കൊവിഡ് വ്യാപന ഭീതിയും ജുമുഅ ജമാഅത്തുകളും
നമ്മുടെ നാടുകളില്‍ നാളിതുവരെ നടന്നുവന്നിരുന്ന ജുമുഅ ജമാഅത്തുകള്‍ കൊവിഡ് വ്യാപന ഭീതിയാല്‍ മുടങ്ങിയ പ്രത്യേക സാഹചര്യത്തില്‍, പലരും വിളിച്ചു ചോദിച്ചു കൊണ്ടിരിക്കുന്ന ചില ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കുള്ള മറുപടിയായാണ് ഇതെഴുതുന്നത്. രണ്ട് ആളുകള്‍ തമ്മില്‍ ചേര്‍ന്നു നില്‍ക്കാതെ നിശ്ചിത അകലം പാലിച്ചു നിന്നുകൊണ്ടു നിര്‍വഹിക്കപ്പെടുകയാണെങ്കില്‍ പ്രസ്തുത ജമാഅത്ത് നിസ്‌കാരം സാധുവാകുമോ? അങ്ങിനെ നിര്‍വഹിക്കപ്പെടുന്ന നിസ്‌കാരം സാധുവായാല്‍ തന്നെ പ്രസ്തുത ജമാഅത്ത് നിസ്‌കാരത്തിന്, ജമാഅത്ത് നിസ്‌കാരത്തിന്റെ ശ്രേഷ്ഠത ലഭിക്കുമോ? അതോ നഷ്ടപ്പെടുമോ?
ജമാഅത്തിന്റെ ശ്രേഷ്ഠത നഷ്ടപ്പെടുകയാണെങ്കില്‍, ഇങ്ങനെ ഇടവിട്ടു നിശ്ചിത അകലം പാലിച്ചു ആളുകള്‍ സ്വഫ്ഫ് കെട്ടി നിന്ന് കൊണ്ട്, ജുമുഅ നിസ്‌കാരം നിര്‍വഹിച്ചാല്‍ അത് ജുമുഅ ആയി പരിഗണിക്കപ്പെടുമോ?
ജുമുഅ സാധുവാകണമെങ്കില്‍ ജമാഅത്ത് നിര്‍ബന്ധ ബാധ്യതയാണല്ലോ? ഇങ്ങനെ സ്വഫ്ഫ് കെട്ടി നില്‍ക്കുന്നത് കാരണം ജമാഅത്തിന്റെ മഹത്വം നഷ്ടപ്പെട്ടു പോകുന്നത് കൊണ്ടു അത് ജുമുഅ ആയി എങ്ങനെ പരിഗണിക്കപ്പെടും ? ഇവയാണ് ഉയരുന്ന ചോദ്യങ്ങള്‍.
ആദ്യമായി നമ്മുടെ ഇസ്‌ലാമിക കര്‍മ ശാസ്ത്ര പണ്ഡിതന്മാര്‍ ഇവ്വിഷയകമായി എന്തു പറയുന്നുവെന്ന് പരിശോധിക്കാം. 'ഇടമുറിഞ്ഞുള്ള സ്വഫ്ഫുകള്‍ ജമാഅത്തിന്റെ ശ്രേഷ്ഠതയെ നഷ്ടപ്പെടുത്തുന്നതാണ്'(തുഹ്ഫ,നിഹായ). ഒരു മഅ്മൂം, സ്വഫ്ഫില്‍ നിന്നു ഒറ്റപ്പെട്ടു നില്‍ക്കല്‍ കറാഹതും അത് കാരണം ജമാഅത്തിന്റെ ശ്രേഷ്ടഠത നഷ്ടപ്പെടുന്നതുമാണ്. ജമാഅത്തുമായി ബന്ധപ്പെട്ട എല്ലാവിധ കറാഹതുകളും ജമാഅത്തിന്റെ ശ്രേഷ്ഠത നഷ്ടപ്പെടുത്തുന്നതാണ്. ഇത് പോലെയുള്ള പ്രസ്താവനകള്‍ നമ്മുടെ ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ പലയിടങ്ങളിലായി രേഖപ്പെടുത്തിയിട്ടുണ്ട്.
