കിണറ്റില്‍ ഇ-കോളി സാന്നിധ്യം; വിമാനത്താവളത്തില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധന നടത്തി
പള്ളിക്കല്‍: കരിപ്പൂരില്‍ സ്വകാര്യവ്യക്തിയുടെ കിണറ്റില്‍ ഇ-കോളി സാന്നിധ്യം കണ്ടെത്തിയ സംഭവത്തില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ വിമാനത്താവളത്തില്‍ പരിശോധന നടത്തി. കേന്ദ്ര വ്യവസായ സുരക്ഷാസേനയുടെ ബാരക്ക് പരിസരത്താണ് എയര്‍പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥരുടേയും സി.ഐ.എസ്.എഫ് അധികൃതരുടേയും സാന്നിധ്യത്തില്‍ പരിശോധന നടത്തിയത്.
ബാരക്കിലെ സെപ്റ്റിക്ക് ടാങ്കിന്റെയും ട്രീറ്റ്‌മെന്റ് പ്ലാന്റിന്റേയും പ്രവര്‍ത്തനക്ഷമത വിലയിരുത്തി. മാലിന്യം ടാങ്കില്‍നിന്നു പുറത്തേക്ക് പോകുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള നിര്‍ദേശങ്ങള്‍ നല്‍കി. ഇത് യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പാക്കാന്‍ വിമാനത്താവള ഡയറക്ടര്‍ കെ.എച്ച് ശ്രീനിവാസ റാവു എന്‍ജിനീയറിങ് വിഭാഗത്തിന് നിര്‍ദേശം നല്‍കി.
പ്രാഥമിക പരിശോധനയില്‍ സെപ്റ്റിക് ടാങ്കിനോ മാലിന്യ സംസ്‌കരണ സംവിധാനത്തിലോ കുഴപ്പം കണ്ടെത്താനായില്ലെന്നാണ് ആരോഗ്യവിഭാഗം പറയുന്നത്. പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്താന്‍ നല്‍കിയ നിര്‍ദേശങ്ങള്‍ നടപ്പിാക്കിയ ശേഷം ആരോഗ്യ വകുപ്പ് വിശദമായ പരിശോധന നടത്തും. സി.ഐ. എസ്.എഫ് ഡപ്യൂട്ടി കമാഡന്റ് കെ.വി കിഷോര്‍ കുമാര്‍, എയര്‍പോര്‍ട്ട് അതോറിറ്റി ഡപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ ഹരിദാസ്, ദേവകുമാര്‍, എ.ജി.എം(സിവില്‍)മൊയ്തീന്‍, മാനേജര്‍ ദീപ്തി രാമചന്ദ്രന്‍, പള്ളിക്കല്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി.പി ദിനേഷ്, ആരോഗ്യ പ്രവര്‍ത്തകരായ, യു. മുഹമ്മദ് റഊഫ്, ജിജി മോള്‍, അനുരൂപ കുമാരി, ജാബിര്‍ തുടങ്ങിയവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.
മറ്റു കിണറുകളില്‍ ഇ-കോളി സാന്നിധ്യമുണ്ടോ എന്ന് ഉറപ്പുവരുത്താന്‍ വിമാനത്താവള പരിസരത്തെ വീടുകളിലെ പത്തോളം കിണറുകളില്‍നിന്നു വെള്ളം ശേഖരിച്ച് പരിശോധനക്കയച്ചതായും എച്ച്.ഐ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."