പരുത്തി വാങ്ങിയത് നാലു ലക്ഷം അധികം നല്‍കി
സ്വന്തം ലേഖകന്‍
തൊടുപുഴ: കൊവിഡ് മറയാക്കി കൂടിയ വിലയ്ക്ക് ആലപ്പി സ്പിന്നിങ് മില്‍ പരുത്തി വാങ്ങിയ സംഭവം വിവാദമാകുന്നു. കൊവിഡിനിടെ സംസ്ഥാനത്തെ പൊതുമേഖലാ സഹകരണ സ്പിന്നിങ് മില്ലുകളില്‍ അഴിമതി വ്യാപകമാണെന്ന ആരോപണം ഉയരുന്നതിനിടെയാണ് സംഭവം.
വ്യവസായ വകുപ്പിനു കീഴിലുള്ള ആലപ്പി കോ ഓപ്പറേറ്റീവ് സ്പിന്നിങ് മില്‍, തേനിയിലുള്ള സ്വകാര്യ കച്ചവടക്കാരില്‍ നിന്നും അസംസ്‌കൃത വസ്തുവായ പരുത്തി മാര്‍ക്കറ്റ് വിലയേക്കാള്‍ നാലു ലക്ഷം രൂപ അധികം നല്‍കി വാങ്ങിയെന്നാണ് പരാതി.
ശരിയായ ഇ ടെന്‍ഡര്‍ വിളിക്കാതെയാണ് ഈ ഇടപാട് നടന്നിരിക്കുന്നതെന്നാണ് വിവരം. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കോട്ടണ്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ (സി.സി.ഐ) പരുത്തിക്ക് വിലക്കുറവുള്ളപ്പോഴാണ് കൂടുതല്‍ വില നല്‍കി വാങ്ങിയത്. ഇതുസംബന്ധിച്ച് രജിസ്ട്രാറായ ഹാന്റ്‌ലൂം ഡയരക്ടര്‍ ആലപ്പി സ്പിന്നിങ് മില്‍ സി.ഇ.ഒ യോട് വിശദീകരണം തേടിയിട്ടുണ്ട്.
355 കിലോ തൂക്കം വരുന്ന പരുത്തി കെട്ടിനു കോട്ടണ്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ഇപ്പോള്‍ ടാക്‌സ് ഉള്‍പ്പെടെ 39,000 രൂപക്കാണ് വില്‍പന നടത്തുന്നത്. മറ്റു സ്വകാര്യ സ്ഥാപനങ്ങളുടെ മാര്‍ക്കറ്റ് വില 40,000 രൂപയാണ്.
എന്നാല്‍ തമിഴ്‌നാട്ടിലെ തേനിയിലുള്ള സ്വകാര്യ കച്ചവടക്കാരില്‍ നിന്നും കെട്ട് ഒന്നിന് 44,000 രൂപ വച്ച് 100 കെട്ടാണ് ആലപ്പി സ്പിന്നിങ് മില്‍ വാങ്ങിയിരിക്കുന്നത്. ഇതര സംസ്ഥാനങ്ങളിലെ സ്വകാര്യ കച്ചവടക്കാര്‍ ഉന്നതങ്ങളില്‍ സ്വാധീനം ചെലുത്തിയാണ് പല പൊതുമേഖലാ സ്പിന്നിങ് മില്ലുകളിലും എം.ഡി, സി.ഇ.ഒ തസ്തികയില്‍ സ്വന്തം താല്‍പര്യക്കാര്‍ക്ക് നിയമനം തരപ്പെടുത്തുന്നതെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്.
ആലപ്പി സ്പിന്നിങ് മില്‍ സി.ഇ.ഒ യുടെ പേരില്‍ വിജിലന്‍സ് കേസുകളും നിലവിലുണ്ട്. മൂന്ന് കേസുകള്‍ ഹൈക്കോടതിയിലും ഒരു കേസ് ലോകായുക്തയിലും മറ്റൊന്ന് വിജിലന്‍സ് കോടതിയിലും നടക്കുന്നുണ്ട്. തൃശൂര്‍ സഹകരണ സ്പിന്നിങ് മില്‍ എം.ഡിയുടെ അധിക ചുമതല കൂടി നല്‍കി ഇരട്ട പദവിയിലാണ് രണ്ട് വര്‍ഷമായി ഇദ്ദേഹം തുടരുന്നത്.
പൊതുമേഖലാ സഹകരണ സ്പിന്നിങ് മില്ലുകള്‍ക്ക് സര്‍ക്കാര്‍ 10 കോടി രൂപയോളം ഫണ്ട് ഈ അടുത്തകാലത്ത് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."