അതിജീവനത്തിന്റെ കേരള മോഡല്‍
കൊവിഡ് എന്ന മഹാമാരി മനുഷ്യസമൂഹത്തില്‍ നടത്തുന്ന വേട്ട അതിശീഘ്രം തുടരുകയാണ്. 15 ദിവസത്തിനിടെ ഒരു ലക്ഷം പേരെയാണ് ഭൂമിയില്‍ നിന്ന് ഇല്ലാതാക്കിയത്. കൊവിഡിനുള്ള വാക്‌സിന്‍ കണ്ടെത്താന്‍ ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തില്‍ സംയുക്ത ശ്രമം ആരംഭിച്ചെങ്കിലും യു.എസും ചൈനയും സഹകരിക്കാതെ സ്വന്തം പരീക്ഷണങ്ങളുമായി മുന്നോട്ടുപോവുകയാണ്. ഈയൊരു സാഹചര്യത്തിലാണ് കൊവിഡ് അതിജീവനത്തിനും തുടര്‍വ്യാപന സാധ്യത തടയുന്നതിലും കേരള മോഡല്‍ പ്രസക്തമാവുന്നത്. രാജ്യവ്യാപകമായി കേന്ദ്ര സര്‍ക്കാര്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ മാര്‍ച്ച് 23 മുതല്‍ 31 വരെ സംസ്ഥാനം പൂര്‍ണമായി അടച്ചിട്ട് കേരളം രാജ്യത്തിനു തന്നെ വഴികാട്ടി. അടുത്ത മാസം മൂന്നു വരെയാണ് ഈ നിയന്ത്രണങ്ങള്‍ തുടരുക. ഇക്കാലയളവില്‍ കൊറോണ പൂര്‍ണമായും തുടച്ചുനീക്കപ്പെടുന്നത് വരെ, ഗതാഗത സൗകര്യങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പൂര്‍ണമായും നിശ്ചലമാവുകയും പൊതു അത്യാവശ്യ സംവിധാനങ്ങള്‍ ഭാഗികമായി മാത്രം തുറക്കപ്പെടുകയും ചെയ്യുന്ന സ്ഥിതി തുടരുകയാണ്. നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നതിലാണ് കൊവിഡ് പോരാട്ടത്തില്‍ സംസ്ഥാനത്തിന് മുന്നില്‍ നില്‍ക്കാന്‍ സാധിക്കുന്നത്.
കേരളത്തിലെ ആരോഗ്യമേഖല, പൊതുവിദ്യാഭ്യാസം പോലെ തന്നെ ലോകപ്രശസ്തമാണ്. അതിനാല്‍ കൊറോണ മഹാമാരിയുടെ വ്യാപന സാധ്യതയെ നേരിടുന്നതിനായി തുടക്കത്തില്‍തന്നെ കേരളത്തിന്റെ മുഖ്യമന്ത്രി അതിവിപുലമായ ആരോഗ്യ പാക്കേജുകള്‍ പ്രഖ്യാപിക്കുകയും പൊതുആരോഗ്യ ചികിത്സാ കേന്ദ്രങ്ങള്‍ യുദ്ധകാലടിസ്ഥാനത്തില്‍ തയാറാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. അതിനാല്‍ രോഗബാധിതരായ നിരവധിപേര്‍ക്ക് സര്‍ക്കാരിന്റെ പൂര്‍ണ സംരക്ഷണം ഉറപ്പുവരുത്താന്‍ സാധിക്കുകയും രോഗമുക്തി നേടുന്നവരുടെ എണ്ണം ദിനേന വര്‍ധിക്കുന്ന സാഹചര്യമൊരുക്കാന്‍ കഴിഞ്ഞുവെന്നതും ആശ്വാസകരമാണ്. സ്വകാര്യ മേഖലകളെ കൂടുതല്‍ ആശ്രയിക്കാതെ പൂര്‍ണമായും സര്‍ക്കാര്‍ സംവിധാനങ്ങളെ മാത്രമാണ് ഇതിന് വേണ്ടി ഉപയോഗപ്പെടുത്തിയത്.
