളിലോ മറ്റു വര്‍ഗീയ കലാപങ്ങളിലോ അറബ് രാഷ്ട്രങ്ങള്‍ ഇടപെടാറുമില്ല. അതൊക്കെ ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ നടക്കുന്ന പ്രാദേശിക പ്രശ്‌നങ്ങള്‍ എന്ന നിലയ്ക്ക് അവര്‍ വലിയ പ്രാധാന്യം നല്‍കിയിരുന്നില്ല. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ യു.എ.ഇ ഭരണകൂടം അവരുടെ പരമോന്നത ബഹുമതി നല്‍കി ആദരിച്ചത് അറബ് രാഷ്ട്രങ്ങളുമായി ഇന്ത്യ പുലര്‍ത്തിപ്പോന്ന സൗഹാര്‍ദത്തിന്റെ പ്രതീകമായിട്ടായിരുന്നു.
എന്നാല്‍ ഇന്ത്യാ ഗവണ്‍മെന്റ് പാസാക്കിയ പൗരത്വ നിയമ ഭേദഗതി അറബ് രാഷ്ട്രങ്ങള്‍ ഇന്ത്യയോടു പുലര്‍ത്തിപ്പോന്ന സൗഹൃദത്തിനു സാരമായ പരുക്കാണ് ഏല്‍പിച്ചത്. അതിനെ തുടര്‍ന്നാണ് അറബ് ഭരണകൂടങ്ങളും അല്‍ ജസീറ പോലുള്ള പ്രമുഖ അറബ് മാധ്യമങ്ങളും ഇന്ത്യയില്‍ നടക്കുന്ന മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. മാധ്യമങ്ങള്‍ അതു റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയപ്പോള്‍ മുസ്‌ലിം ഭരണകൂടങ്ങള്‍ക്ക് ശ്രദ്ധിക്കാതിരിക്കാനാവാത്ത സ്ഥിതി വരികയായിരുന്നു.
മലേഷ്യന്‍ ഭരണാധികാരിയായിരുന്ന മഹാതിര്‍ മുഹമ്മദ് ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ പൗരത്വ നിയമ ഭേദഗതിക്കെതിരേ പരസ്യമായി രംഗത്തുവന്നതും ഈ വിഷയത്തില്‍ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റി. മറുപടിയായി മലേഷ്യയില്‍ നിന്നുള്ള ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി ഇന്ത്യ നിര്‍ത്തിവച്ചത് ഇന്ത്യയ്ക്കു മേലുള്ള അറബ് രാഷ്ട്രങ്ങളുടെ എതിര്‍പ്പിനു ശക്തി കൂട്ടാന്‍ മാത്രമേ ഉപകരിച്ചുള്ളൂ.
ഇന്ത്യന്‍ പാര്‍ലമെന്റ് പൗരത്വ നിയമ ഭേദഗതി പാസാക്കിയതിനു ശേഷമാണ് അറബ് രാജ്യങ്ങളില്‍ പല പേരുകളില്‍ പ്രവര്‍ത്തിക്കുന്ന സംഘ്പരിവാര്‍ സംഘടനകളിലേക്ക് മുസ്‌ലിം ഭരണകൂടങ്ങളുടെയും മാധ്യമങ്ങളുടെയും ശ്രദ്ധ പതിയാന്‍ തുടങ്ങിയത്. ഇതിനെ തുടര്‍ന്നാണ് അറബ് ലോകം സംഘി പ്രവര്‍ത്തനങ്ങളെക്കുറിച്ചു ചര്‍ച്ച തുടങ്ങിയത്. മുസ്‌ലിം തീവ്രവാദികള്‍ക്കെതിരേ ബഹുഭൂരിപക്ഷം മുസ്‌ലിം സംഘടനകളും പ്രതിഷേധിക്കുമ്പോള്‍ എന്തുകൊണ്ട് ആര്‍.എസ്.എസിനെതിരേ ഹിന്ദു സമൂഹം പ്രതികരിക്കുന്നില്ലെന്ന ചോദ്യങ്ങള്‍ വരെ അറബ് മാധ്യമങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയിരുന്നു.
മുസ്‌ലിംകള്‍ക്കെതിരേയുള്ള വിദ്വേഷ പ്രചാരണത്തിനു കൊവിഡിനെക്കൂടി ആര്‍.എസ്.എസ് കൂട്ടുപിടിക്കാന്‍ തുടങ്ങിയതോടെയാണ് മുസ്‌ലിം രാഷ്ട്ര ഭരണത്തലവന്മാര്‍ പരസ്യമായി ഇന്ത്യാ ഗവണ്‍മെന്റിനെതിരേ രംഗത്തു വന്നത്. തബ്‌ലീഗ് പ്രവര്‍ത്തകരാണ് ഇന്ത്യയില്‍ കൊവിഡ് പടര്‍ത്തിയതെന്ന സംഘ്പരിവാര്‍ കുപ്രചാരണത്തിനെതിരേ യു.എ.ഇ രാജകുടുംബത്തിലെ രാജകുമാരി ഹിന്ദ് ഫൈസല്‍ അല്‍ ഖാസിമി പരസ്യമായി തന്നെ രംഗത്തുവന്നു. മുസ്‌ലിംകള്‍ക്കെതിരേയുള്ള വിദ്വേഷ പ്രചാരണങ്ങള്‍ നിര്‍ത്തിയില്ലെങ്കില്‍ ഇന്ത്യക്കാരെ മുഴുവന്‍ രാജ്യത്തു നിന്ന് പുറത്താക്കുമെന്ന് സി.എന്‍.എന്നിനു നല്‍കിയ പ്രതികരണത്തില്‍ അവര്‍ വ്യക്തമാക്കുകയും ചെയ്തു. ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ വേണ്ടിവന്നാല്‍ ബഹിഷ്‌കരിക്കുമെന്നും അവര്‍ മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ്.
