ഫ്രാന്‍സ് വരുന്നത് ബെന്‍സമയും മാര്‍ഷലുമില്ലാതെ
പാരിസ്: പ്രമുഖ താരങ്ങളായ ആന്റണി മാര്‍ഷല്‍, ദിമിത്രി പയറ്റ്, കിങ്‌സ്‌ലി കോമാന്‍, ലോറന്റ് കോസിയല്‍നി, കരിം ബെന്‍സമ, സ്‌ട്രൈക്കര്‍ ലക്കാസറ്റെ എന്നിവരില്ലാതെ ഫ്രാന്‍സിന്റെ ലോകകപ്പ് ടീം. 23 അംഗ ടീമിനെയാണ് കോച്ച് ദിദിയര്‍ ദെഷാംപ്‌സ് പ്രഖ്യാപിച്ചത്.
കഴിഞ്ഞ ദിവസം അരങ്ങേറിയ യൂറോപ്പ ലീഗ് ഫൈനല്‍ പോരാട്ടത്തിനിടെ പരുക്കേറ്റതാണ് ദിമിത്രി പയറ്റിന് തിരിച്ചടിയായത്. ആഴ്‌സനല്‍ താരമായ കോസിയല്‍നിക്കും പരുക്കാണ് വില്ലനായി മാറിയത്. 2015 ഒക്ടോബറിന് ശേഷം അന്താരാഷ്ട്ര പോരാട്ടങ്ങളില്‍ ഫ്രാന്‍സിനായി കളിക്കാനിറങ്ങാത്ത ബെന്‍സമയേയും ദഷാംപ്‌സ് പരിഗണിച്ചില്ല. അതേസമയം യുവ താരങ്ങളായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ആന്റണി മാര്‍ഷല്‍, ബയേണ്‍ മ്യൂണിക്ക് താരം കിങ്‌സ്‌ലി കോമാന്‍ എന്നിവരുടെ അഭാവമാണ് ശ്രദ്ധേയം.
ഇരട്ട ഗോള്‍ നേടി അത്‌ലറ്റിക്കോ മാഡ്രിഡിനെ യൂറോപ്പ ലീഗ് കിരീടത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച അന്റോയിന്‍ ഗ്രിസ്മാനാണ് ഫ്രാന്‍സിന്റെ മുന്നേറ്റത്തിന് ചുക്കാന്‍ പിടിക്കുന്നത്. ബാഴ്‌സലോണ താരം ഒസ്മാന്‍ ഡെംപലെ, ചെല്‍സിയുടെ ഒലിവര്‍ ജിറൂദ്, പാരിസ് സെന്റ് ജെര്‍മെയ്ന്‍ താരം കെയ്‌ലിയന്‍ എംബാപ്പെ എന്നിവരും അണിനിരക്കുന്ന മുന്നേറ്റം കരുത്തുറ്റതാണ്. ചെല്‍സിയുടെ എന്‍ഗാളോ കാണ്ടെ, യുവന്റസിന്റെ ബ്ലെയ്‌സ് മറ്റിയൂഡി, മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ പോള്‍ പോഗ്ബ, ബയേണ്‍ താരം കൊറെന്റിന്‍ ടോളിസ്സോ എന്നീ പ്രമുഖരാണ് മധ്യനിരയുടെ കടിഞ്ഞാണേന്തുന്നത്. പ്രതിരോധത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ ബെഞ്ചമിന്‍ മെന്‍ഡി, ബാഴ്‌സലോണയുടെ സാമുവല്‍ ഉംറ്റിറ്റി, റയല്‍ മാഡ്രിഡ് താരം റാഫേല്‍ വരാനെ എന്നിവരും ചേരും. ടോട്ടനം താരം ഹ്യൂഗോ ലോറിസ് തന്നെയാകും ഒന്നാം നമ്പര്‍ ഗോള്‍ കീപ്പര്‍.
ഫ്രാന്‍സ് ടീം: ഗോള്‍ കീപ്പര്‍മാര്‍ ഹ്യൂഗോ ലോറിസ്, സ്റ്റീവ് മന്‍ഡന്‍ഡ, അല്‍ഫോണ്‍സ് അരിയോള.
പ്രതിരോധം ലുക്കാസ് ഹെര്‍ണാണ്ടസ്, പ്രസ്‌നല്‍ കിംപെംബെ, ബെഞ്ചമിന്‍ മെന്‍ഡി, ബെഞ്ചമിന്‍ പവര്‍ഡ്, ആദില്‍ റമി, ജിബ്രില്‍ സിഡിബെ, സാമുവല്‍ ഉംറ്റിറ്റി, റാഫേല്‍ വരാനെ.
മധ്യനിര എന്‍ഗാളോ കാണ്ടെ, ബ്ലെയ്‌സ് മറ്റിയൂഡി, പോള്‍ പോഗ്ബ, കൊറെന്റിന്‍ ടോളിസ്സോ, സ്റ്റീവന്‍ എന്‍സോന്‍സി.
മുന്നേറ്റം ഒസ്മാന്‍ ഡെംബലെ, നബില്‍ ഫെകിര്‍, ഒലിവര്‍ ജിറൂദ്, അന്റോയിന്‍ ഗ്രിസ്മാന്‍, തോമസ് ലെമര്‍, കെയ്‌ലിയന്‍ എംബാപ്പെ, ഫ്‌ളോറിയന്‍ തൗവിന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."