ഡി.സി.സി ഓഫിസിനുമുന്നിലെ ശവപ്പെട്ടി പ്രതിഷേധം: കെ.എസ്.യു നേതാക്കള്‍ അറസ്റ്റില്‍
കൊച്ചി:എറണാകുളം ഡി.സി.സി ഓഫിസിന് മുന്നില്‍ ശവപ്പെട്ടിയും റീത്തും കരിങ്കൊടിയുംവച്ച് പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റര്‍ പതിച്ച കേസില്‍ കെ.എസ്.യു സംസ്ഥാന സെക്രട്ടറി അടക്കം മൂന്നുപേരെ പൊലിസ് അറസ്റ്റ് ചെയ്തു.
കെ.എസ്.യു സംസ്ഥാന സെക്രട്ടറിയും കോതമംഗലം നഗരസഭാ കൗണ്‍സിലറുമായ അനൂപ് ഇട്ടന്‍(28) , കെ.എസ്.യു മുന്‍ സംസ്ഥാന ജന. സെക്രട്ടറി അബ്ദുല്‍ സാബീര്‍ (29), യൂത്ത് കോണ്‍ഗ്രസ് ആലുവ ബ്ലോക്ക് കമ്മിറ്റിയംഗം മുജീബ് മണലിമുക്ക് (42) എന്നിവരാണ് സെന്‍ട്രല്‍ പൊലിസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ഇവരെ പിന്നീട് ജാമ്യത്തില്‍വിട്ടു. ഇക്കഴിഞ്ഞ ഒന്‍പതിനാണ് സംഭവം.രാജ്യസഭാസീറ്റ് മാണി ഗ്രൂപ്പിന് വിട്ടുനല്‍കിയതില്‍ പ്രതിഷേധിച്ച് ഓഫിസിന് മുന്‍വശത്ത് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ അവഹേളിക്കുന്ന തരത്തില്‍ ശവപ്പെട്ടിയും റീത്തും കരിങ്കൊടിയും ഇവര്‍ വയ്ക്കുകയായിരുന്നു.
മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുടെ ഫോട്ടോ പതിച്ച ശവപ്പെട്ടിയും അതിനുമുകളില്‍ ആദരാഞ്ജലികള്‍ എന്ന് എഴുതിയ റീത്തുമാണ് ഡി.സി.സി ഓഫിസിനു മുന്‍വശത്തെ കൊടിമരത്തിനുസമീപം കാണപ്പെട്ടത്. കൊടിമരത്തില്‍ കറുത്ത കൊടിയും കെട്ടിയിരുന്നു. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും യൂദാസുമാരാണെന്നും കോണ്‍ഗ്രസിനെ ഒറ്റുകൊടുത്ത ഇവര്‍ പ്രവര്‍ത്തകരുടെ മനസില്‍ മരിച്ചുപോയി, കോണ്‍ഗ്രസിന്റെ അഭിമാനത്തേക്കാള്‍ നിങ്ങള്‍ വില നല്‍കിയത് മാണിയുടെ വീട്ടിലെ കമ്മട്ടത്തിനോ, പ്രവര്‍ത്തകര്‍ രക്തസാക്ഷികള്‍ എന്നെഴുതിയ പോസ്റ്ററകളും പതിച്ചിരുന്നു. സേവ് കോണ്‍ഗ്രസ് എന്ന പേരില്‍ കൈകൊണ്ടെഴുതിയ പോസ്റ്ററുകളാണ് പതിച്ചിരുന്നത്.
ഡി.സി.സി പ്രസിഡന്റ് ടി.ജെ വിനോദ് നല്‍കിയ പരാതിയിലാണ് സെന്‍ട്രല്‍ പൊലിസ് കേസെടുത്ത് അന്വേഷണം നടത്തിയത്.ശവപ്പെട്ടി വില്‍ക്കുന്ന കടകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ തിരിച്ചറിയുകയായിരുന്നു. ലൂര്‍ദ് ആശുപത്രിക്ക് സമീപമുള്ള കടയില്‍ ഇവര്‍ വരുന്നതും ശവപ്പെട്ടി വാങ്ങുന്നതും കടയിലെ സി.സി.ടി.വി കാമറയില്‍ പതിഞ്ഞിരുന്നു. തുടര്‍ന്ന് ഇവരെ സ്റ്റേഷനില്‍ വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കെ. സുധാകരന്‍ അനുകൂലികളാണ് ഇവരെന്നാണ് വിവരം. മൂവരെയും സസ്‌പെന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."