ഇത്തരം പ്രസ്താവനകളില്‍ നിന്ന് പ്രഥമ ദൃഷ്ടിയില്‍ ഗ്രഹിക്കപ്പെടുന്നത് പോലെ ഈ വക കാറാഹതുകള്‍ വന്നു ചേര്‍ന്നാല്‍, ജമാഅത്ത് നിസ്‌കാരത്തിന്റെ മുഴുവന്‍ ശ്രേഷ്ഠതകളും നഷ്ടപ്പെട്ട് ഒറ്റക്ക് (ജമാഅത്തില്ലാതെ) നിസ്‌കരിച്ചത് പോലെയായിത്തീരുമെന്നല്ല ഉദ്ദേശിക്കപ്പെടുന്നത്. മറിച്ച് ഈ കറാഹത് സംഭവിച്ചത് നിസ്‌കാരത്തിന്റെ ഏതു ഘടകത്തിലാണോ പ്രസ്തുത ഘടകത്തിന് ലഭിക്കേണ്ട ജമാഅത്തിന്റെ മഹത്വം നഷ്ടമാവുന്നതിനാല്‍ ആ അംശത്തിന് മാത്രം ജമാഅത്തിന്റെ ശ്രേഷ്ഠതയുണ്ടാവില്ല എന്നത് മാത്രമാണ്. അല്ലാതെ മുഴുവന്‍ നിസ്‌കാരത്തിന്റെ ജമാഅത്തിന്റെ ശ്രേഷ്ഠതകളും നഷ്ടപ്പെട്ട് പോകും എന്നതല്ല ഇതിനര്‍ഥമെന്ന് പണ്ഡിതന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഉദാഹരണം: നിസ്‌കാരത്തില്‍ സ്വഫ്ഫുകള്‍ കെട്ടുമ്പോള്‍ തമ്മില്‍ വിടവുകളില്ലാതെ ചേര്‍ന്നു നില്‍ക്കേണ്ടതാണല്ലോ? ഈ നിബന്ധനക്ക് വിഘ്‌നം വരുത്തിയാല്‍ നിസ്‌കാരത്തിന് സ്വഫ്ഫുകള്‍ ചേര്‍ന്നു നില്‍ക്കുന്നതിലുള്ള മഹത്വം മാത്രമേ നഷ്ടപ്പെടുകയുള്ളൂ. മറ്റു പ്രവര്‍ത്തനങ്ങള്‍ക്ക് ജമാഅത്തായി നിസ്‌കരിച്ച കൂലി നഷ്ടപ്പെട്ടു പോകുകയില്ല.
അത് പോലെ ജുമുഅ നിസ്‌കാരം സാധുവാകണമെങ്കില്‍ ജമാഅത്തായി നിര്‍വഹിക്കല്‍ നിര്‍ബന്ധമാണല്ലോ? അപ്പോള്‍ ഇന്നത്തെ നമ്മുടെ നിര്‍ബന്ധിത സാഹചര്യം പരിഗണിച്ച് അണികളില്‍ നില്‍ക്കുന്നവര്‍ക്കിടയില്‍ നിശ്ചിത അകലം പാലിച്ചു സ്വഫ്ഫ് കെട്ടുകയും ജുമുഅ നിസ്‌കാരം നിര്‍വഹിക്കപ്പെടാന്‍ നിര്‍ബന്ധിതരാവുകയുമാണെങ്കില്‍ സ്വഫ്ഫിന്റെ ചേര്‍ന്നു നില്‍ക്കുന്ന ജമാഅത്തിന്റെ ശ്രേഷ്ടഠത നഷ്ടടപ്പെട്ടാലും, മുഴുവന്‍ നിസ്‌കാരത്തിലെ ജമാഅത്തിന്റെ ശ്രേഷ്ഠതയും നഷ്ടപ്പെടുകയില്ല. ജമാഅത്തിന്റെ മഹത്വം നഷ്ടപ്പെടുമെന്ന് പൊതുവായി പറഞ്ഞവര്‍ പോലും, ഇങ്ങനെ ആരെങ്കിലും ചെയ്താല്‍ ജുമുഅ നഷ്ടപ്പെടുമെന്ന് പറയുന്നില്ല.
