അലനേയും താഹയേയും മാവോയിസ്റ്റ് സംഘടനയില്‍ ചേര്‍ത്തത് കഴിഞ്ഞ ദിവസം കസ്റ്റഡിയിലായവരെന്ന് എന്‍.ഐ.എ
കോഴിക്കോട്:പന്തീരാങ്കാവ് യു.എ.പി.എ. കേസില്‍ പ്രതികളായ അലനെയും താഹയെയും നിരോധിത മാവോവാദ സംഘടനയില്‍ ചേര്‍ത്തത് ഇന്നലെ കോഴിക്കോട്ടുനിന്ന് കസ്റ്റഡിയിലെടുത്ത രണ്ട് പേരാണെന്ന് എന്‍.ഐ.എ വ്യക്തമാക്കി.
വയനാട് സ്വദേശിയായ വിജിത്ത് വിജയന്, എല്‍ദോ വില്‍സണ്‍, ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകനായ അഭിലാഷ് പടച്ചേരി എന്നിവരെയായിരുന്നു കഴിഞ്ഞ ദിവസം മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലുകള്‍ക്കും പരിശോധനയ്ക്കും ശേഷം കസ്റ്റഡിയിലെടുത്തത്.ഇതില്‍ അഭിലാഷിനെ ഇന്ന്(ശനി) രാവിലെ ഒമ്പതു മണിക്ക് വീണ്ടും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ രാത്രി വിട്ടയച്ചു.
എട്ട് മൊബൈല്‍ ഫോണുകള്‍, ഏഴ് സിം കാര്‍ഡുകള്‍, രണ്ട് മെമ്മറി കാര്‍ഡുകള്‍, ഒരു ലാപ്ടോപ്പ്, ഏഴ് പെന്‍ ഡ്രൈവുകള്‍, ഒരു വോയ്സ് റിക്കോര്‍ഡര്‍,സി.പി.ഐ മാവോയിസ്റ്റ് ഗ്രൂപ്പിന്റെ പ്രചരണാര്‍ത്ഥമുള്ള ഒമ്പത് പുസ്തകങ്ങള്‍ ലഘുലേഖകള്‍ എന്നിവ ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്നും എന്‍.ഐ.എ ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
അലന്റേയും താഹയുടേയും മൊഴികളില്‍ നിന്നാണ് ഇവര്‍ക്ക് കസ്റ്റഡിയിലെടുത്ത യുവാക്കളുമായി ബന്ധമുണ്ടെന്ന് മനസിലായത്.വ്യത്യസ്ത ഇടങ്ങളില്‍ ഇവര്‍ കൂടിക്കാഴ്ച നടത്തി, വിവിധ ഇടങ്ങളിലേക്ക് ഒരുമിച്ച് യാത്ര ചെയ്തു എന്നും എന്‍.ഐ.എ പറയുന്നു.
അലന്, താഹ കേസില്‍ 27-നാണ് എന്‍.ഐ.എ. കുറ്റപത്രം സമര്‍പ്പിച്ചത്. പ്രതികളായ അലന് ഷുഹൈബ്, താഹ ഫസല്‍, സി.പി. ഉസ്മാന് എന്നിവര്‍ക്കെതിരെ യു.എ.പി.എയിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം.
ഇന്ത്യന്‍ ശിക്ഷാ നിയമം 120 ബി, യു.എ.പി.എ-13,38,39 വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിയ്ക്കുന്നത്. ഗൂഢാലോചന, നിയമവിരുദ്ധ പ്രവര്‍ത്തനം, നിരോധിത സംഘടനയില്‍ പ്രവര്‍ത്തിച്ചു, അന്യായമായി സംഘം ചേരല്‍ തുടങ്ങിയവയാണ് പ്രതികള്‍ക്കെതിരെയുള്ള കുറ്റങ്ങള്‍.
അതേ സമയം എന്‍ഐഎയുടെ വാര്‍ത്താകുറിപ്പ് പൊരുത്തക്കേടുകള്‍ നിറഞ്ഞതെന്ന് കസ്റ്റഡിയിലെടുത്ത അഭിലാഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."