ജില്ലാ വികസന സമിതി യോഗം; പുഴ സംരക്ഷണഭിത്തി നിര്‍മാണം തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനം
കോഴിക്കോട്: പുഴ ഭിത്തി കെട്ടി സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൂര്‍ത്തീകരിക്കുന്നതിന് ജലസേചന വകുപ്പിന്റെ പക്കലുള്ള അപേക്ഷകള്‍ പഞ്ചായത്ത് തിരിച്ച് തൊഴിലുറപ്പ് ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ക്ക് നല്‍കാനും പ്രവൃത്തി ആരംഭിക്കുന്നതിന് കര്‍മപദ്ധതി തയാറാക്കാനും ജില്ലാ വികസന സമിതി യോഗത്തില്‍ തീരുമാനം.
പ്രളയത്തെ തുടര്‍ന്ന് അടിഞ്ഞുകൂടിയ ഉരുളന്‍കല്ലുകള്‍ ജില്ലാ ജിയോളജിസ്റ്റ്, ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, വടകര തഹസില്‍ദാര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ വിദഗ്ധ ഏജന്‍സിയെ നിയോഗിച്ച് പൊട്ടിച്ചുമാറ്റുന്നതിന് നിര്‍മിതി ജില്ലാ പ്രൊജക്ട് മാനേജരെ യോഗം ചുമതലപ്പെടുത്തി. പൊട്ടിച്ചുമാറ്റുന്ന കല്ലുകള്‍ ലേലം ചെയ്യുന്നതിനും കിട്ടുന്ന തുകയില്‍ ചെലവ് കഴിഞ്ഞുള്ളത് റിവര്‍ മാനേജ്‌മെന്റ് ഫണ്ടില്‍ നിക്ഷേപിക്കാനും ബന്ധപ്പെട്ട പഞ്ചായത്ത് സെക്രട്ടറിയോടും വികസന സമിതി ആവശ്യപ്പെട്ടു. പിന്നാക്കം നില്‍ക്കുന്ന പട്ടികവര്‍ഗ കോളനികളില്‍ വികസനം ഏകോപിപ്പിക്കുന്നതിന് സമഗ്ര വികസന പ്ലാന്‍ തയാറാക്കും. സര്‍ക്കാര്‍ സഹായങ്ങളും സേവനങ്ങളും പട്ടികവര്‍ഗ കോളനികളില്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ നടപടി സ്വീകരിച്ചതായും ജില്ലാ പട്ടികജാതി വികസന ഓഫിസര്‍ സമിതിയെ അറിയിച്ചു.
ചേമഞ്ചേരി വില്ലേജില്‍ നിര്‍മിച്ച സുനാമി വീടുകളില്‍ 19 എണ്ണം അറ്റകുറ്റപ്പണി പൂര്‍ത്തീകരിച്ച് ഗുണഭോക്താക്കള്‍ക്ക് കൈമാറിയെന്നും ബാക്കിയുള്ളവ മുന്‍ഗണനാ പട്ടിക തയാറാക്കി ഉടന്‍ കൈമാറുമെന്നും ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡെപ്യൂട്ടി കലക്ടര്‍ പറഞ്ഞു. പണി പൂര്‍ത്തിയാക്കിയ വിജ്ഞാന്‍വാടികള്‍ക്ക് (വായനശാല) മാര്‍ച്ച് 31നകം വൈദ്യുതി കണക്ഷന്‍ നല്‍കണമെന്ന് കെ.എസ്.ഇ.ബിയോട് ആവശ്യപ്പെട്ടു. നാദാപുരം താലൂക്ക് ആശുപത്രിയില്‍ പുതുതായി നിര്‍മിച്ച കെട്ടിടത്തിലേക്ക് ആവശ്യമായ ഉപകരണങ്ങളും സാമഗ്രികളും നാലു മാസത്തിനകം ലഭ്യമാക്കാന്‍ സമിതി ഡി.എം.ഒയ്ക്ക് നിര്‍ദേശം നല്‍കി.
പെരിഞ്ചേരിക്കടവ് റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഡിസൈന്‍ റിവൈസ് ചെയ്ത് ലഭിച്ചിട്ടുണ്ടെന്നും റിവൈസ്ഡ് ഡി.പി.ആര്‍ ഉടന്‍ സമര്‍പ്പിക്കുമെന്നും ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. വടകര ജില്ലാ ആശുപത്രി കെട്ടിടം പണിയുടെ ടെന്‍ഡര്‍ ഉടന്‍ തുറന്ന് കരാറുകാരെ നിശ്ചയിക്കുമെന്ന് പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പറഞ്ഞു.
58 വകുപ്പുകളുടെ സംസ്ഥാന പദ്ധതി പ്രവര്‍ത്തനവും 22 കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പ്രവര്‍ത്തന പുരോഗതിയും ജില്ലാ വികസന സമിതി വിലയിരുത്തി. യോഗത്തില്‍ കലക്ടര്‍ ശീറാം സാംബശിവറാവു, എം.എല്‍.എമാരായ പുരുഷന്‍ കടലുണ്ടി, പി.ടി.എ റഹീം, ജില്ലാ പ്ലാനിങ് ഓഫിസര്‍, ജില്ലാതല നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."