മസ്ജിദുല്‍ ഹറാമില്‍ പലപ്പോഴും നിസ്‌കാരം നിര്‍വഹിക്കപ്പെടുമ്പോള്‍, മുന്നിലെ ഒന്നും രണ്ടും സ്വഫ്ഫുകള്‍ പൂര്‍ത്തിയാകാറില്ല. മുന്നിലെ സ്വഫ്ഫുകള്‍ പൂര്‍ത്തിയാകാതെ ആളുകള്‍ അടുത്ത സ്വഫ്ഫില്‍ നില്‍ക്കുന്നതായി കാണാവുന്നതാണ്. ഇത് കറാഹത്താവുകയില്ലേ? അപ്പോള്‍ ജമാഅത്തിന്റെ കൂലി നഷ്ടപ്പെടുകയില്ലേ? എന്ന് ഇമാം ഇബ്‌നു ഹജര്‍(റ) നോട് ചോദിക്കപ്പെട്ടപ്പോള്‍ അദ്ദേഹം പറഞ്ഞ മറുപടി ശ്രദ്ദേയമാണ്: 'അതെ, അത് കറാഹത്താണ്. അങ്ങനെ ചെയ്യുന്നതിനാല്‍ ജമാഅത്തിന്റെ ശ്രേഷ്ഠത നഷ്ടപ്പെട്ടാലും, ജമാഅത്തിന്റെ ബറകത്തോ, ജമാഅത്തിന്റെ സൂറത്തോ (രൂപമോ) നഷ്ടപ്പെടുകയില്ല'.
ജമാഅത്ത് നടത്തപ്പെടാത്ത പ്രദേശവാസികളുടെ മേല്‍ പിശാചിന്റെ മേധാവിത്വം ഉണ്ടാകുവാന്‍ കാരണമാകുമെന്ന് ഹദീസുകളില്‍ വന്ന പൈശാചികാധിപത്യത്തില്‍ നിന്നും പിശാചിന്റെ ദുര്‍ബോധനങ്ങളില്‍ നിന്നും ഈ നിസ്‌കാരത്തിന്റെ ബറകത് കൊണ്ട് രക്ഷപ്പെടുന്നതാണ്. ജമുഅയുടെ നിര്‍ബന്ധ ബാധ്യതയില്‍ നിന്ന് ഒഴിവാകുവാന്‍ ജമാഅത്തിന്റെ സൂറത്ത് (രൂപം) പര്യാപ്തമാകുന്നതാണ്. ചുരുക്കത്തില്‍ ജമാഅത്തിന്റെ ശ്രേഷ്ഠത നഷ്ടപ്പെടുന്നതിനാല്‍, ജമാഅത്തിന്റെ ബറകതും ജമാഅത്തിന്റെ സൂറത്തും നഷ്ടപ്പെടണമെന്നില്ല.( ഇആനതുത്ത്വാലിബീന്‍ 2:40 നോക്കുക )
ഒരു പ്രദേശത്തുകാര്‍ ജമാഅത്ത് നടത്തപ്പെടാതെ അവഗണിക്കുകയാണെങ്കില്‍ അവിടെ പിശാച് ആധിപത്യം സ്ഥാപിക്കുകയും അടക്കിവാഴുകയും അല്ലാഹുവിനെ ഓര്‍മയില്ലാതെ പൈശാചിക പ്രവര്‍ത്തനങ്ങളിലും പ്രേരണകളിലും അകപ്പെട്ടു വഴിപിഴച്ചവരായി മാറിയേക്കാവുന്നതാണ്. റസൂല്‍(സ) പ്രസ്താവിച്ചു: ഏതെങ്കിലും ഒരു ഗ്രാമത്തിലോ മരുഭൂമിയിലോ മൂന്നു പേര്‍ താമസിക്കുന്നുണ്ടെങ്കില്‍ അവര്‍ അവിടെ ജമാഅത്ത് നടത്തപ്പെടാതെ അവഗണന കാട്ടിയാല്‍ അവരെ പിശാച് കൈയടക്കാതിരിക്കുകയില്ല. (അബൂദാവൂദ്, നസാഈ)
എന്നാല്‍ പകര്‍ച്ച വ്യാധികളും സാംക്രമിക രോഗങ്ങളുമുള്ളവര്‍ ജുമുഅ ജമാഅത്തില്‍ പങ്കെടുക്കേണ്ടതില്ല. അവര്‍ പള്ളിയില്‍ ജുമുഅ ജമാഅത്തിനായി വരാതിരിക്കേണ്ടതും, അവര്‍ വരുന്നത് ബന്ധപ്പെട്ടവര്‍ തടയേണ്ടതുമാണെന്ന് നമ്മുടെ ഫിഖ്ഹ് ഗ്രന്ഥങ്ങളിലുണ്ട്. റസൂല്‍ (സ) പ്രസ്താവിച്ചു: കുഷ്ഠരോഗിയുമായി നിങ്ങള്‍ സംസാരിക്കുമ്പോള്‍ നിങ്ങള്‍ക്കും അവനുമിടയില്‍ ഒരു കുന്തത്തിന്റെ അകലമുണ്ടായിരിക്കേണ്ടതാണ്. (അഹ്മദ്)
