എ.എ.പിയുമായി സഖ്യമില്ല; ഡല്‍ഹിയില്‍ കോണ്‍ഗ്രസ് തനിച്ച്
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുമായി സഖ്യമില്ലെന്ന് കോണ്‍ഗ്രസ്. ഇന്നലെ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചക്കു ശേഷമാണ് ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷ ഷീല ദീക്ഷിത് എ.എ.പിയുമായി സഖ്യമില്ലെന്ന് വ്യക്തമാക്കിയത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന് വ്യക്തമാക്കിയ എ.എ.പി, ഇവിടുത്തെ ഏഴു സീറ്റുകളില്‍ ആറെണ്ണത്തിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
സഖ്യസാധ്യത അസാധ്യമാണെന്നു തിരിച്ചറിഞ്ഞാണ് ഡല്‍ഹിയില്‍ തനിച്ച് മത്സരിക്കാന്‍ കോണ്‍ഗ്രസും തീരുമാനിച്ചത്. ഏഴു സീറ്റുകളിലും ഉടന്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നും ഷീല ദീക്ഷിത് അറിയിച്ചു. ഡല്‍ഹിയിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ സംബന്ധിച്ച് രണ്ടര മണിക്കൂര്‍ നേരം ഷീല ദീക്ഷിത്, അജയ് മാക്കന്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കളുമായി രാഹുല്‍ ചര്‍ച്ച നടത്തിയിരുന്നു.
കോണ്‍ഗ്രസിന് രണ്ടു സീറ്റുകള്‍ നല്‍കാന്‍ എ.എ.പി തീരുമാനിച്ചിരുന്നു. അവരുടെ മറ്റൊരു ശക്തികേന്ദ്രമായ പഞ്ചാബിലും കോണ്‍ഗ്രസുമായി സഖ്യം സ്ഥാപിക്കാന്‍ അണിയറ നീക്കം നടന്നിരുന്നു. എന്നാല്‍ ഡല്‍ഹിയില്‍ കൂടുതല്‍ സീറ്റുകള്‍ വേണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ഉറച്ചുനിന്നു. കോണ്‍ഗ്രസും എ.എ.പിയും നിരവധി രഹസ്യ ചര്‍ച്ചകള്‍ നടത്തിയെങ്കിലും ഇതൊന്നും വിജയിക്കാത്ത സാഹചര്യത്തിലാണ് ഇരു പാര്‍ട്ടികളും വഴിപിരിഞ്ഞത്. കഴിഞ്ഞ മാസം നടന്ന പ്രതിപക്ഷ കൂട്ടായ്മയില്‍ എ.എ.പിയും കോണ്‍ഗ്രസും തമ്മിലുള്ള തര്‍ക്കം മാറ്റിവച്ച് ഡല്‍ഹിയില്‍ സഖ്യം സ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ എ.എ.പി തീരുമാനം വിരുദ്ധമായതോടെയാണ് കോണ്‍ഗ്രസും തനിച്ചു മത്സരിക്കാന്‍ തീരുമാനിച്ചത്.
അതേസമയം, പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ദേശ സുരക്ഷ, ദേശീയത എന്നീ കാര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രത്തിനാണ് ബി.ജെ.പി ഒരുക്കം തുടങ്ങിയിരിക്കുന്നത്.
കോണ്‍ഗ്രസ് നീക്കം ബി.ജെ.പിയെ സഹായിക്കാനെന്ന് എ.എ.പി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ സഖ്യസാധ്യത തള്ളി കോണ്‍ഗ്രസ് തനിച്ച് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിനെതിരേ എ.എ.പി ഏഴു സീറ്റുകളില്‍ രണ്ടെണ്ണം കോണ്‍ഗ്രസിന് നല്‍കാമെന്ന് അറിയിച്ചിട്ടും അവര്‍ സഖ്യത്തിന് തയാറാകാതെ വിട്ടുപോയത് ബി.ജെ.പിയെ സഹായിക്കാനാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്്‌രിവാള്‍ ആരോപിച്ചു.
ബി.ജെ.പിയും കോണ്‍ഗ്രസും തമ്മില്‍ രഹസ്യ ചര്‍ച്ച നടത്തി ധാരണയിലെത്തിയിരുന്നെന്ന് കെജ്്‌രിവാള്‍ ട്വീറ്റ് ചെയ്തു. രാജ്യം ഒന്നടങ്കം ആഗ്രഹിക്കുന്ന ഒന്നാണ് മോദി-ഷാ ദ്വയങ്ങള്‍ പരാജയപ്പെടണമെന്നത്. എന്നാല്‍ കോണ്‍ഗ്രസ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നയം ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കുന്നതിനുവേണ്ടിയാണ്. ബി.ജെ.പിയുമായി കോണ്‍ഗ്രസ് ചില രഹസ്യ ധാരണകള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് ലഭിച്ച വിവരം. ആ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും എതിരായി മത്സരിക്കുകയെന്നതാണ് എ.എ.പിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."