പൊലിസ് ഡ്രൈവറെ മര്‍ദിച്ച സംഭവം അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: പൊലിസ് ഡ്രൈവറെ എഡി.ജി.പി സുധേഷ് കുമാറിന്റെ മകള്‍ മര്‍ദിച്ച സംഭവം അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തില്‍ എത്ര ഉന്നതനായാലും നടപടി എടുക്കും. കേരളത്തിന്റെ തനിമ മനസിലാക്കി ഉദ്യോഗസ്ഥര്‍ പെരുമാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംഭവം സിറ്റി ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ അസിസ്റ്റന്റ് കമ്മിഷണര്‍ പ്രതാപന്‍ അന്വേഷിക്കും. എഡിജിപിയുടെ മകള്‍ മര്‍ദിച്ചെന്ന ഡ്രൈവര്‍ ഗവാസ്‌കറുടെ പരാതിയും ഡ്രൈവര്‍ മര്‍ദിച്ചെന്ന മകളുടെ ഒരുമിച്ചാണ് അന്വേഷിക്കുക. ഇരുവര്‍ക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്.
അതേസമയം ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെ വീട്ടില്‍ ജോലിക്കുള്ള പൊലിസുകാരുടെ വിവരങ്ങള്‍ ഹാജരാക്കാന്‍
ഡിജിപി ലോക്്‌നാഥ് ബെഹറയ്ക്ക് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. എഡിജിപിയുടെ വീട്ടില്‍ അടിമപ്പണിയാണെന്ന ഡ്രൈവറുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് നടപടി.
എഡിജിപിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി ഗവാസ്‌കര്‍ രംഗത്തെത്തിയിരുന്നു. മകള്‍ക്കെതിരായി നല്‍കിയ പരാതി പിന്‍വലിക്കാന്‍ ഉന്നതഉദ്യോഗസ്ഥര്‍ തനിക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നുവെന്ന് ഗവാസ്‌കര്‍ പറഞ്ഞു. എഡിജിപിയുടെ വീട്ടില്‍ നടക്കുന്നത് നഗ്‌നമായ മനുഷ്യലംഘനമാണ്. ഇത് ആദ്യമായല്ല, മുന്‍പും പലര്‍ക്കുമെതിരേ എഡിജിപി പ്രതികാര നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഗവാസ്‌കര്‍ പറഞ്ഞു.
പൊലിസ് ഡോഗ് സ്‌ക്വാഡില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥനെ എ.ഡി.ജി.പി സ്വന്തം പട്ടിയെ പരിശീലിപ്പിക്കാന്‍ നിയമിച്ചു. പരിശീലനത്തിനിടെ പട്ടി ഉദ്യോഗസ്ഥനെ കടിച്ചു. ഇതു പരാതിപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം തന്നെ ഇയാളെ സ്ഥലം മാറ്റിയെന്നും ഗവാസ്‌കര്‍ പറഞ്ഞു.
ബറ്റാലിയന്‍ എ.ഡി.ജി.പി സുധേഷ് കുമാറിന്റെ മകളുടെ തല്ലു കൊണ്ട ഡ്രൈവര്‍ ഗവാസ്‌കര്‍ പേരൂര്‍ക്കട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഗവാസ്‌കറുടെ ഭാര്യ പരാതി നല്‍കി
ഭര്‍ത്താവിനെതിരെ എ.ഡി.ഡി.പിയുടെ മകള്‍ നല്‍കിയത് കള്ളപ്പരാതിയാണെന്ന് ചൂണ്ടിക്കാട്ടി പൊലിസ് ഡ്രൈവര്‍ ഗവാസ്‌കറുടെ ഭാര്യ രേഷ്മ മുഖ്യമന്ത്രി പിണറായി വിജയനു പരാതി നല്‍കി. വെള്ളിയാഴ്ച ഉച്ചയോടെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് പരാതി നല്‍കിയത്.
ഭര്‍ത്താവിന് നേരിടേണ്ടിവന്ന മാനസിക പീഡനം അടക്കമുള്ളവയെപ്പറ്റി മുഖ്യമന്ത്രിയോട് വിവരിച്ചുവെന്ന് മുഖ്യമന്ത്രിയെക്കണ്ടശേഷം ഗവാസ്‌കറുടെ ഭാര്യ രേഷ്മ പറഞ്ഞു. കള്ളപ്പരാതി പിന്‍വലിക്കണമെന്ന് അദ്ദേഹത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും രേഷ്മ പറഞ്ഞു. വിശദമായ അന്വേഷണം നടക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രിയില്‍ പൂര്‍ണ വിശ്വാസമുണ്ട്'- രേഷ്മ വ്യക്തമാക്കി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."