ഇസ്‌ലാമിക രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒ.ഐ.സിയും ഇന്ത്യയിലും അറബ് രാഷ്ട്രങ്ങളിലും ആര്‍.എസ്.എസ് നടത്തുന്ന വര്‍ഗീയ പ്രചാരണങ്ങള്‍ക്കെതിരേ മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ്. ഇന്ത്യയ്‌ക്കെതിരേ യു.എന്‍.ഒയില്‍ പരാതി കൊടുക്കണമെന്ന അഭിപ്രായം വരെ ഉയര്‍ന്നുവന്നിട്ടുണ്ട്.
ആസ്‌ത്രേലിയന്‍ ക്രിസ്ത്യന്‍ മിഷണറി പ്രവര്‍ത്തകനായിരുന്ന ഗ്രഹാം സ്റ്റൂവര്‍ട്ട് സ്റ്റെയിന്‍സിനെയും പത്തും ഏഴും വയസ്സു മാത്രമുണ്ടായിരുന്ന രണ്ട് ആണ്‍മക്കളെയും അവര്‍ സഞ്ചരിച്ചിരുന്ന ജീപ്പ് സഹിതം 1999 ജനുവരി 22ന് ഒഡിഷയില്‍ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ചുട്ടുകൊന്നതിനെത്തുടര്‍ന്ന് യുറോപ്യന്‍ യൂണിയന്‍ ഇന്ത്യാ ഗവണ്‍മെന്റിനു നല്‍കിയ താക്കീതിനെ തുടര്‍ന്നാണ് ഇന്ത്യയില്‍ ക്രിസ്ത്യന്‍ മിഷണറിമാര്‍ക്കു നേരെയുള്ള ആക്രമണം അവസാനിച്ചത്. കൊവിഡാനന്തരം ലോകത്തു വന്‍ സാമ്പത്തികത്തകര്‍ച്ചയാണ് വരാനിരിക്കുന്നത്. പല കമ്പനികളും ഇപ്പോള്‍ തന്നെ ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടിരിക്കുന്നു. നാളെ അറബ് രാഷ്ട്രങ്ങളില്‍ നിന്നും ഇന്ത്യക്കാരെ പുറംതള്ളിക്കൂടായ്കയില്ല.
ഈ പ്രതിസന്ധിയെ മറികടക്കാന്‍ കൂടിയാവണം കൊവിഡിനു ജാതിമതഭേദമില്ലെന്നു നരേന്ദ്രമോദി പറഞ്ഞിട്ടുണ്ടാവുക. മോദിയുടെ പ്രസ്താവന യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ ആവര്‍ത്തിച്ചിട്ടുണ്ടാവുക. കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വിയെക്കൊണ്ട് ഇന്ത്യ മുസ്‌ലിംകള്‍ക്കു സ്വര്‍ഗരാജ്യമാണെന്നു പറയിപ്പിച്ചിട്ടുണ്ടാവുക. മുസ്‌ലിം രോഗികള്‍ക്കു പ്രവേശനം നിഷേധിച്ച മീററ്റിലെ സ്വകാര്യ കാന്‍സര്‍ ആശുപത്രിക്കെതിരേ കേസെടുത്തിട്ടുണ്ടാവുക. മുസ്‌ലിം യുവാവില്‍ നിന്ന് ഡെലിവറി വാങ്ങാന്‍ വിസമ്മതിച്ച ഗജാനന്‍ ചതുര്‍വേദിക്കെതിരേ ശിവസേന ഭരിക്കുന്ന മഹാരാഷ്ട്രയിലെ പൊലിസ് കേസെടുത്തിട്ടുണ്ടാവുക. ഹിന്ദു സന്ന്യാസിമാരെ കൊന്ന ആള്‍ക്കൂട്ടത്തില്‍ ഒരൊറ്റ മുസ്‌ലിമും ഉണ്ടായിരുന്നില്ലെന്ന് മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിക്ക് ആവര്‍ത്തിച്ചു പറയേണ്ടിവന്നിട്ടുണ്ടാവുക. ഇതോടൊപ്പം തന്നെ ഡല്‍ഹിയില്‍ വിദ്യാര്‍ഥി നേതാക്കള്‍ക്കെതിരേ എടുത്ത കള്ളക്കേസുകള്‍ പിന്‍വലിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."