കൊവിഡ് മൂലം ഇതുവരെ കേരളത്തില്‍ മരണത്തിന് കീഴടങ്ങിയത് ആകെ മൂന്നുപേര്‍ മാത്രമാണ്. 1,39,725 പേരെ തീവ്രനിരീക്ഷണത്തില്‍ വെക്കുകയും 749 പേരെ ആശുപത്രികളില്‍ ക്വാറന്റൈന്‍ ചെയ്യുകയും ചെയ്തു. മാര്‍ച്ച് 15 ന് കേരളം 'ആൃലമസ വേല ഇവമശി' എന്ന പുതിയ കാംപയിനിന് തുടക്കം കുറിച്ചു. വ്യക്തിപരവും സാമൂഹികവുമായ ശുചിത്വത്തെക്കുറിച്ച് പൊതു അവബോധം സൃഷ്ടിക്കുക എന്നതായിരുന്നു ഇതിലൂടെ പ്രധാനമായും ലക്ഷ്യമാക്കിയത്. ഇതിന്റെ ഭാഗമായി പിണറായി വിജയന്‍ സര്‍ക്കാര്‍ റെയില്‍വേ സ്റ്റേഷനുകളുടെ കവാടങ്ങള്‍, ഓഫിസുകള്‍ തുടങ്ങിയ പൊതു ഇടങ്ങളില്‍ കൈകഴുകാനുള്ള വാട്ടര്‍ ടാപ്പുകളും സാനിറ്റൈസറുകളും മറ്റും സംവിധാനിച്ചു.
35 മില്യന്‍ ജനസംഖ്യയുള്ള കേരളത്തില്‍ 8.75 മില്യന്‍ കുടുംബങ്ങള്‍ക്ക് ലോക്ക് ഡൗണ്‍ കാലയളവില്‍ സൗജന്യമായി 15 കിലോ അരിയും മറ്റു ഭക്ഷ്യവിഭവങ്ങളും സര്‍ക്കാര്‍ വിതരണം ചെയ്തു. വൈറസ് ബാധിത മേഖലകളില്‍ നിന്ന് മടങ്ങി വരുന്നവര്‍ ക്ക് 28 ദിവസം വീടുകളില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തി. ഇവരിലാര്‍ക്കെങ്കിലും രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ പ്രാദേശിക ആരോഗ്യ പ്രവര്‍ത്തകര്‍ അവിടെ എത്തുന്ന സ്ഥിതിയുണ്ടാക്കി. ആവശ്യമെങ്കില്‍ അവരെ ആശുപത്രികളിലേക്ക് മാറ്റാന്‍ പര്യാപ്തമായ വ്യവസ്ഥകള്‍ നിഷ്‌കര്‍ഷിക്കുന്ന ആദ്യത്തെ സംസ്ഥാനമെന്ന സല്‍പ്പേര് കേരളം നേടിയെടുത്തു.
ലോക്ക് ഡൗണ്‍ കാലാവധി തീരുന്നതോടെ യു.എ.ഇ ഉള്‍െപ്പടെയുള്ള ഗള്‍ഫ് മേഖലകളില്‍ നിന്നും ലോകത്തിന്റെ മറ്റു സ്ഥലങ്ങളില്‍ നിന്നും മടങ്ങിവരുന്ന പ്രവാസികളെ സ്വീകരിക്കുന്നതിന് വേണ്ട പൂര്‍ണ തയാറെടുപ്പുകളാണ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. പ്രവാസികള്‍ തിരിച്ചെത്തുമ്പോള്‍ അവരെ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ തന്നെ ക്വാറന്റൈന്‍ ചെയ്യാനും ആവശ്യമായ ചികിത്സ ലഭ്യമാക്കാനുമുള്ള ക്രമീകരണങ്ങള്‍ ഇവിടെ പൂര്‍ത്തിയായിട്ടുണ്ട്.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് മികച്ച ചികിത്സാ സംവിധാനങ്ങളാണ് കേരളത്തിലൊരുക്കിയിട്ടുള്ളത്. എല്ലാ വകുപ്പുകളും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എണ്ണയിട്ട യന്ത്രം പോലെയാണ് ചലിക്കുന്നത്. സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കി ഡോക്ടര്‍മാരടക്കം ആരോഗ്യ രംഗത്തെ ഒരു ജീവനക്കാരനും അവധിയില്‍ പോകരുതെന്ന് സര്‍ക്കാര്‍ കര്‍ശനമായി പറഞ്ഞു. സുരക്ഷിതത്വം കണക്കിലെടുത്ത് കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളെ മാത്രമേ ആശ്രയിക്കാവൂ എന്ന് കര്‍ശന നിര്‍ദേശം നല്‍കി. സ്വകാര്യ ആശുപത്രികളുടെ സൗകര്യങ്ങള്‍ സര്‍ക്കാരിന് വിട്ടു നല്‍കണമെന്ന അഭ്യര്‍ഥന ബന്ധപ്പെട്ടവര്‍ ശിരസ്സാവഹിച്ചു.