(സിംഹത്തില്‍ നിന്ന് ഓടിയകലുന്നത് പോലെ കുഷ്ഠ രോഗിയില്‍ നിന്ന് നിങ്ങള്‍ ഓടിയകലേണ്ടതാണ്). സാംക്രമിക രോഗങ്ങള്‍ വന്നേക്കാവുന്ന പ്രത്യക്ഷ കാരണങ്ങളില്‍ നിന്ന് മാറി നില്‍ക്കുവാനുള്ള പാഠങ്ങളാണ് പ്രസ്തുത ഹദീസുകള്‍. കാര്യകാരണ ബന്ധത്തിന്മേലണല്ലോ ഈ ലോകജീവിത കാര്യങ്ങളെ സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. പ്രസ്തുത ഹദീസില്‍ കുഷ്ഠ രോഗി എന്നത് ഒരു ഉദാഹരണം മാത്രമാണ്. ഇത് പോലെ സാംക്രമിക രോഗമുള്ളവരില്‍ നിന്നെല്ലാം മാറി നില്‍ക്കാന്‍ ഇസ്‌ലാം നിര്‍ദേശിച്ചത് തന്നെയാണ്.
ഇത് കാരണം കൊവിഡ് രോഗം സ്ഥിരീകരിക്കപ്പെട്ടവരും അത് പോലെ നിരീക്ഷണത്തിലുള്ളവരും ജുമുഅ ജമാഅത്തുകള്‍ക്ക് വരാന്‍ പാടില്ലെന്ന കര്‍ശന നിയമം നടപ്പിലാക്കിക്കൊണ്ട്, നിശ്ചിത അകലം പാലിച്ചു സ്വഫ്ഫ് കെട്ടി ജുമുഅ ജമാഅത്തുകള്‍ നടപ്പിലാക്കാമോ എന്ന വിഷയം ഗൗരവമായും ചിന്തിക്കേണ്ടതാണ്. ചുരുക്കത്തില്‍, ഏറ്റവും പൂര്‍ണമായ രൂപത്തില്‍ ഒരു കാര്യം ചെയ്യല്‍ അസാധ്യമോ ദുസ്സാധ്യമോ ആയാല്‍, അപൂര്‍ണമായ രൂപത്തിലെങ്കിലും അതു ചെയ്യണം. പാടേ ഉപേക്ഷിക്കരുതെന്നത് ഇസ്‌ലാമിലെ ആരാധനാ കര്‍മങ്ങളിലെ ഒരു പൊതു നിയമമാണല്ലോ. ഇതനുസരിച്ചു ജമാഅത്ത് നിസ്‌കാരത്തില്‍ സ്വഫ്ഫുകളില്‍ ഇടയില്ലാതെ ചേര്‍ന്നു നില്‍ക്കുന്നതാണല്ലോ അതിന്റെ പൂര്‍ണ രൂപം. ഇന്നത്തെ നിര്‍ബന്ധിത സാഹചര്യത്തില്‍ അത് അസാധ്യമായതിനാല്‍, അതിന്റെ അപൂര്‍ണ രൂപത്തിലെങ്കിലും, നിശ്ചിത അകലം പാലിച്ച് സ്വഫ്ഫില്‍ നിന്ന് കൊണ്ട് നിര്‍വഹിക്കുകയാണല്ലോ അത് പാടേ ഉപേക്ഷിക്കുന്നതിലും ഭേദം. ഞാന്‍ നിങ്ങളോട് ഒരു മത കാര്യം ചെയ്യാനായി കല്‍പിച്ചാല്‍ നിങ്ങള്‍ക്ക് കഴിയുന്ന വിധത്തില്‍ നിങ്ങളത് ചെയ്യണം എന്ന ഹദീസും പഠിപ്പിക്കുന്നത് അത് തന്നെയാണല്ലോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."