സമനിലതെറ്റാതെ യുനൈറ്റഡ്
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് സമനില. എവര്‍ട്ടനാണ് 1-1ന് യുനൈറ്റഡിനെ കുരുക്കിയത്. അതേസമയം ചാംപ്യന്‍മാരായ ലെയ്‌സ്റ്റെര്‍ സിറ്റി എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് സണ്ടര്‍ലാന്‍ഡിനെ പരാജയപ്പെടുത്തി. വാറ്റ്‌ഫോര്‍ഡ് എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് വെസ്റ്റ്‌ബ്രോമിനെയും ബേണ്‍ലി എതിരില്ലാത്ത ഒരു ഗോളിന് സ്റ്റോക് സിറ്റിയെയും പരാജയപ്പെടുത്തിയിട്ടുണ്ട്.
വമ്പന്‍മാരുടെ കരുത്തുമായിറങ്ങിയ യുനൈറ്റഡിനെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുന്ന പ്രകടനമാണ് എവര്‍ട്ടന്‍ പുറത്തെടുത്തത്. ഫില്‍ ജാഗിയേക്ക് 22ാം മിനുട്ടില്‍ അപ്രതീക്ഷിതമായി എവര്‍ട്ടനെ മുന്നിലെത്തിച്ചപ്പോള്‍ മറുപടി ഗോളിനായി കഷ്ടപ്പെടുകയായിരുന്നു യുനൈറ്റഡ്. അധികസമയത്ത് സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് ഗോള്‍ നേടിയില്ലായിരുന്നെങ്കില്‍ യുനൈറ്റഡ് നാണം കെട്ട തോല്‍വി ഏറ്റുവാങ്ങേണ്ടി വരുമായിരുന്നു.
മൂന്നു മത്സരങ്ങളുടെ സസ്‌പെന്‍ഷന് ശേഷം ഇബ്രാഹിമോവിച്ച് തിരിച്ചെത്തിയ മത്സരമായിരുന്നു ഇത്. എന്നാല്‍ തുടക്കത്തില്‍ ലഭിച്ച ആനുകൂല്യം യുനൈറ്റഡ് തുലച്ച ുകളയുന്നതാണ് കണ്ടത്. ഇബ്രയും ജെസ്സെ ലിംഗാര്‍ഡും മികച്ച ഷോട്ടുകള്‍ പാഴാക്കി. ഇതിനിടെയാണ് ജാഗിയേക്കയുടെ ഗോള്‍ പിറന്നത്. ആഷിലി വില്യംസിന്റെ മനോഹരമായ കോര്‍ണറില്‍ തകര്‍പ്പനൊരു ഹെഡ്ഡറിലൂടെയാണ് താരം ഗോള്‍ നേടിയത്. തിരിച്ചടിക്കാനായി ആദ്യ പകുതിയില്‍ യുനൈറ്റഡ് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
രണ്ടാം പകുതിയില്‍ പോള്‍ പോഗ്ബ കളത്തിലിറങ്ങിയതോടെയാണ് യുനൈറ്റഡ് മത്സരത്തിലേക്ക് തിരിച്ചെത്തിയത്. നിരന്തരം മുന്നേറ്റം നടത്തിയ ടീമിന് പക്ഷേ കളിയുടെ അധിക സമയത്താണ് സ്‌കോര്‍ ചെയ്യാന്‍ സാധിച്ചത്.
ഇബ്രാഹിമോവിച്ച് പെനാല്‍റ്റിയിലൂടെ ഗോള്‍ നേടുകയായിരുന്നു. ചാംപ്യന്‍മാരായ ലെയ്‌സ്റ്റെര്‍ സിറ്റി സ്ലിമാനി ഇസ്‌ലം,ജാമി വാര്‍ഡി എന്നിവരുടെ ഗോളിന്റെ മികവിലാണ് സണ്ടര്‍ലാന്‍ഡിനെതിരേ വിജയം നേടിയത്. പ്രീമിയര്‍ ലീഗില്‍ ടീമിന്റെ തുടര്‍ച്ചയായ അഞ്ചാം ജയമാണിത്. സ്ലിമാനി ഈ വര്‍ഷം നേടുന്ന ആദ്യ ഗോളാണിത്. ഹെഡ്ഡറിലൂടെയായിരുന്നു ഗോള്‍. ഗോള്‍ രഹിതമായ ആദ്യപകുതിക്ക് ശേഷമാണ് ഇരു ഗോളുകളും പിറന്നത്. 69ാം മിനുട്ടില്‍ സ്ലിമാനി അക്കൗണ്ട് തുറന്നപ്പോള്‍ 78ാം മിനുട്ടിലായിരുന്നു വാര്‍ഡിയുടെ ഗോള്‍. പുതിയ കോച്ചിന് കീഴില്‍ കളിച്ച അഞ്ചു മത്സരങ്ങളിലും ജാമി വാര്‍ഡി ഗോള്‍ നേടിയതു ഈ മത്സരത്തിന്റെ പ്രത്യേകതയാണ്.
വെസ്റ്റ്‌ബ്രോമിനെതിരേ എംബായെ നിയാങ്, ട്രോയ് ഡീനി എന്നിവരാണ് വാറ്റ്‌ഫോര്‍ഡിന്റെ ഗോള്‍ നേടിയത്. ജോര്‍ജ് ബ്ലോയ്ഡിന്റെ ഗോളാണ് സ്റ്റോക് സിറ്റിക്കെതിരേ ബേണ്‍ലിക്ക് ജയം സമ്മാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."