3.5 കോടി ജനങ്ങളുള്ള കേരളത്തില്‍ ഒന്‍പത് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലായി 3199 ഡോക്ടര്‍മാരും 4,568 നഴ്‌സുമാരും ഇതര മെഡിക്കല്‍ സ്റ്റാഫുകളും ജോലി ചെയ്യുന്നു. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 41,494 സ്റ്റാഫുകളുള്ള 1232 മറ്റു സര്‍ക്കാര്‍ ആശുപത്രികള്‍ വേറെയുമുണ്ട്. ഇവിടെയല്ലാം ചികിത്സ സൗജന്യമാണ്. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ആരോഗ്യ ജീവനക്കാര്‍, മാനേജര്‍മാര്‍, ഫാര്‍മസിസ്റ്റുകള്‍ തുടങ്ങി, സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരും ജീവനക്കാരും ഇതിനു പുറമെയാണ്. സര്‍ക്കാര്‍ ചികിത്സാ സംവിധാനത്തിലെ ഭദ്രത സ്വകാര്യ മെഡിക്കല്‍ മേഖലയേയും പുഷ്ടിപ്പെടാന്‍ സഹായിച്ചു എന്നതാണ് യാഥാര്‍ഥ്യം. ആരോഗ്യ രംഗത്തെ ഈ സന്തുലിതത്വമാണ് കൊറോണ കാലത്ത് കേരളത്തിന് തുണയായത്.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ അക്ഷരാര്‍ഥത്തില്‍ കേരളത്തില്‍ പാലിക്കപ്പെട്ടു. അതില്‍ വെള്ളം ചേര്‍ക്കാന്‍ ആരെയും അനുവദിച്ചില്ല. ഒരു സ്ഥലത്ത് അഞ്ചിലേറെ പേര്‍ ഒരുമിച്ചു കൂടുന്നത് തടഞ്ഞു. എല്ലാ ദിവസവും മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ നേരിട്ടെത്തി പത്രസമ്മേളനം നടത്തി കൊറോണ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കി. ഇതിലൂടെ ഓരോ പത്രപ്രവര്‍ത്തകന്റെ ഭാവനയില്‍ വിരിയുന്ന വാര്‍ത്തകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കപ്പെടുന്ന തെറ്റായ വിവരങ്ങളും ഫലപ്രദമായി തടയാന്‍ സാധിച്ചു. ജനങ്ങള്‍ക്ക് ഇതു നല്‍കിയ സമാശ്വാസം വിവരണാതീതമാണ്. ജനങ്ങളുടെ സാമ്പത്തിക പ്രയാസങ്ങള്‍ ദൂരീകരിക്കാന്‍ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു. ബുദ്ധിമുട്ട് നേരിടുന്ന മുഴുവന്‍ കുടുംബങ്ങള്‍ക്കും കഴിയുന്ന സാമ്പത്തിക സഹായം നല്‍കി. എല്ലാ നികുതി പിരിവുകളും തല്‍ക്കാലം നിര്‍ത്തിവച്ചു. ലോണ്‍ തിരിച്ചടവുകള്‍ക്ക് മൊറോട്ടോറിയം പ്രഖ്യാപിച്ചു. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയിട്ടുള്ള അതിഥി തൊഴിലാളികള്‍ പട്ടിണി കിടക്കുന്നില്ലെന്ന് ഉറപ്പു വരുത്താന്‍ സംവിധാനമൊരുക്കി.
ഇന്ത്യയില്‍ ആദ്യമായി കൊറോണ ബാധയുണ്ടായത് കേരളത്തിലാണ്. എന്നാല്‍ കേരളം സ്വീകരിച്ച ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പരിണിതഫലമായാണ് ലോകത്തിനു മുന്നില്‍ മാതൃകയായി തലയുയര്‍ത്തി നില്‍ക്കാന്‍ നമുക്ക് സാധിക്കുന്നത്. മറ്റു 'മാതൃകാ' സംസ്ഥാനങ്ങളെ പോലെ പി.ആര്‍ വര്‍ക്കുകളില്‍ നിര്‍മിച്ച വാര്‍പ്പു മാതൃകയല്ല കേരളമെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. ദിശാബോധം നല്‍കുന്ന ഭരണാധികാരിയുടെയും സര്‍ക്കാരിന്റെയും കൃത്യമായ ഇടപെടലുകളിലൂടെയാണ് വെല്ലുവിളി കാലത്തും പ്രതിരോധ മാതൃക സൃഷ്ടിക്കാന്‍ കേരളത്തിന് സാധിച്ചത്.
(കേരള ഉന്നതവിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ, ഹജ്ജ് വഖ്ഫ് വകുപ്പ് മന്ത്രിയാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."