ട്രംപ്-കിം ഉച്ചകോടിക്ക് തുടക്കം
ഹനോയ്: വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിലെ സോഫിടെല്‍ ലെജന്‍ഡ് മെട്രൊപൊളിറ്റന്‍ ആഡംബര ഹോട്ടലില്‍ അത്താഴത്തിനു മുന്‍പായുള്ള പരസ്പരം ഹസ്തദാനത്തോടെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും തമ്മിലുള്ള ഉച്ചകോടിക്കു തുടക്കമായി. മേശക്കുചുറ്റുമിരുന്ന് സംസാരിക്കുന്നതിനു മുന്‍പായി ഇരുവരും 20 മിനിറ്റ് തനിച്ചു ചര്‍ച്ചനടത്തി. തുടര്‍ന്നാണ് ഇരുരാജ്യങ്ങളിലെയും മറ്റു പ്രതിനിധികളുടെ സാന്നിധ്യത്തില്‍ തുടര്‍ ചര്‍ച്ച നടന്നത്.
ഉച്ചകോടിക്കായി എത്തിയ ട്രംപിനെ അഭിനന്ദിച്ച കിം, ചര്‍ച്ചയ്ക്ക് കാര്യമാത്ര ഫലം ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞു. ട്രംപിനെ കൂടാതെ അമേരിക്കയെ പ്രതിനിധീകരിച്ച് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോയും ട്രംപിന്റെ ആക്ടിങ് സെക്രട്ടറി മിക്ക് മുല്‍വെന്‍സിയും കിമ്മിന്റെ കൂടെ ഉത്തരകൊറിയന്‍ മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥന്‍ കിം യങ് ചൊല്‍, വിദേശകാര്യമന്ത്രി റി യങ് ഹു എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കുന്നുണ്ട്.
ഇന്ത്യന്‍ സമയം വൈകിട്ട് 7.30ഓടെ ഇന്നലത്തെ ചര്‍ച്ച അവസാനിച്ചു. ഇന്നു രാവിലെ വീണ്ടും ചര്‍ച്ച തുടരും. ശേഷം ഉടമ്പടികളില്‍ ഒപ്പുവയ്ക്കലും വാര്‍ത്താസമ്മേളനവും ഉണ്ടാവും. കഴിഞ്ഞ ജൂണില്‍ സിംഗപ്പൂരില്‍ നടന്ന ആദ്യഘട്ട ചര്‍ച്ചയുടെ ഭാഗമായാണ് ഇപ്പോള്‍ ഹനോയില്‍ നടന്നുവരുന്ന ഉച്ചകോടി. ഉച്ചകോടിക്ക് മുന്നോടിയായി ട്രംപ് വിയറ്റ്‌നാം പ്രസിഡന്റ് നുയെന്‍ ഫു, പ്രധാനമന്ത്രി നുയെന്‍ സുവാന്‍ ഫുക് എന്നിവരുമായി കൂടിക്കാഴ്ച നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."