ഞാറ്റുപാട്ടിന്റെ താളത്തില്‍ വാലഞ്ചേരി ഏലായില്‍ ഞാറ് നട്ടു
കിളിമാനൂര്‍: പഞ്ചായത്തിലെ വാലഞ്ചേരി ഐരുമൂല ഏലായിലെ അഞ്ചേക്കര്‍ തരിശു പാടത്തില്‍ വീണ്ടും ഞാറ്റുപാട്ടുയര്‍ന്നു. ഏറെകാലത്തിനുശേഷം കൃഷിക്കായി ഉഴുതുമറിച്ച് തയാറാക്കിയ മണ്ണില്‍ ബി. സത്യന്‍ എം.എല്‍.എ ആദ്യ ഞാര്‍ നട്ടതോടെ പാടശേഖരം പതിറ്റാണ്ടുകള്‍ക്ക് ശേഷം കൃഷിയിലേക്ക് തിരികെയെത്തി.
സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിവരുന്ന ഹരിതകേരളം പദ്ധതിയുടെ ചുവടുപിടിച്ച് കിളിമാനൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പഞ്ചായത്തിനെ സമ്പൂര്‍ണ തരിശുരഹിത പഞ്ചായത്താക്കി മാറ്റിയെടുക്കുന്ന ഉദ്യമങ്ങള്‍ക്ക് പിന്തുണ അറിയിച്ച് കിളിമാനൂര്‍ ചൂട്ടയില്‍ കസ്തൂര്‍ബാ സര്‍വിസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിലാണ് ഇവിടെ വീണ്ടും നെല്‍കൃഷി ആരംഭിച്ചത്. ആറ്റിങ്ങല്‍ ജൈവകാര്‍ഷിക മണ്ഡലം പദ്ധതിയിലുള്‍പ്പെടുത്തിയാണ് കൃഷി തുടങ്ങിയത്. ഏറെകാലമായി തരിശുകിടക്കുന്ന പാടശേഖരമാണ് ഐരുമൂല പാടശേഖരം.
കൃഷി വന്‍നഷ്ടമായതോടെ കര്‍ഷകര്‍ പലരും നെല്‍കൃഷി കൈവിട്ടു. ഇതോടെയാണ് പാടം തരിശായി കിടക്കാന്‍ തുടങ്ങിയത്. പരീക്ഷണാടിസ്ഥാനത്തില്‍ അദ്യഘട്ടമായി അഞ്ചേക്കറിലാണ് ഇക്കുറി കൃഷി ചെയ്യുന്നത്. പദ്ധതി വിജയമായാല്‍ മുഴുവന്‍ പാടങ്ങളിലും വിത്തെറിയാന്‍ തന്നെയാണ് കസ്തൂര്‍ബാ സര്‍വിസ് സഹകരണ സംഘത്തിന്റെ പദ്ധതി. പരമ്പരാഗത കാര്‍ഷിക വേഷത്തില്‍ ബി. സത്യന്‍ എം.എല്‍.എ ഞാറുമായി ഇറങ്ങിയതോടെ കാഴ്ചക്കാര്‍ക്കും ആവേശമായി. ബാങ്ക് പ്രസിഡന്റ് എസ്. വിദ്യാനന്ദകുമാര്‍, കിളിമാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എസ്. രാജലക്ഷ്മി അമ്മാള്‍, ബാങ്ക് സെക്രട്ടറി അജി, ബാങ്ക് ഭരണസമിതിയംഗങ്ങള്‍, കിളിമാനൂര്‍ പഞ്ചായത്ത് ജനപ്രതിനിധികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, പാടശേഖരസമിതി, കാര്‍ഷിക ഗ്രൂപ്പംഗങ്ങള്‍ എന്നിവരും ഞാറുനടീലില്‍ പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."