സവര്‍ണ രീതിശാസ്ത്രം വേരുറപ്പിക്കുന്നത് അവഗണിക്കരുത്: പ്രൊഫ. എം.വി നാരായണന്‍
തൃശൂര്‍: സവര്‍ണമായ രീതിശാസ്ത്രം സമൂഹത്തില്‍ കൂടുതല്‍ വേരുറപ്പിക്കുന്നത് നാം അവഗണിക്കരുതെന്ന് പ്രഫ.എം .വി നാരായണന്‍ പറഞ്ഞു. കേരള സാഹിത്യ അക്കാദമി ദേശീയ പുസ്തകോത്സവത്തോടനുബന്ധിച്ച് നടത്തിയ സംസ്‌കാരവിമര്‍ശം സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അപരനെ അവഗണിക്കുക മാത്രമല്ല, ഭീകരമായി ആക്രമിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യുന്ന പ്രാകൃതമായ സാംസ്‌കാരികവും രാഷ്ട്രീയവുമായ അവസ്ഥയിലേക്കാണ് ഇന്ത്യ അതിവേഗം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.
വര്‍ത്തമാനത്തെ നഷ്ടപ്പെടുത്താതെ തന്നെ ഭൂതകാലത്തിന്റെ നന്മകളെ സ്വീകരിക്കാനും നാം ശ്രമിക്കേണ്ടതുണ്ട്. അതിലൂടെ മാത്രമേ ഈ പ്രതിസന്ധിയെ നേരിടാനാവൂ എന്നും അദ്ദേഹം വ്യക്തമാക്കി.
മാനവികവിഷയങ്ങളെല്ലാം വായനയില്‍നിന്നും സര്‍വകലാശാലയില്‍നിന്നും പടിയിറങ്ങുന്ന കാലമാണിതെന്ന് അധ്യക്ഷപ്രസംഗത്തില്‍ അക്കാദമി നിര്‍വാഹകസമിതിയംഗം പ്രൊഫ.എം.എം.നാരായണന്‍ പറഞ്ഞു. വിശ്വപ്രസിദ്ധമായ സര്‍വകലാശാലകളില്‍പോലും ഇതാണവസ്ഥ.
അപക്വമായ അഭിരുചികളെയും ചപല സ്വഭാവങ്ങളെയും വില്‍പനച്ചരക്കാക്കുന്ന കമ്പോളസംസ്‌കാരം മേധാവിത്വം നേടുകയാണ്. വായനയുടെ വൈവിധ്യവല്‍കരണം നടക്കുന്നുണ്ടെങ്കിലും സാംസ്‌കാരികമുന്നേറ്റത്തിനും ഇത് വേണ്ടത്ര സഹായകമാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ ഭരണവ്യവസ്ഥയില്‍ ആഭ്യന്തരകൊളോണിയലിസം അട്ടിമറികള്‍ സൃഷ്ടിക്കുകയും കീഴാളശക്തികളെ കൂടുതല്‍ ദുര്‍ബലരാക്കുകയുമാണ് ചെയ്യുന്നതെന്ന് അക്കാദമി നിര്‍വാഹകസമിതിയംഗം കെ.ഇ.എന്‍. പറഞ്ഞു.
അംബേദ്കര്‍, ശ്രീനാരായണഗുരു തുടങ്ങി കീഴാളവര്‍ഗം ഉയര്‍ത്തിപ്പിടിക്കേണ്ടതെല്ലാം ആഭ്യന്തരകൊളോണിയലിസത്തിന്റെ ശക്തികളാണ് എടുത്തുപയോഗിക്കുന്നത്. ജനസമൂഹത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിച്ചുകൊണ്ട് മാത്രമേ ജനാധിപത്യവും മാനവികതയും സംരക്ഷിക്കാനാവൂ എന്നും അദ്ദേഹം പറഞ്ഞു.
അജു നാരായണന്‍, എന്‍.അജയകുമാര്‍ എന്നിവരും സംസാരിച്ചു. അക്കാദമി സെക്രട്ടറി ഡോ.കെ.പി.മോഹനന്‍ സ്വാഗതവും പുഷ്പജന്‍ കനാരത്ത് നന്ദിയും പറഞ്ഞു.
പി.ഭാസ്‌കരന്‍, ഒ.എന്‍.വി., യൂസഫലി കേച്ചേരി എന്നിവരെ അനുസ്മരിച്ച് അക്കാദമി നിര്‍വാഹകസമിതിയംഗം ആലങ്കോട് ലീലാകൃഷ്ണന്‍ പ്രഭാഷണം നടത്തി. തുടര്‍ന്ന് തുടി കള്‍ച്ചറല്‍ ഫോറത്തിന്റെ സഹകരണത്തോടെ ഗാനാര്‍ച്ചന നടന്നു.
പി.ഭാസ്‌കരന്‍, ഒ.എന്‍.വി., യൂസഫലി കേച്ചേരി എന്നിവര്‍ക്ക് സമര്‍പ്പണമായി നടത്തിയ ഗാനാര്‍ച്ചനയില്‍ വി.ടി.മുരളി, അറയ്ക്കല്‍ നന്ദകുമാര്‍, മഹിതാവര്‍മ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."