HOME
DETAILS
MAL
ഹുദൈദയില്‍ ഹൂതികള്‍ക്കെതിരേ സഖ്യസേനാ ബോംബാക്രമണം
backup
June 18 2018 | 19:06 PM
സന്‍ആ: ഹുദൈദ വിമാനത്താവളത്തില്‍ ഒളിച്ചിരുന്ന ഹൂതി വിമതര്‍ക്കുനേരെ അറബ് സഖ്യസേനാ ബോംബാക്രമണം.
യമനിലെ പ്രധാന തുറമുഖനഗരത്തിനടുത്ത വിമാനത്താവളത്തിലാണ് സംഭവം. ഇവിടെ ഹൂതികളും സഖ്യസേനയും തമ്മില്‍ ദിവസങ്ങളായി വന്പോരാട്ടമാണു നടക്കുന്നത്. ഹൂതി നിയന്ത്രണത്തിലുണ്ടായിരുന്ന വിമാനത്താവളം സഖ്യസേന പിടിച്ചെടുത്തതായി യമന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ അവകാശപ്പെട്ടിരുന്നു.
ഒരിടവേളയ്ക്കു ശേഷം കഴിഞ്ഞ ചൊവ്വാഴ്ചയാണ് സഖ്യസേന ഹൂതികള്‍ക്കെതിരേ സൈനിക നടപടി പുനരാരംഭിച്ചത്. നീക്കത്തില്‍ വിമതസംഘമായ ഹൂതികളുടെ നിയന്ത്രണത്തിലുള്ള ഹുദൈദ തുറമുഖനഗരവും വിമാനത്തവാളവും തിരിച്ചുപിടിച്ചതായി അറബ് സഖ്യസേന അവകാശപ്പെട്ടു. പരിസരപ്രദേശങ്ങളിലെ കുഴിബോംബുകള്‍ കണ്ടെത്തി നശിപ്പിക്കാനുള്ള നടപടികള്‍ തുടരുകയാണെന്നും സൈന്യം അറിയിച്ചു. എന്നാല്‍, ഹുദൈദ നഷ്ടപ്പെട്ട കാര്യം ഹൂതികള്‍ അംഗീകരിച്ചിട്ടില്ല.
ദിവസങ്ങളായി മേഖലയില്‍ നടക്കുന്ന ശക്തമായ പോരാട്ടത്തില്‍ ലക്ഷക്കണക്കിന് ജനങ്ങളാണു പെരുവഴിയിലായത്.
ഇറാന് പിന്തുണയുള്ള ഹൂതികളുടെ നിയന്ത്രണത്തിലുള്ള ഏക പ്രധാന തുറമുഖനഗരമാണ് ഹുദൈദ.
കഴിഞ്ഞ ബുധനാഴ്ചയാണ് ചെങ്കടല്തീരനഗരം കീഴടക്കാനായി സഖ്യസേന ശക്തമായ ആക്രമണമാരംഭിച്ചത്. യു.എ.ഇയാണ് അപ്രതീക്ഷിത ആക്രമണത്തിന് തുടക്കമിട്ടത്.
ജനങ്ങളുടെ ജീവന് അപകടത്തിലായ സ്ഥിതിയില്‍ യു.എന്‍ പ്രത്യേകദൂതന്‍ മാര്ട്ടിന് ഗ്രിഫിത്സ് യമന്‍ തലസ്ഥാനമായ സന്ആയിലെത്തിയിരുന്നു. ഇരുകക്ഷികള്ക്കുമിടയില് പ്രശ്നങ്ങള്‍ പരിഹരിക്കാനാണ് യു.എന്‍ ദൂതന്റെ അപ്രതീക്ഷിത സന്ദര്‍ശനം.
2015ലാണ് രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖല ഹൂതികള്‍ പിടിച്ചടക്കിയത്.
യമന്‍ തലസ്ഥാനമായ സന്‍ആയും ഇതില്‍ ഉള്‍പ്പെടും. പ്രസിഡന്റ് അബ്ദുറബ് മന്‍സൂറിന് ഹൂതികളുടെ ഇടപെടലിനെ തുടര്‍ന്ന് രാജ്യം വിടേണ്ടി വന്നിരുന്നു. തുടര്‍ന്ന് സഖ്യസേന യമന്‍ സര്‍ക്കാരിനു സഹായവുമായി എത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."