കലിയടങ്ങാതെ കടല്‍; ഭീതിയില്‍ തീരദേശം
താനൂര്‍: കടല്‍ക്ഷോഭം കാരണം താനൂരിലെ തീരദേശ കഴിഞ്ഞ രണ്ടാഴ്ചകളായി പ്രക്ഷുബ്ധമായി കൊണ്ടിരിക്കുന്ന കടല്‍ പലയിടങ്ങളിലും കരയെടുത്തു. പുതിയകടപ്പുറം, എടക്കടപ്പുറം, അഞ്ചുടി, ചീരാന്‍ കടപ്പുറം എന്നീ ഭാഗങ്ങളിലാണു കടലാക്രമണം രൂക്ഷമായിട്ടുള്ളത്. ഇവിടങ്ങളില്‍ നൂറു മീറ്ററോളം കരയിലേക്കു കടല്‍ കയറിയിട്ടുണ്ട്. പുതിയകടപ്പുറത്ത് നാനൂറ് മീറ്ററോളം നീളത്തിലാണു കടല്‍ഭിത്തികള്‍ തകര്‍ന്നത്.
എടക്കടപ്പുറത്ത് തീരദേശ റോഡുകള്‍ കടലെടുത്ത് കഴിഞ്ഞു. കഴിഞ്ഞ വര്‍ഷമുണ്ടായ കടലാക്രമണത്തില്‍ താനൂരിന്റെ തീരപ്രദേശങ്ങളില്‍ വ്യാപക നാശനഷ്ടങ്ങളുണ്ടായിരുന്നു. പണ്ടാരകടപ്പുറം, കോര്‍മാന്‍കടപ്പുറം, ജമാല്‍പീടിക, ചാപ്പപ്പടി എന്നീ ഭാഗങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായ കടല്‍ക്ഷോഭത്തില്‍ നിരവധി വീടുകളാണു കടലെടുത്തത്. കടലാക്രമണം രൂക്ഷമായതോടെ ഭീതിയോടെയാണു തീരദേശക്കാര്‍ കഴിയുന്നത്.മത്സ്യ ലഭ്യത കുറഞ്ഞതിനെ തുടര്‍ന്നു പട്ടിണിയിലായ തീരദേശത്തു കടലാക്രമണം കൂടിയായതോടെ ദുരിതം ഇരട്ടിപ്പിച്ചിരിക്കുകയാണ്. തീരദേശത്തുകാരുടെ ദുരിതമകറ്റാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നു മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടു.
കടലാക്രമണമുണ്ടായ തീരദേശത്തു മുസ്‌ലിംലീഗ് നേതാക്കള്‍ സന്ദര്‍ശനം നടത്തി. പുതിയകടപ്പുറം ഭാഗങ്ങളില്‍ കടലെടുത്ത സ്ഥലങ്ങളും ഭിത്തികള്‍ തകര്‍ന്ന പ്രദേശങ്ങളിലുമാണു നേതാക്കള്‍ സന്ദര്‍ശനം നടത്തിയത്.
നാശനഷ്ടങ്ങളുണ്ടായ മത്സ്യത്തൊഴിലാളികള്‍ നേതാക്കളോട് ആവലാതി പറഞ്ഞു. വീടുകള്‍ ഭാഗികമായി തകര്‍ന്നവര്‍ക്കും മറ്റും സര്‍ക്കാര്‍ അടിയന്തരമായി ധനസഹായം നല്‍കണമെന്ന് നേതാക്കല്‍ ആവശ്യപ്പെട്ടു. മുന്‍ എം. എല്‍. എ അബ്ദുറഹ്മാന്‍ രണ്ടത്താണി, മണ്ഡലം മുസ്‌ലിംലീഗ് പ്രസിഡന്റ് മുത്തുകോയ തങ്ങള്‍, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി കെ സലാം, മുസ്‌ലിംലീഗ് പ്രദേശിക നേതാക്കളും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."