സേവന മേഖലക്ക് മുന്‍ഗണന നല്‍കി കുന്ദമംഗലം പഞ്ചായത്ത് ബജറ്റ്
കുന്ദമംഗലം: സേവനമേഖലക്ക് മുന്‍ഗണന നല്‍കി കുന്ദമംഗലം പഞ്ചായത്ത് ബജറ്റ്. പഞ്ചായത്ത് പ്രസിഡന്റ് ഷൈജ വളപ്പിലിന്റെ അധ്യക്ഷതയില്‍ വൈസ് പ്രസിഡന്റ് കെ.പി കോയ ബജറ്റ് അവതരിപ്പിച്ചു.
ഭവനിര്‍മാണത്തിന് 1.25 കോടി രൂപയും പഞ്ചായത്തിലെ മിനി സ്റ്റേഡിയം ഗെയിംസ് പാര്‍ക്കായി ഉയര്‍ത്തുന്നതിന് അരക്കോടി രൂപയും വകയിരുത്തി. 29,74,80,408 രൂപ വരവും 28,67,80,000 രൂപ ചെലവും 1,07,00,408 രൂപ മിച്ചവും വരുന്ന ബജറ്റില്‍ സേവന മേഖലക്കാണ് മുന്‍ഗണന നല്‍കിയത്. അനിവാര്യമായ ചെലവുകള്‍ക്കായി 25,578,000 രൂപ നീക്കിവച്ചപ്പോള്‍ ഉല്‍പാദന മേഖലയില്‍ 1,84,50,000 രൂപ വകയിരുത്തി. കൃഷിക്ക് 57 ലക്ഷം, മൃഗസംരക്ഷണത്തിന് 42 ലക്ഷം, മണ്ണ്-ജല-പ്രകൃതി സംരക്ഷണത്തിന് 30 ലക്ഷം എന്നിങ്ങനെ വകയിരുത്തി.
പ്രളയത്തിന്റെ പാഠമുള്‍ക്കൊണ്ട് പൂനൂര്‍ പുഴ, ചെറുപുഴ, പഞ്ചായത്തിലെ തോടുകള്‍ എന്നിവിടങ്ങളിലെ ഒഴുക്കുകള്‍ ക്രമീകരിക്കുന്നതിന് വലിയ ജനപങ്കാളിത്തത്തോടെ പദ്ധതികള്‍ ആവിഷ്‌കരിക്കും. ആരോഗ്യ മേഖലക്ക് 25 ലക്ഷം, വിദ്യാഭ്യാസത്തിന് 18.5 ലക്ഷം, കുടിവെള്ളത്തിന് 25 ലക്ഷം, യുവജന, കല, സാംസ്‌കാരിക വികസനത്തിന് 23.5 ലക്ഷം, ദാരിദ്ര്യ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്കായി 35.2 ലക്ഷം, വയോജന ക്ഷേമ പരിപാടികള്‍ക്കായി 15 ലക്ഷം, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കായി 40 ലക്ഷം, വിവിധ പട്ടികജാതി ക്ഷേമ പദ്ധതികള്‍ക്കായി 2.35 കോടി, അങ്കണവാടി പദ്ധതികള്‍ക്കായി 65 ലക്ഷം, വൈദ്യുതി മേഖലക്ക് 10 ലക്ഷം, റോഡുകളുടെ അറ്റകുറ്റ പണികള്‍ക്ക് 1.80 കോടി, റോഡുകളുടെ നവീകരണത്തിന് 2.45 കോടി എന്നിങ്ങനെ വകയിരുത്തി.
ബജറ്റ് ചര്‍ച്ചയില്‍ അംഗങ്ങളായ വിനോദ് പടനിലം, എം. ബാബുമോന്‍, പി. പവിത്രന്‍, എ.കെ ഷൗക്കത്തലി, ഷമീന വെള്ളക്കാട്ട്, ലീന വാസുദേവന്‍, എം.എം സുധീഷ് കുമാര്‍, എം.വി ബൈജു, ഷംജിത്ത്, ലീന വാസുദേവന്‍, പടാളിയില്‍ ബഷീര്‍, സ്ഥിരംസമിതി അധ്യക്ഷരായ ടി.കെ സൗദ, ടി.കെ ഹിതേഷ് കുമാര്‍, ആസിഫ റഷീദ്, അസി. സെക്രട്ടറി ഗംഗാ ഭായി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."