സങ്കടക്കടലില്‍ ഏകനായി റാഫി
താമരശേരി: കരിഞ്ചോല മലയിലെ ദുരന്തഭൂമിയില്‍ അവശേഷിക്കുന്ന മൃതശരീരങ്ങള്‍ക്കായുള്ള തിരച്ചില്‍ നടക്കുമ്പോള്‍ തന്റെ ഉറ്റവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തുന്നതും കാത്ത് ഏകനായി റാഫി നിലയുറപ്പിച്ചത് മണിക്കൂറുകള്‍. ദുരന്തത്തില്‍ മരണപ്പെട്ട കരിഞ്ചോല ഹസന്റെ മകന്‍ റാഫി ദുരന്തവാര്‍ത്തയറിഞ്ഞാണ് റിയാദില്‍നിന്നു നാട്ടിലെത്തിയത്.
ദുരന്തത്തില്‍ കൂടുതല്‍പേര്‍ മരണപ്പെട്ടതും റാഫിയുടെ വീട്ടിലാണ്. അപകടത്തില്‍ റാഫിയുടെ ഭാര്യ ഷംനയും, മകള്‍ നിയ ഫാത്തിമ, സഹോദരിമാരായ ജന്നത്ത്, നുസ്രത്ത്, നുസ്രത്തിന്റെ മകള്‍ റിന്‍ഷ മെഹറിന്‍ എന്നിവരെ കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ തിരച്ചിലിനൊടുവില്‍ കണ്ടെത്തിയിരുന്നു.
തിരച്ചില്‍ നടക്കുന്നതിനടുത്ത വീട്ടിലെ മതിലിന് തൊട്ടടുത്തായുള്ള പാറക്കെട്ടില്‍ ശോകമൂകമായി മണിക്കൂറുകളാണ് റാഫി നിലയുറപ്പിച്ചത്. കണ്ടുനിന്നവരുടെ കണ്ണുകള്‍ നനയിപ്പിക്കുന്നതായി മാറി ഇത്. തന്റെ കൂടെപ്പിറപ്പുകളും ഭാര്യയും മകളും മണ്ണിനടിയില്‍ അകപ്പെട്ടത് റാഫിക്ക് താങ്ങാവുന്നതിനും അപ്പുറമായിരുന്നു.
ഒടുവില്‍ വൈകിട്ട് തന്റെ പ്രിയതമയുടെയും എല്ലാമെല്ലാമായ മകളുടെയും സഹോദരിയുടെയും മകളുടെയും ചേതനയറ്റ ദേഹങ്ങള്‍ കണ്ടെടുത്തപ്പോള്‍ വിങ്ങിപ്പൊട്ടുകയായിരുന്നു റാഫി.
ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി പൊലിസ് കണ്‍ട്രോള്‍ റൂമിനടുത്തുള്ള വീട്ടിലേക്ക് മൃതദേഹങ്ങള്‍ കൊണ്ടുവന്നപ്പോള്‍ റാഫിയുടെ നിയന്ത്രണം നഷ്ടമായി. സുഹൃത്തുക്കളുടെ തോളില്‍ കിടന്നു തേങ്ങിക്കരഞ്ഞ റാഫിയെ ആശ്വസിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു സുഹൃത്തുക്കളും നാട്ടുകാരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."