പ്രത്യേക ട്രെയിനുകള്‍ അനുവദിക്കണമെന്ന് കേരളം
തിരുവനന്തപുരം: അതിഥിത്തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക ട്രെയിനുകള്‍ അനുവദിക്കണമെന്ന് അഭ്യര്‍ഥിച്ച് ചീഫ് സെക്രട്ടറി ടോം ജോസ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലക്ക് കത്തയച്ചു. വിവിധ സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയ അതിഥിത്തൊഴിലാളികള്‍, തീര്‍ഥാടകര്‍, വിനോദസഞ്ചാരികള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവരുടെ യാത്രക്ക് കഴിഞ്ഞദിവസം കേന്ദ്രം അനുമതി നല്‍കിയിരുന്നു. കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള ഉത്തരവുപ്രകാരം ബസുകളില്‍ ഇത്തരക്കാരെ നാട്ടിലെത്തിക്കാന്‍ സൗകര്യമൊരുക്കണമെന്നാണ് നിര്‍ദേശിച്ചിട്ടുള്ളത്. എന്നാല്‍, ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇത്രയും അതിഥിത്തൊഴിലാളികളെ ബസുകളില്‍ കൊണ്ടുപോകുന്നത് പ്രായോഗികമല്ല. മാത്രമല്ല, രോഗവ്യാപന സാധ്യതയും കണക്കിലെടുക്കണം. അതുകൊണ്ടുതന്നെ, അതിവേഗ, നോണ്‍-സ്റ്റോപ്പ് ട്രെയിനുകളില്‍ അതിഥിത്തൊഴിലാളികളെ സാമൂഹ്യഅകലം പാലിച്ച് നാട്ടിലെത്തിക്കാന്‍ അനുവദിക്കണമെന്നും ട്രെയിനുകളില്‍ ആവശ്യമായ ഭക്ഷണവും വെള്ളവും ആരോഗ്യ സംഘത്തെയും അനുവദിക്കണമെന്നും കത്തിലൂടെ ചീഫ് സെക്രട്ടറി കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
കേരളത്തില്‍ 3.6 ലക്ഷം അതിഥിത്തൊഴിലാളികള്‍ 20,826 ക്യാംപുകളിലായി കഴിയുന്നുണ്ട്. ഇവരില്‍ 99 ശതമാനംപേരും അവരുടെ നാടുകളിലേക്ക് മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്നുണ്ട്. പശ്ചിമബംഗാള്‍, ഒഡിഷ, ബീഹാര്‍, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് കൂടുതല്‍പേരും. അതിഥിത്തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ പ്രത്യേക നോണ്‍-സ്റ്റോപ്പ് ട്രെയിനുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."