കരുതലോടെ കാത്തു... എന്നിട്ടും ആ കുരുന്ന് കൈവിട്ടു പോയി
മഞ്ചേരി: കൊവിഡിന്റെ മരണപട്ടികയില്‍ നാലു മാസം പ്രായമുള്ള ആ കുരുന്നിന്റെ പേരും എഴുതി ചേര്‍ക്കാതിരിക്കാനുള്ള കരുതലിലായിരുന്നു അവള്‍ക്കു ചുറ്റും കേരളം.
എന്നിട്ടും പ്രാര്‍ഥനയുമായി കാത്തിരുന്ന ഒരു നാടിനെ ഒന്നടങ്കം കണ്ണീരിലാഴ്ത്തി ആ പെണ്‍കുഞ്ഞ് മടങ്ങി. നൈഫ ഫാത്തിമ ഇപ്പോള്‍ മഹാമാരി കേരളത്തില്‍ ജീവനെടുത്ത ഏറ്റവും പ്രായം കുറഞ്ഞവള്‍. രോഗ ബാധിതരായ കുരുന്നുകളുടെ ജീവന്‍ തിരികെപിടിച്ച കേരളത്തിന് നോവായി ഈ കുഞ്ഞുജീവന്‍. നാലു മാസം പ്രായമുള്ള കുഞ്ഞിന് കൊവിഡ് 19 സ്ഥിരീകരിച്ചെന്ന വാര്‍ത്ത പരന്നതോടെ ആരും അവളുടെ ഊരും പേരും അന്വേഷിച്ചിരുന്നില്ല. ആധുനിക ചികിത്സാ സൗകര്യങ്ങള്‍ അവള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഒരുങ്ങി. ഒപ്പം പ്രാര്‍ഥനയും. ലോകത്തെ നടുക്കിയ മഹാമാരിയില്‍ നിന്ന് കുഞ്ഞുജീവനെ രക്ഷിക്കാനായിരുന്നു അവസാന വട്ടം വരെ ആരോഗ്യ പ്രവര്‍ത്തകരുടെ ശ്രമം. എന്നാല്‍ ഐസൊലേഷന്‍ കേന്ദ്രത്തിലെ തീവ്രപരിചരണ വിഭാഗത്തില്‍ ഇന്നലെ പുലര്‍ച്ചെ നൈഫ ഫാത്തിമ മരിച്ചു. മഞ്ചേരി പയ്യനാട് വടക്കാങ്ങര പറമ്പില്‍ അഷ്‌റഫിന്റെയും ആസിഫയുടെയും മൂന്നാമത്തെ മകളാണ് നാലു മാസം പ്രായമുള്ള നൈഫ ഫാത്തിമ. കഴിഞ്ഞ ഡിസംബര്‍ ഒന്‍പതിന് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ജനിച്ചത്. ശാരീരിക അവശതയോടെയായിരുന്നു നൈഫയുടെ ജനനം. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഉള്‍പ്പെടെ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് കൊവിഡ് സ്ഥിരീകരിക്കുന്നതും. നൈഫ അന്ത്യയാത്ര ആയെങ്കിലും അവള്‍ക്ക് എവിടെ നിന്നാണ് കൊവിഡ് പിടിപെട്ടതെന്ന ചോദ്യം ബാക്കിയാവുകയാണിപ്പോഴും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."