പൊതുമരാമത്ത് അസിസ്റ്റന്റ് എന്‍ജിനീയറെ ഓടിച്ചിട്ട് മര്‍ദിച്ചു
തിരൂര്‍: വിവരാവകാശ അപേക്ഷയില്‍ കൃത്യമായ മറുപടി നല്‍കിയില്ലെന്നാരോപിച്ച് പൊതുമരാമത്ത് അസിസ്റ്റന്റ് എന്‍ജിനീയറെ ഓടിച്ചിട്ടു മര്‍ദിച്ചു. തിരൂര്‍ പി.ഡബ്ല്യിയു.ഡി അസി. എന്‍ജിനീയര്‍ കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ചന്ദ്രാങ്കദനെയാണ് ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ ഓഫിസിലെത്തിയയാള്‍ ഓടിച്ചിട്ട് മര്‍ദിച്ചത്. പി.വി രാമചന്ദ്രന് എന്നയാളാണ് ഉദ്യോഗസ്ഥനെ മര്‍ദിച്ചതെന്ന് പൊലിസ് പറഞ്ഞു. മര്‍ദനം തുടങ്ങിയതോടെ ഓഫിസില്‍നിന്നു എന്‍ജിനീയര്‍ പുറത്തിറങ്ങി ഓടുകയായിരുന്നു. എന്നാല്‍ അപേക്ഷകന് ഓഫിസറെ അര കിലോമീറ്ററോളം പിന്തുടര്ന്നും മര്‍ദിച്ചു.
ഗവ. റെസ്റ്റ് ഹൗസ് കോംപൗണ്ട് മതില് ചാടിക്കടന്ന് ഉദ്യോഗസ്ഥന് ചന്ദ്രാങ്കദന് രക്ഷപ്പെടുകയായിരുന്നു. കെട്ടിട വാടക നിശ്ചയിക്കുന്നത് സംബന്ധിച്ച വിവരാവകാശ അപേക്ഷയാണ് മര്‍ദിച്ചയാള്‍ തിരൂര്‍ താലൂക്ക് ഓഫിസില്‍ സമര്‍പ്പിച്ചത്. താലൂക്ക് ഓഫിസില്‍നിന്നു തിരൂര്‍ അസി. എന്‍ജിനീയറുടെ ഓഫിസിലേക്ക് അപേക്ഷ കൈമാറി. അപേക്ഷയില്‍ ഉടന്‍ തന്നെ മറുപടി നല്‍കണമെന്ന് മര്‍ദിച്ചയാള്‍ നിര്‍ബന്ധം പിടിച്ചെന്നും തിങ്കളാഴ്ച രാവിലെ തന്നെ ഓഫിസിലെത്തി ശല്യപ്പെടുത്തിയെന്നും ചന്ദ്രാങ്കദന് പറഞ്ഞു. കുറ്റിപ്പുറം അസി. എന്‍ജിനീയറുടെ ഓഫിസിലേക്ക് നല്‍കേണ്ട അപേക്ഷയാണെന്നും ഓഫിസ് മാറിയാണ് തിരൂരിലേക്ക് അയച്ചതെന്നുമാണ് ഉദ്യോഗസ്ഥന്റെ വിശദീകരണം. മര്‍ദിച്ചയാള്‍ മദ്യപിച്ചിരുന്നതായി ചന്ദ്രാങ്കദന് തിരൂര്‍ പൊലിസില്‍ നല്കിയ പരാതിയില്‍ പറഞ്ഞു. പരാതി പ്രകാരം പൊലിസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."