ഐ.പി.എല്‍ ബ്ലാസ്റ്റ്: യുവിയുടെ വെടിക്കെട്ടില്‍ ആദ്യ ജയം ഹൈദരാബാദിന്
ഹൈദരാബാദ്: യുവിയുടെ വെടിക്കെട്ട് അര്‍ധസെഞ്ച്വറിയുടെ മുമ്പില്‍ ബംഗളൂരുവിന് പകരം വയ്ക്കാന്‍ ഒന്നുമില്ലായിരുന്നു. യുവരാജിന്റെയും 62 (27), ഹെന്റിക്വസിന്റെയും 52(37) അര്‍ധസെഞ്ച്വറിയുടെയും ഓപണര്‍ ശിഖര്‍ ധവാന്‍ 40(31) റണ്‍സ് പിന്‍ബലത്തില്‍ ഹൈദരബാദ് ഉയര്‍ത്തിയ 207 റണ്‍സ് മറികടക്കാന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനായില്ല. ബംഗളൂരു 19.4 ഓവറില്‍ 172 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ. മഹാമേരുവായ ക്രിസ് ഗെയില്‍ ബാറ്റിങ് ഭാരം മുഴുവന്‍ ചുമന്നത് അദ്ദേഹത്തിന്റെ ബാറ്റിങ്ങില്‍ പ്രകടമായി. 21 പന്തില്‍ നിന്നും 32 റണ്‍സ് മാത്രമേ ഗെയിലിന് നേടാനായുള്ളൂ.
ടോസ് നേടി ആദ്യം ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു ബംഗളൂരു. ആദ്യം ബാറ്റ് ചെയ്ത ഹൈദരബാദ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 207 റണ്‍സ് നേടി. ഇന്ത്യന്‍ താരം യുവരാജിന്റെ വെടിക്കെട്ടി ബാറ്റിങ്ങില്‍ മികച്ച സ്‌കോര്‍ ആണ് ഹൈദരബാദ് നേടിയത്. യുവരാജ് 27 പന്തില്‍ നിന്നും 62 റണ്‍സ് നേടി. ആസ്‌ത്രേലിയന്‍ താരം മോയിസസ് ഹെന്റിക്വസ് 37 പന്തില്‍ നിന്ന് 52 റണ്‍സ് നേടി മികച്ച പിന്തുണ നല്‍കി.
ഫോമിലല്ലാത്ത ശിഖര്‍ ധവാന്‍ ക്ഷമയോടെ കളിച്ചപ്പോള്‍ ഫലം കണ്ടുതുടങ്ങി. സ്‌കോര്‍ ബോര്‍ഡില്‍ റണ്ണുകള്‍ മെല്ലേ നിറഞ്ഞു. രണ്ടാം വിക്കറ്റില്‍ ഓപണര്‍ ധവാനും ഹെന്റിക്വസും ചേര്‍ന്ന് 74 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡിലേക്ക് കൂട്ടിച്ചേര്‍ത്തത്. സ്‌കോര്‍ ബോര്‍ഡ് 93ലെത്തിയപ്പോള്‍ ധവാന്‍ ബിന്നിയുടെ ബോളില്‍ സച്ചിന്‍ ബേബിക്ക് പിടികൊടുത്തു. അപ്പോള്‍ സ്‌കോര്‍ ബോര്‍ഡിന്റെ പകുതിയും ധവാന്റെ (40 റണ്‍സ്) പോക്കറ്റിലായിരുന്നു. അഞ്ച് ഫോറുകള്‍ ധവാന്റെ ബാറ്റില്‍ നിന്ന് പിറന്നു.
മൂന്നാമാനായി യുവരാജ് ഇറങ്ങിയതോടെ സ്‌കോര്‍ ബോര്‍ഡിന്റെ താളം മാറി. സിക്‌സറുകളും ഫോറുകളും ആ ബാറ്റില്‍ നിന്നും പിറന്നു. കൂട്ടായി ഹെന്റിക്വസ് (52) മികച്ച പിന്തുണ നല്‍കി. സ്‌കോര്‍ ബോര്‍ഡ് 151ല്‍ എത്തി നില്‍ക്കെ ചാഹല്‍ ഹെന്റിക്വസിനെ സച്ചിന്‍ ബേബിയുടെ കൈകളിലെത്തിച്ചു.
ടീം സ്‌കോര്‍ 190 റണ്‍സ് എത്തി നില്‍ക്കേ അപകടകാരിയായി മാറിയ യുവരാജിന്റെ വിക്കറ്റ് മില്‍സ് പിഴുതു. അപ്പോഴേക്കും 27 ബോളുകള്‍ നേരിട്ട യുവരാജ് 62 റണ്‍സ് നേടിയിരുന്നു. മൂന്ന് സിക്‌സറുകളും ഏഴ് ഫോറുകളും വെടിക്കെട്ടിന് ചാരുതയേകി. പിന്നീടെത്തിയ ഹൂഡ(16)യും കട്ടി(16)ങ്ങും വിക്കറ്റൊന്നും നഷ്ടപ്പെടുത്താതെ ടീം ടോട്ടല്‍ 207ല്‍ എത്തിച്ചു.
തങ്ങളുടെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍മാരായ വിരാട് കോഹ്‌ലിയെയും എ.ബി ഡിവില്ലേഴ്‌സിനെയും പരുക്ക് മൂലം മത്സരത്തിനിറക്കാന്‍ ബംഗളൂരുവിനായില്ല. ഇത് തന്നെയാണ് തങ്ങളുടെ പരാജയത്തിന് കാരണമെന്ന് ടീം അധികൃതര്‍ പറഞ്ഞു. ബാറ്റിങ്ങിന്റെ ഉത്തരവാദിത്തം മുഴുവന്‍ ഒറ്റയ്ക്ക് ചുമലിലേറ്റേണ്ടി വന്ന സമ്മര്‍ദ്ദം ഗെയിലിന്റെ പ്രകടനത്തിലും കണ്ടു. 21 പന്തില്‍ 32 റണ്‍സ് മാത്രമാണ് ഗെയിലിന് നേടാനായത്. 31 റണ്‍സെടുത്ത കേദര്‍ യാദവും 30 റണ്‍സെടുത്ത ടാര്‍വിസ് ഹെഡുമാണ് ബംഗളൂരുവിലെ ടോപ് സ്‌കോറര്‍മാര്‍.
കൃത്യമായ ഇടവേളകളില്‍ ബംഗളൂരുവിന്റെ വിക്കറ്റുകള്‍ ആശിഷ് നെഹ്‌റയുടെ നേതൃത്വത്തിലുള്ള ഹൈദരബാദ് ബൗളിങ് നിര പിഴുതെടുത്തു. ആശിഷ് നെഹ്‌റ, ഭുവനേശ് കുമാര്‍, റാഷിദ് ഖാന്‍ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതവും ദീപക് ഹൂഡ, ഭിപുല്‍ ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതവും ഹൈദരബാദിന് വേണ്ടി വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."