ഈസ്റ്റര്‍ - വിഷു ആഘോഷങ്ങള്‍ കൊഴുപ്പിക്കാന്‍ സ്പിരിറ്റും വ്യാജവാറ്റും ഒഴുകുന്നു
തൊടുപുഴ: ഈസ്റ്റര്‍ - വിഷു ആഘോഷങ്ങള്‍ പൊടിപൊടിക്കാന്‍ സംസ്ഥാനത്തേക്ക് സ്പിരിറ്റും വ്യാജവാറ്റും ഒഴുകുന്നു.
കേരളത്തില്‍ ഒരു ലിറ്റര്‍ സ്പിരിറ്റിന് 300 രൂപയോളം വിലവരുമ്പോള്‍ 100 രൂപയ്ക്ക് തമിഴ്നാട്ടില്‍ ലഭിക്കും. ഇതാണ് വന്‍തോതില്‍ സ്പിരിറ്റ് അതിര്‍ത്തികടത്താന്‍ കാരണം. വ്യവസായത്തിനും മറ്റും കിട്ടുന്ന സ്പിരിറ്റാണ് ഇത്തരത്തില്‍ മറിച്ചു വല്ക്കപ്പെടുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ കുമളി ചെക്ക് പോസ്റ്റിലൂടെ മാത്രം ലിറ്റര്‍ കണക്കിന് സ്പിരിറ്റ് തമിഴ്നാട്ടില്‍ നിന്നും കടത്തിക്കൊണ്ടുവന്നതായാണ് സൂചന.
തെക്കന്‍ ജില്ലകളിലേക്ക് സ്പിരിറ്റ് എത്തിക്കാന്‍ തമിഴ്നാട്ടിലും കേരളത്തിലുമായി വന്‍ ശൃംഖല തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എക്സൈസ് അധികൃതര്‍ തന്നെ രഹസ്യമായി സമ്മതിക്കുന്നുണ്ട്. ഉള്‍നാടന്‍ പ്രദേശങ്ങളില്‍ വാറ്റുചാരായവും സുലഭമാണ്.
ബാറുകള്‍ പൂട്ടിയതോടെ വ്യാജ കള്ള് വില്‍പ്പനയും വ്യാപകമായി. ആവശ്യത്തിന് ചെത്ത് കള്ള് ലഭ്യമല്ലാതായതോടെയാണ് ഷാപ്പുകളില്‍ വ്യാജ കള്ള് വില്‍പ്പന തകൃതിയായത്. ബാറുകള്‍ പൂട്ടിയ പശ്ചാത്തലത്തില്‍ മദ്യ ദുരന്തത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ട് എക്സൈസ് വകുപ്പ് ഇന്റലിജന്‍സ് വിഭാഗം സര്‍ക്കാരിന് നല്‍കിയിരുന്നു. എന്നിട്ടും വ്യാജ കള്ളുവില്പന നിര്‍ബാധം തുടരുകയാണ്.
വിദേശ മദ്യം ആവശ്യത്തിന് ലഭ്യമല്ലാത്തതും വേനല്‍ചൂട് കടുത്തതുമാണ് മുന്‍പില്ലാത്ത വിധം ഷാപ്പുകളില്‍ വില്‍പ്പന വര്‍ധിച്ചത്. നാട്ടില്‍ പനയുടെയും തെങ്ങുകളുടേയും എണ്ണം കുറഞ്ഞതോടെ കള്ളിന്റെ ലഭ്യത കുറഞ്ഞു
ഇതോടെയാണ് വ്യാജ കള്ള് നിര്‍മ്മാണം വ്യാപകമായത്. തെങ്ങിന് കള്ളാണ് വ്യാജമായി നിര്‍മിച്ച് വ്യാപകമായി വില്‍പ്പന നടത്തുന്നത്. നിരോധിക്കപ്പെട്ട കീടനാശിനികളും മരുന്നുകളുമായ സാക്കറിന്, സോഡിയം ലോറൈല്‍ സള്‍ഫൈറ്റ് എന്നിവ ഉപയോഗിച്ചാണ് വ്യാജ കള്ള് ഉണ്ടാക്കുന്നത്. വ്യാജ കള്ള് നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന നിരോധിക്കപ്പെട്ട കീടനാശിനികളും മരുന്നുകളും ദൂരവ്യാപകമായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതാണെന്നും പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. സാക്കറിന്റെ തുടര്‍ച്ചയായ ഉപയോഗം മൂലം കാന്‍സര്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
സോപ്പിലും ഷാമ്പുവിലും പത കൂട്ടാനായി ഉപയോഗിക്കുന്ന സോഡിയം ലോറൈല്‍ സള്‍ഫേറ്റ് കീടനാശിനിയായി ഉപയോഗിക്കുന്നതാണ്. മധ്യ കേരളത്തിലേക്ക് പാലക്കാട് ചിറ്റൂരില്‍ നിന്നാണ് തെങ്ങിന് കള്ള് എത്തുന്നത്. വില്‍പ്പന വര്‍ധിച്ചതോടെ ഷാപ്പ് ഉടമകളുടെ ഗോഡൗണുകളിലാണ് കൃത്രിമ കള്ള് നിര്‍മാണം നടക്കുന്നത്. ഗുളിക രൂപത്തില്‍ ലഭിക്കുന്ന മരുന്നുകള്‍ കൃത്യമായ അളവില്‍ കലക്കിയാണ് കള്ള് നിര്‍മാണം നടക്കുന്നത്. വീര്യം കൂട്ടുന്നതിനായി ബാറ്ററിക്കുള്ളില്‍ ഉപയോഗിക്കുന്ന കാര്‍ബൈഡും ഉപയോഗിക്കും. ഇത്തരം ഒരു ലിറ്റര്‍ കള്ള് നിര്‍മിക്കുന്നതിന് 20 രൂപയില്‍ താഴെ മാത്രമാണ് ചെലവ് വരുന്നത്.
ഇതും വ്യാജ കള്ള് നിര്‍മാണത്തിന് പ്രേരകമായിട്ടുണ്ട്. ചെക്ക് പോസ്റ്റുകളില്‍ ശരിയായ പരിശോധനകള്‍ നടക്കാത്തതും വ്യാജ കള്ള് വില്‍പ്പന വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. എക്സൈസ് ഉദ്യോഗസ്ഥരെ സ്വാധീനിച്ചാണ് ചെക്ക് പോസ്റ്റുകള്‍ വഴി വ്യാജ കള്ള് കടത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."