ഉറിയംപെട്ടി ആദിവാസി കോളനിക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സത്വര നടപടി: കലക്ടര്‍
കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് ദുരിതത്തിലായ പൂയംകുട്ടി കുട്ടമ്പുഴ പഞ്ചായത്തിലെ ഉറിയംപെട്ടി ആദിവാസി കോളനി ജില്ല കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള സന്ദര്‍ശിച്ചു. മഴ മൂലം മണികണ്ഠന്‍ചാല്‍ ചപ്പാത്ത് വെള്ളത്തിനടിയിലായതിനെ തുടര്‍ന്ന് ഇവിടത്തുകാര്‍ പുറംലോകവുമായി ബന്ധപ്പെടാനാകാതെ കഴിഞ്ഞിരുന്നു. തുടര്‍ന്നാണ് ദുര്‍ഘടമായ വനപാത താണ്ടി ജില്ല കലക്ടറും ആരോഗ്യപ്രവര്‍ത്തകരുമടങ്ങുന്ന സംഘം 76 ആദിവാസി കുടുംബങ്ങള്‍ താമസിക്കുന്ന ഉറിയംപെട്ടിയിലെത്തിയത്.
കോളനിവാസികളുടെ പ്രശ്‌നങ്ങള്‍ വിശദമായി കേട്ട കലക്ടര്‍ പരിഹാരത്തിന് ഉടന്‍ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി. ഉറിയംപെട്ടിയില്‍ നിന്ന് സഞ്ചാരയോഗ്യമായ റോഡില്ലാത്തതാണ് ഏറ്റവും പ്രധാന പ്രശ്‌നമെന്ന് കോളനിക്കാര്‍ കലക്ടറോടു പറഞ്ഞു. കത്തിപ്പാറ വഴി വെള്ളാരംകുത്ത്ഉറിയംപെട്ടി റോഡ് നിര്‍മ്മിക്കണമെന്ന് കോളനിക്കാര്‍ ആവശ്യമുന്നയിച്ചു. എന്നാല്‍ വനത്തിലൂടെ റോഡ് നിര്‍മ്മിക്കുന്നതിന് നിയമത്തിന്റെ പരിധിയില്‍ നിന്ന് എല്ലാക്കാര്യങ്ങളും ചെയ്യുമെന്ന് കലക്ടര്‍ ഉറപ്പുനല്‍കി.
നിലവിലുള്ള റോഡ് നാലു കിലോമീറ്റര്‍ വരെ വീല്‍ ട്രാക്ക് കോണ്‍ക്രീറ്റ് ചെയ്യുന്നതിന് വനം വകുപ്പുമായി ചേര്‍ന്ന് നടപടി സ്വീകരിക്കും. റേഷന്‍ സാധനങ്ങള്‍ പൂയംകുട്ടിയില്‍ നിന്ന് കോളനിയിലെത്തിക്കുന്നതിനും നടപടി സ്വീകരിക്കും. കുട്ടമ്പുഴയിലെ വിവിധ ആദിവാസി ഊരുകളിലെ സമഗ്ര ആരോഗ്യ സാമൂഹ്യ ക്ഷേമ വികസനത്തിനായി ഊര് ആശ പദ്ധതി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടപ്പാക്കും.
ഓരോ ഊരുകളിലേക്കും പ്രത്യേകം തിരഞ്ഞെടുത്ത ആശാ പ്രവര്‍ത്തകയെ നിയമിച്ച് കോളനിക്കാരുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് ലക്ഷ്യം. കോളനിക്കാര്‍ക്കാവശ്യമായ മരുന്നും മറ്റു ചികിത്സാ സൗകര്യങ്ങളും ഏര്‍പ്പെടുത്തും.
പട്ടികവര്‍ഗ വകുപ്പ് വിതരണം ചെയ്യുന്ന ഭക്ഷ്യസാധനങ്ങളുടെ വിതരണവും കലക്ടര്‍ നിര്‍വഹിച്ചു. ഓരോ കുടുംബങ്ങള്‍ക്കും 10 കിലോ അരിയും മറ്റ് അവശ്യ ഭക്ഷ്യസാധനങ്ങളുമാണ് സൗജന്യമായി വിതരണം ചെയ്തത്. കൂടാതെ കോളനിക്കാരുടെ ആരോഗ്യ സ്ഥിതി വിലയിരുത്തുന്നതിനുളള മെഡിക്കല്‍ ക്യാപും സംഘടിപ്പിച്ചു.
വന്യമൃഗങ്ങളുടെ ശല്യം തടയുന്നതിന് പവര്‍ ഫെന്‍സിംഗ് ഏര്‍പ്പെടുത്തുന്നതിന് നടപടി പുരോഗമിക്കുകയാണെന്ന് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ രഞ്ജന്‍ അറിയിച്ചു. ജന്മന കാലുകള്‍ തളര്‍ന്നു പോയ എട്ടു വയസുകാരി സിന്ധു ശിവദാസിനെ കലക്ടര്‍ വീട്ടിലെത്തി സന്ദര്‍ശിച്ചു. കുട്ടിക്കും കുട്ടിയെ പരിചരിക്കുന്നവര്‍ക്കും ലഭിക്കേണ്ട പെന്‍ഷന്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കാന്‍ കലക്ടര്‍ നിര്‍ദേശിച്ചു.
കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഗോപി, വൈസ് പ്രസിഡന്റ് കെ.കെ ബിജു, ഡി.എഫ്.ഒ രഞ്ജന്‍, എന്‍.എച്ച്.എം ജില്ല പ്രോഗ്രാം ഓഫീസര്‍ ഡോ. മാത്യൂസ് നമ്പേലി, താലൂക്ക് സപ്ലൈ ഓഫീസര്‍ ആശ ആന്റണി, ഹെല്‍ത്ത് ഓഫീസര്‍ പി.എന്‍ ശ്രീനിവാസന്‍, ട്രൈബല്‍ ഡെവലപ്‌മെന്റ് ഓഫീസര്‍ അനില്‍, വനം വകുപ്പ് ജീവനക്കാര്‍, വിവിധ വകുപ്പ് ജീവനക്കാര്‍ എന്നിവരും കലക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."